ലക്നൗ : മഹാകുംഭമേളയ്‌ക്ക് ഇനി ദിവസങ്ങൾ മാത്രം. നാടിന്റെ നാനാഭാഗത്തുനിന്നും സന്യാസിമാർ പ്രയാഗ് രാജിലേയ്‌ക്ക് എത്തുകയാണ് . കഴിഞ്ഞ ദിവസം എത്തിയവരിൽ ഏറെ ശ്രദ്ധ ആകർഷിച്ച സന്യാസിയാണ് ഗീതാനന്ദ് ഗിരി ജി മഹാരാജ്. തലയിൽ 45 കിലോ ഭാരം വരുന്ന രുദ്രാക്ഷങ്ങളുമേന്തിയാണ് ഗീതാനന്ദ് ഗിരി എത്തിയത്.
ഗീതാനന്ദ് ഗിരി മഹാരാജ് തന്റെ തലയിൽ 2.25 ലക്ഷത്തിലധികം രുദ്രാക്ഷം ധരിച്ചിട്ടുണ്ട്. പഞ്ചാബിലെ കോട് കാ പുരയിൽ നിന്നുള്ള നാഗ സന്ന്യാസിയാണ് ഇദ്ദേഹം . ബാല്യത്തിലേ വീടുവിട്ടിറങ്ങിയതായി അദ്ദേഹം പറയുന്നു. അന്നുമുതൽ ജപവും തപസ്സും ചെയ്യുന്നു. സന്യാസിയായ ശേഷം പത്താം ക്ലാസ് വരെ സംസ്കൃത സ്കൂളിൽ പഠിച്ചു.
2019 ലെ അർദ്ധ കുംഭത്തിൽ, ത്രിവേണിസംഗമത്തെ സാക്ഷിയാക്കി 12 വർഷത്തിനുള്ളിൽ 1.25 ലക്ഷം രുദ്രാക്ഷം തലയിൽ ധരിക്കുമെന്ന് പ്രതിജ്ഞയെടുത്തുവെന്ന് ഗീതാനന്ദ് ഗിരി മഹാരാജ് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രതിജ്ഞ തുടങ്ങിയിട്ട് ആറ് വർഷം കഴിഞ്ഞു. തലയിലെ രുദ്രാക്ഷമാലകൾ കണ്ട് ഇപ്പോൾ ആളുകളും അദ്ദേഹത്തിന് രുദ്രാക്ഷമാലയും സമ്മാനിക്കാൻ തുടങ്ങി. ഇത് കാരണം, നിലവിൽ തന്റെ തലയിൽ ഏകദേശം 2.25 ലക്ഷം രുദ്രാക്ഷങ്ങൾ ഉണ്ടെന്നും അതിന്റെ ഭാരം ഏകദേശം 45 കിലോഗ്രാം ആണെന്നും ഗീതാനന്ദ് ഗിരി മഹാരാജ് പറയുന്നു.
പുലർച്ചെ അഞ്ച് മണിക്ക് കുളികഴിഞ്ഞ് മന്ത്രോച്ചാരണങ്ങളോടെ രുദ്രാക്ഷങ്ങൾ തലയിലേന്തും. തുടർന്ന് 12 മണിക്കൂർ നീണ്ട ധ്യാനത്തിനു ശേഷം മന്ത്രോച്ചാരണങ്ങളോടെ രുദ്രാക്ഷങ്ങൾ താഴെ ഇറക്കും. മഹാ കുംഭത്തിന് ശേഷം വരുന്ന അർദ്ധ കുംഭത്തിൽ ത്രിവേണി സംഗമത്തിൽ ഈ രുദ്രാക്ഷങ്ങൾ ഒഴുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: