തിരുവനന്തപുരം: കലോത്സവ വേദിയില്‍ ചാക്യാര്‍ കൂത്തിന്റെ വേഷവിധാനങ്ങളണിഞ്ഞ് മുഖത്ത് കണ്ണടയും ഒപ്പം ആ കുസൃതിച്ചിരിയും. പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദി ഏഴില്‍ കറങ്ങി നടക്കുന്നതിനിടെ വസിഷ്ഠിനെ തിരിച്ചറിഞ്ഞ കുട്ടികള്‍ ആര്‍ത്തുവിളിച്ചു.
”ഹായ് ‘മിന്നല്‍ മുരളി’യിലെ ജോസ്മോന്…” ഈ വേഷത്തിലും തന്നെ ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല. സിനിമയില്‍ മിന്നലേറ്റ ജെയ്സണിന്റെ ഉള്ളിലെ സൂപ്പര്‍ പവര്‍ തിരിച്ചറിയുമ്പോള്‍ മുഖത്തുണ്ടാകുന്ന അതേ സന്തോഷമായിരുന്നു വസിഷ്ഠനില്‍. ചാക്യാര്‍കൂത്ത് മത്സരത്തില്‍ പങ്കെടുക്കാനെത്തിയതാണ് ഈ കൊച്ചുതാരം. വാണിയം ടിആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ വസിഷ്ഠ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പൈകുളം നാരായണ ചാക്യാരുടെ കീഴില്‍ ചാക്യാര്‍ കൂത്ത് അഭ്യസിക്കുകയാണ്. ആദ്യമായാണ് സംസ്ഥാന തലത്തിലെത്തുന്നത്.
എയുപി സ്കൂളില്‍ പഠിക്കുമ്പോള്‍ ചുഡുവാലത്തൂരിലുള്ള തൃശ്ശൂര്‍ ജനഭേരി തിയറ്ററിന്റെ കലാക്യാമ്പില്‍ കവിത ചൊല്ലാന്‍ പോയതാണ് വസിഷ്ഠനെ അഭിനയത്തിലേക്കെത്തിച്ചത്. ധ്യാന്‍ ശ്രീനിവാസന്റ ‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തില്‍ ബാലതാരത്തെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് സിനിമയിലേക്കെത്തുന്നത്. പിന്നീട് ‘മിന്നല്‍ മുരളി’, ‘മാരിവില്ലിന് ഗോപുരം’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ചില വെബ് സീരിസുകളിലും അഭിനയിച്ചു. മമ്മൂട്ടിയുടെ കൂടെ പ്രധാന വേഷത്തിലെത്തുന്ന ‘ബസൂക്ക’, ‘കോപ്പ് അങ്കിള്‍’ തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. അധ്യാപകരായ പി. ഉമേഷ്, സി. ജ്യോതി എന്നിവരാണ് മാതാപിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: