മലപ്പുറം: സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണെന്നും മുസ്ലിം ലീഗാണ് ഈ വാദം ഉയര്‍ത്തിയിരുന്നതെന്നും സിപിഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി.
മലപ്പുറം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘മതേതര മലപ്പുറം മുന്നോട്ട്’ എന്ന സ്മരണികയിലെ ‘സൗമ്യദീപ്തം പാലോളി ജീവിതം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പരാമര്‍ശമുള്ളത്.
മുസ്ലിം ലീഗിന് ജില്ലയില്‍ വലിയ അപ്രമാദിത്വം വരാനുണ്ടായ കാരണമെന്താണെന്ന ചോദ്യത്തിനാണ് മറുപടി പറയുകയായിരുന്നു പാലോളി. ‘മുസ്ലിംലീഗ് മുന്നോട്ട് വെച്ചത് പാകിസ്ഥാന് വാദമായിരുന്നു. ഏറ്റവും കൂടുതല്‍ ഈ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്നുമായിരുന്നു. അന്ന് മുസ്ലിം സമുദായത്തിലുള്ള പ്രമാണിമാരായ ആളുകള്‍ ബ്രിട്ടീഷ് അനുകൂലികളായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഉന്നയിച്ച പാകിസ്ഥാന് വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരില്‍നിന്ന് ലഭിച്ചു. അന്ന് മലബാറിലെ മുസ്ലിം ലീഗ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെ.എം. സീതി സാഹിബ്, സത്താര്‍ സേട്ടു എന്നിവരായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാന്‍ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തില്‍ മുസ്ലിംകള്ക്ക് ജീവിക്കാന്‍ കഴിയില്ല എന്നായിരുന്നു സീതി സാഹിബ് മലപ്പുറത്ത് നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തില്‍ പറഞ്ഞത്.
മുസ്ലിങ്ങള്‍ ഇടത്തോട്ട് മുണ്ടുടുക്കുന്നവരാണ്. ഹിന്ദുക്കള്‍ ആണെങ്കില്‍ വലത്തോട്ടും. മുസ്ലിങ്ങള്‍ക്ക് ചാണകം നജസാണ് ഹിന്ദുക്കള്‍ക്ക് പുണ്യവും. ഇങ്ങനെ വൈരുദ്ധ്യമുള്ളവര്‍ എങ്ങനെ ഒരുമിച്ച് ഭരണം നടത്തുമെന്ന ചോദ്യമായിരുന്നു സീതി സാഹിബിന് ഉണ്ടായിരുന്നത്. അതുകൊണ്ട് പാക്കിസ്ഥാന് കിട്ടിയേതീരു എന്നായിരുന്നു ലീഗിന്റെ ആവശ്യമെന്നും പാലോളി അഭിമുഖത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: