ന്യൂദെൽഹി:ഈ വർഷം നവംബറിൽ നടക്കുന്ന ബിഹാർ അസംബ്ലി തിരഞ്ഞെടുപ്പിൽ ജെഎംഎം മത്സരിക്കുമെന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രഖ്യാപനം ആർജെഡി നേതാവ് തേജസ്വി യാദവിനെ പരിഭ്രാന്തിയിലാഴ്‌ത്തി. മഹാസഖ്യവുമായി ചേർന്ന് മത്സരിക്കാനാണ് ഹേമന്ത് സോറന്റെ ശ്രമമെങ്കിലും തേജസ്വി യാദവ് ഇതിനെ സ്വാഗതം ചെയ്തിട്ടില്ല. മഹാസഖ്യത്തോടെപ്പം ചേർന്നായാലും തനിച്ചായാലും ജെഎംഎം ബിഹാറിൽ മത്സരിക്കാനെത്തുന്നത് തേജസ്വി യാദവിനെയും ആർജെഡിയെയും അത് പ്രതിസന്ധിയിലാക്കും. മഹാസഖ്യത്തോടൊപ്പം ചേർന്ന് മത്സരിക്കാനാണെങ്കിൽ 12 സീറ്റുകളാണ് ഹേമന്ത് സോറൻ ആവശ്യപ്പെടുന്നത്. ബിഹാറിന്റെ അതിർത്തി ജില്ലകളിൽ ജെഎംഎമ്മിന് നല്ല സ്വാധീനമുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. താരാപൂർ, കടോറിയ, മണിഹാരി, ഝജാ, ബങ്ക, താക്കൂർഗഞ്ച്, റുപൗലി, രാം പൂർ, ബൻമാൻഖി, ജമാൽപൂർ, പീർപതി, ചകായ് എന്നീ സീറ്റുകളാണ് ജെഎംഎം അവകാശവാദം ഉന്നയിക്കുന്ന സീറ്റുകൾ. ഝാർഖണ്ഡിലെ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് അധികാരത്തിലെത്തിയതോടെ ജെഎംഎമ്മിന് ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തങ്ങൾക്ക് പിന്തുണ വർദ്ധിച്ചിട്ടുണ്ടെന്ന് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ വക്താവ് മനോജ് പാണ്ഡെ പറഞ്ഞു. ബംഗാൾ, ബിഹാർ, ഒറീസ,ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ജെഎംഎമ്മിന്റെ സ്വാധീനം വർദ്ധിച്ചു. മനോജ് പാണ്ഡെ അവകാശപ്പെടുന്നു.
ഈ സാഹചര്യത്തിൽ ജെഎംഎമ്മിനെ മഹാസഖ്യത്തിൽ നിന്നും മാറ്റി നിർത്തിയാൽ അത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു. എന്നാൽ തങ്ങൾ മത്സരിക്കേണ്ട 12 മണ്ഡലങ്ങൾ അവർക്ക് വിട്ടുകൊടുത്താൽ ആർജെഡിക്കുള്ളിൽ ഉണ്ടാകാൻ പോകുന്ന ഭിന്നതയെ കുറിച്ച് തേജസ്വി ഭയപ്പെടുന്നുണ്ട്. ടിക്കറ്റ് ലഭിക്കാത്തവർ പാർട്ടിക്കുള്ളിൽ ഉയർത്തുന്ന കലാപക്കൊടി വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: