ഇന്‍ഡോര്‍: സമൃദ്ധ ഭാരതം ലക്ഷ്യമിട്ട് പോയ നൂറ് വര്‍ഷമായി ആര്‍എസ്എസ് പ്രവര്‍ത്തകള്‍ നടത്തുന്ന പ്രയത്നങ്ങള്‍ സമാജത്തിലുടനീളം പ്രതിഫലിക്കണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
രാഷ്ട്രപുനര്‍ നിര്‍മാണമെന്ന മഹായജ്ഞത്തില്‍ സമൂഹം പങ്ക് ചേരണം. ഞാന്‍, എന്റേത് എന്ന സ്വാര്‍ത്ഥത്തില്‍ നിന്ന് രാഷ്ട്രത്തിന് വേണ്ടി എന്ന ആത്മീയ ഭാവം എല്ലാവരും ഉള്‍ക്കൊള്ളണം. സമാജം സ്വയംസേവക ഭാവത്തില്‍ സംഘമയമാവുകയും സമൃദ്ധ ഭാരതത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ ആര് എസ് എസ് മാള്‍വ പ്രാന്ത ഘോഷ് വിഭാഗം സംഘടിപ്പിച്ച സ്വര ശതകം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സംഘത്തിന്റെ ഘോഷ് സംവിധാനം ഏതെങ്കിലും പ്രകടനങ്ങളില്‍ പ്രചോദനം കൊണ്ടുണ്ടായതല്ല. ദേശസ്നേഹത്താല്‍ പ്രചോദിതമായ സംഘ പ്രവര്‍ത്തനമാണ് അതിന്റെ ആധാരം. ഭാരതത്തിന് പുറത്തുള്ള സംഗീതം മനസിന്റെ വാസനകളെ ഉത്തേജിപ്പിക്കുന്നതാണെങ്കില് നമ്മുടെ സംഗീതം ശാന്തമാക്കുന്നതാണ്. സഹജവാസനകള്‍ ശാന്തമാകുമ്പോഴാണ് സച്ചിദാനന്ദമുണ്ടാകുന്നത്.
പ്രതിബദ്ധതയും അച്ചടക്കവും ശീലമാക്കാനാണ് സംഗീതത്തെ സംഘം ഘോഷ് രൂപത്തില്‍ ഉള്‍പ്പെടുത്തിയത്, മോഹന്‍ ഭാഗവത് പറഞ്ഞു. മനസിന് ആനന്ദം നല്കുന്ന ഭാരതീയ രാഗങ്ങള്‍ സ്വയംസേവകരില്‍ അച്ചടക്കത്തിനും നല്ല പ്രവൃത്തികള്‍ക്കും പ്രചോദനം നല്‍കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാള്‍വ പ്രാന്തത്തിലെ ത്രിദിന ഘോഷ് ശിബിരത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് സ്വരശതകം സംഘടിപ്പിച്ചത്. കബീര്‍ ഭജന്‍ ഗായകന് പദ്മശ്രീ കലുറാം ബാംനിയ, പ്രന്ത് സംഘചാലക് പ്രകാശ് ശാസ്ത്രി, വിഭാഗ് സംഘചാലക് മുകേഷ് മോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. 28 ജില്ലകളില്‍ നിന്ന് 868 വാദകര്‍ അന്‍പതിലധികം ഘോഷ് രചനകളുടെ തുടര്‍ച്ചയായ അവതരണം കൊണ്ട് സ്വരശതകം അവിസ്മരണീയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: