India

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 1000 കോടി കണ്ടുകെട്ടി; വാര്‍ഷിക വരുമാനം 15,000 കോടി

തൃണമൂലിന് 542 കോടി; ഡിഎംകെയ്ക്ക് 503 കോടി

Published by

ന്യൂദല്‍ഹി: സിപിഎം സഹയാത്രികനും പാര്‍ട്ടിയുടെ പ്രധാന ഫണ്ടുദാതാക്കളില്‍ ഒരാളുമായ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഒരു വര്‍ഷത്തെ ലോട്ടറി വിറ്റുവരവ് 15,000 കോടിയുടേതെന്ന് ഇ ഡി വെളിപ്പെടുത്തി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2014ല്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുവരെ മാര്‍ട്ടിന്റെ 1000 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയതായും ഇതില്‍ 622 കോടി ഇ ഡി കൊച്ചി യൂണിറ്റും 409 കോടി കൊല്‍ക്കത്ത യൂണിറ്റുമാണ് കണ്ടുകെട്ടിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഈ സ്വത്ത് ലോട്ടറി വില്‍പ്പനയില്‍ നിന്നുണ്ടാക്കിയതാണ്.

സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് മാര്‍ട്ടിന്‍ തട്ടിപ്പു നടത്തിയത്. വില്‍ക്കാത്ത ടിക്കറ്റുകള്‍ക്കു സമ്മാനം നല്കി. നിയമപ്രകാരം ഈ ടിക്കറ്റുകള്‍ ജനങ്ങള്‍ക്കു വില്‍ക്കുകയോ സംസ്ഥാന സര്‍ക്കാരുകള്‍ക്കു തിരികെ നല്കുകയോ ചെയ്തില്ല. പിന്നീട് സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കാണിച്ച് വസ്തുക്കള്‍ വാങ്ങുകയായിരുന്നു.

ചട്ടങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കാത്തതും വില്‍ക്കാത്തതുമായ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ അടങ്ങിയ ലോട്ടറിക്കെട്ടുകളും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.വാര്‍ഷിക വിറ്റുവരവ് 15,000 കോടി കവിഞ്ഞിട്ടും, മാര്‍ട്ടിന്റെ കമ്പനി ചെറിയ ലാഭം മാത്രമാണ് കാണിച്ചിരുന്നത്. മാര്‍ട്ടിന്റെ ലോട്ടറി ബിസിനസിന്റെ ഭൂരിഭാഗവും സിക്കിം സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ വില്‍പനയില്‍ നിന്നായിരുന്നു. 90% വില്‍പന പശ്ചിമ ബംഗാളിലായിരുന്നു. മാര്‍ട്ടിനും കമ്പനിക്കുമെതിരേ നിരവധി കേസുകള്‍ വ്യത്യസ്ത ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ട്ടിന്റെ തട്ടിപ്പു മൂലം 1,500 കോടിയുടെ നഷ്ടമുണ്ടായതായി മേഘാലയ സര്‍ക്കാരും പരാതി നല്കിയിട്ടുണ്ട്.

അതിനിടെ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും നവംബറില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി കണ്ടെടുത്തിരുന്നു. മാര്‍ട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകളിലൂടെ വന്‍തുക സംഭാവന നല്കിയതായി കണ്ടെത്തി. 2019നും 2024നുമിടെ 1,368 കോടി രൂപ സംഭാവന നല്കിയപ്പോള്‍ ഇതില്‍ 542 കോടി രൂപ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. ഡിഎംകെയ്‌ക്ക് ആകെ 632 കോടി ലഭിച്ചപ്പോള്‍ ഇതില്‍ 503 കോടി രൂപയും മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്നാണെന്നാണ് വിവരം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക