തിരുവനന്തപുരം: ഹൈസ്കൂള്‍ വിഭാഗം കുച്ചിപ്പുടി വേദിയില്‍ ആരഭി നൃത്തം ചെയ്യുമ്പോള്‍ സന്തോഷം അണപൊട്ടി ജ്യേഷ്ഠത്തിയായ ആതിരയുടെ ഹൃദയം തുടിക്കും, മനസ് നിറയും. ഏറെ കൊതിച്ചെങ്കിലും തനിക്ക് കഴിയാതെ പോയ നൃത്തച്ചുവടുകളാണ് നേര് അനുജത്തി ആടിത്തിമിര്‍ക്കുന്നത്. താന്‍ ആഗ്രഹിച്ചതുപോലെ തന്നെ അനുജത്തി കുച്ചിപ്പുടിയില്‍ എഗ്രേഡ് കരസ്ഥമാക്കിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ആതിരയ്ക്ക്.
മലപ്പുറം മൊറയൂര്‍ വിഎച്ച്എം എച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ടി. ആരഭി. ചേച്ചി ടി. ആതിര കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നഴ്സും. വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ നൃത്തം പഠിക്കണമെന്നും വേദികളില്‍ നിറയണമെന്നും ആതിരയും അഗ്രഹിച്ചിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവറായ അച്ഛന് അയ്യപ്പുവിനും അമ്മ മുത്തുവിനും അന്നത് സാധിച്ചുകൊടുക്കാനായില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ നൃത്തം അഭ്യസിപ്പിക്കുക എളുപ്പവുമായിരുന്നില്ല. അവസ്ഥ സ്വയം മനസിലാക്കി പരാതികളില്ലാതെ ആതിര വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിഎസ്സി വഴി നഴ്സായി ജോലിയും നേടി. തന്റെ സ്വപ്നം അനുജത്തിയിലൂടെ നേടിയെടുക്കുകയാണ് ആതിര.
നര്‍ത്തകി വി.പി. മന്‍സിയയുടെ ശിക്ഷണത്തിലാണ് ആരഭി നൃത്തം അഭ്യസിക്കുന്നത്. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ മത്സരത്തിനും മറ്റും ഗുരുനാഥ മന്‍സിയയും സഹായിക്കുന്നുണ്ട്. 7ന് ഭരതനാട്യത്തിലും ആരഭി മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: