കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി. ശനിയാഴ്ച രാവിലെ 11 മണിയോടെ ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിലുളള ചികിത്സ തുടരും. എംഎൽഎയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്.
ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് നിലനിൽക്കുന്നെങ്കിൽക്കൂടിയും ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കൂടാതെ കൗണ്ടുകളും വൈറ്റൽസും സ്റ്റേബിളായതിനാലും വെന്റിലേറ്ററിൽ നിന്ന് മാറ്റി തീവ്രപരിചരണം തുടരാൻ വിദഗ്ധസംഘം തീരുമാനിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഉമ തോമസ് മക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
എം.എൽ.എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വാടകവീട്ടിൽ നിന്ന് എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്നതായിരുന്നു കുറിപ്പ്. പാലാരിവട്ടം പൈപ്പ് ലൈൻ ജങ്ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മറ്റൊരു വാടക വീട്ടിലാണ് ഉമ തോമസും കുടുംബവും താമസിക്കുന്നത്. സ്വന്തം വീട്ടിലേക്കു മാറുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ളതാണ് കുറിപ്പ്. വാടകവീട്ടിലെ എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുണ്ടായിരുന്നു.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 18 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമ തോമസ് എം.എൽ.എ.യ്‌ക്ക് ഗുരുതര പരിക്കേൽക്കുന്നത്. അതേസമയം, നൃത്തപരിപാടി വിവാദത്തിൽ ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായതായി ചെയർമാൻ കെ ചന്ദ്രൻപിള്ള പ്രതികരിച്ചു. സംഘാടനത്തിൽ വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടർന്ന് ഒരു ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു.
അസി എക്സിക്യൂട്ടീവ് എൻജിനീയർ എസ് എസ് ഉഷയെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. പരിപാടിക്ക് അനുമതി വാങ്ങുന്ന കാര്യത്തിലടക്കം സംഘാടകർ വീഴ്ച വരുത്തിയെന്നും കോർപറേഷന്റെ അനുവാദം ഉൾപ്പെടെ വാങ്ങേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി. സംഭവം ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയൻ അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: