തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ പൊതുമരാമത്തു വകുപ്പിലെ 31 പേരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരമാണ് നടപടി.
അനധികൃതമായി ഇവര്‍ പെന്‍ഷന്‍ കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി.അനര്‍ഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം ഉദ്യോഗസ്ഥര്‍ തിരിച്ചടയ്‌ക്കണം.പിഡബ്ല്യൂഡി ചീഫ് എഞ്ചിനിയര്‍ ആണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശിച്ചത് പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയത് ആരോഗ്യവകുപ്പിലാണ് (373 പേര്‍). പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരെന്ന് കണ്ടെത്തിയത്. മാസാമാസം 23 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക