കൊച്ചി:മറൈന്‍ ഡ്രൈവില്‍ ഫ്‌ലവര്‍ ഷോയിലുണ്ടായ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ഫ്‌ലവര്‍ ഷോ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി എന്നിവര്‍ക്കെതിരെയാണ് കേസ്.
അപകടത്തില്‍ പരിക്കേറ്റ ബിന്ദുവിന്റെ ഭര്‍ത്താവിന്റെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ക്രമീകരിച്ച നടപ്പാത അപകടത്തിനിടയാക്കിയെന്നാണ് പരാതി.
ഫ്‌ലവര്‍ ഷോ കാണാനെത്തിയ പള്ളുരുത്തി സ്വദേശിനി ബിന്ദു പ്ലാറ്റ്‌ഫോമില്‍ നിന്ന് വീണാണ് പരിക്കേറ്റത്. ഫ്‌ലവര്‍ ഷോയ്‌ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുകളുണ്ടായി. പവിലിയനില്‍ വെള്ളം കെട്ടി കിടന്നതിനാല്‍ വരുന്നവര്‍ക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകള്‍ പവിലിയനില്‍ നിരത്തിയത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുളള യുവതിക്ക് ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നല്‍കിയിരുന്നു.
എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജിസിഡിഎ) ചേര്‍ന്നാണ് മറൈന്‍ ഡ്രൈവില്‍ കൊച്ചി ഫ്‌ലവര്‍ ഷോ 2025 സംഘടിപ്പിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ പരിപാടികള്‍ക്കെതിരെ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ലവര്‍ ഷോ ഉടന്‍ നിര്‍ത്തിവെയ്‌ക്കാനായിരുന്നു നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: