മിത്രമെന്നത് ഏറെ അര്ത്ഥവ്യാപ്തിയുള്ളൊരു ശബ്ദമാണ്. സന്തോഷത്തിലും സന്താപത്തിലും ഒപ്പമുള്ളവരാണ് മിത്രം. ഉയര്‍ച്ചയിലും താഴ്ചയിലും അവര്‍ ഒപ്പമുണ്ടാകും. പ്രതിസന്ധികളില്‍ തുണയാകും. വീഴ്ചയില്‍ കൈപിടിച്ചുയര്‍ത്തും. വിഷമഘട്ടങ്ങളില്‍ ചാരത്തണഞ്ഞ് ആശ്വാസമേകും. ഒരുവന് എപ്പോഴാണൊരു മിത്രത്തിന്റെ ആവശ്യകത ഏറ്റവുമധികം ഉണ്ടാവുക? അവന്റെ ജീവിതത്തിലെ പ്രയാസമേറിയ ഘട്ടങ്ങളിലെന്ന് നിസ്സംശയം പറയാം. അങ്ങനെയെങ്കില്‍ പ്രയാസങ്ങളുടെ മധ്യത്തില്‍ നട്ടംതിരിയുന്ന മിത്രതയുടെ അനിവാര്യതയുള്ള വലിയൊരു സമൂഹം നമുക്ക് ചുറ്റുമുണ്ട്. വിവിധങ്ങളായ ശാരീരിക മാനസിക ബൗദ്ധിക വെല്ലുവിളികളില്പ്പെട്ടുഴറുന്ന ലക്ഷാവധി വരുന്ന ദിവ്യാംഗരായ സോദരരാണവര്‍. മിത്രമെന്ന വാക്കിനെ അന്വര്‍ത്ഥമാക്കി അതിലെ വലിയൊരു വിഭാഗത്തിന്റെ ജീവിതത്തെ ആകമാനം വിപ്ലവകരമായി മാറ്റിമറിച്ച ഒരു മഹത് വ്യക്തിത്വത്തിന്റെ ജന്മദിനം ജനുവരി 4 ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോകം മുഴുവന്‍ ആചരിക്കുകയാണ്.
കാഴ്ചരഹിതരായ സോദരങ്ങള്‍ക്ക് മുമ്പില്‍ അടഞ്ഞുകിടന്നിരുന്ന അറിവിന്റെ വാതായനങ്ങള്‍ തുറന്നുനല്‍കിയ ബ്രയ്ലി ലിപിയുടെ ഉപജ്ഞാതാവ് കൂടിയായ ലൂയിസ് ബ്രയ്ലിന്റെ ജന്മദിനമാണിന്ന്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം നാല് കോടിയിലധികം പേര് കാഴ്ചരഹിതരായുണ്ട്. 2022 ലെ കണക്കനുസരിച്ച് ഭാരതത്തില്‍ മാത്രം കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ എണ്ണം ഒരു കോടിയിലധികമാണ്. ഇരുളടഞ്ഞുപോയ ഇത്രയും വലിയൊരു സമൂഹത്തിന്റെ ജീവിതത്തെ സ്വന്തം കണ്ടുപിടുത്തത്തിലൂടെ കൈപിടിച്ചുയര്‍ത്തിയ ലൂയിസ് ബ്രയ്ലി 1809 ജനുവരി 4 ന് ഫ്രാന്‍സില്‍ ജനിച്ചു. അഞ്ചുവയസ്സുള്ളപ്പോള്‍ അച്ഛന്റെ പണിശാലയില്‍ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ലൂയിസ്സിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. തുടര്‍ന്ന് ലൂയിക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പരിചരണം ലഭിച്ചു. സ്പര്‍ശനത്തിലൂടെ തനിക്ക് ചുറ്റുമുള്ളതിനെ തിരിച്ചറിയാന്‍ അവന് പഠിച്ചു. പലകയില്‍ ആണികള്‍ തറച്ച് സ്പര്‍ശനത്തിലൂടെ വളരെ ക്ഷമയോടെ എന്നാല്‍ ശ്രമകരമായി അക്ഷരങ്ങള്‍ പഠിച്ചു.
പത്താമത്തെ വയസ്സില്‍ പാരീസിലെ റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബ്ലൈന്‍ഡ് എന്ന പ്രശസ്തമായ സ്ഥാപനത്തില്‍ ബ്രയ്ലി സ്കോളര്‍ഷിപ്പ് കരസ്ഥമാക്കി. കാഴ്ചവെല്ലുവിളി മൂലമുളള പ്രതിസന്ധികളെ മറികടക്കാന്‍ ലൂയിസ് പ്രയത്നമാരംഭിച്ചത് ഇവിടെ പഠിക്കുമ്പോഴായിരുന്നു. കാഴ്ചരഹിതര്ക്ക് എഴുതാനും വായിക്കാനുമുള്ള പുതിയ സംവിധാനം വികസിപ്പിക്കുന്നതിലാണ് ലൂയിസിന്റെ കഠിനപ്രയത്നം ചെന്നവസാനിച്ചത്. അക്കാലത്ത് ഫ്രഞ്ച് മിലിട്ടറി ഇരുട്ടില്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന, മനസ്സിലാക്കാന്‍ പ്രയാസമായ നൈറ്റ് റൈറ്റിങ് എന്ന വിദ്യ പരിചയപ്പെട്ടതോടെയാണ് പുതിയ സംവിധാനം രൂപപ്പെടുത്താനുള്ള പ്രചോദനം ലൂയിസിന് ലഭിച്ചത്. ഈ എഴുത്തു രീതി പഠിച്ച ലൂയിസ് അതിന്റെ പരിമിതികളും മനസ്സിലാക്കി. അതേ തുടര്‍ന്നാണ് പ്രാപ്യമായ ഒരു പുതിയ രീതി വികസിപ്പിക്കാന്‍ രാപകല്‍ പരിശ്രമമാരംഭിച്ചത്. ആറ് ഡോട്ടുകളെ ക്രമീകരിച്ച് അക്ഷരങ്ങളേയും അക്കങ്ങളേയും ചിഹ്നങ്ങളേയും എന്തിന് മ്യൂസിക് നൊട്ടേഷനുകള്‍ പോലും എഴുതാനാവുന്ന പുതിയ രീതി 1829 ല്‍ അവതരിപ്പിച്ചു. പരീക്ഷണാര്‍ത്ഥം അദ്ധ്യാപകര്‍ ഒരു പത്രവാര്‍ത്ത പുതിയ രീതിയില്‍ ലൂയിസിനെ കൊണ്ട് പകര്ത്തിയെഴുതിക്കുകയും അത് വായിപ്പിക്കുകയും ചെയ്തു. കാഴ്ച രഹിതരായ എല്ലാവര്ക്കും താന്‍ വികസിപ്പിച്ച പുതിയ വിദ്യ പ്രയോജനപ്പെടണം എന്ന് ലൂയിസ് ആഗ്രഹിച്ചെങ്കിലും ആദ്യഘട്ടത്തില്‍ അതംഗീകരിക്കപ്പെട്ടില്ല. 1852 ല്‍ നാല്‍പ്പത്തി മൂന്നാമത്തെ വയസ്സില്‍ ലൂയിസ് ബ്രയ്ലി അന്തരിച്ചു.
ലൂയിസിന്റെ കാലശേഷമാണ് അദ്ദേഹം വികസിപ്പിച്ചെടുത്ത വിദ്യ ഫ്രഞ്ച് സര്‍ക്കാര്‍ അംഗീകരിച്ചത്. ആദരസൂചകമായി ബ്രയ്ലി ലിപി എന്നതിന് നാമകരണവും ചെയ്തു. 1932 ഓടു കൂടി ലോകമാകെ ഈ വിദ്യ പ്രചാരത്തിലായി. കാഴ്ചയില്ലാത്തവര്‍ക്ക് ഏത് ഭാഷയിലും എഴുതാനും വായിക്കാനും പറ്റും വിധം സമര്‍ത്ഥമായി തയ്യാറാക്കപ്പെട്ട ബ്രയ്ലി ലിപി ഉന്നതവിദ്യാഭ്യാസം നേടാനും സാഹിത്യ സാമൂഹ്യരംഗങ്ങളില്‍ ശോഭിക്കാനും കാഴ്ചയുള്ളവര്‍ക്ക് തുല്യം അറിവും പാണ്ഡിത്യവും നേടാനും അവരെ സഹായിച്ചു. ഈ മുന്നേറ്റം തിരിച്ചറിഞ്ഞ് ആദരസൂചകമായി 2019 മുതല്‍ ലൂയിസ് ബ്രെയ്ലിയുടെ ജന്മദിനമായ ജനുവരി 4 ലോക ബ്രയ്ലി ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനമെടുത്തു.
കാഴ്ചവെല്ലുവിളി നേരിടുന്നവരുടെ ജീവിതത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധയും കരുതലുമെത്തിക്കാന് കൂടി ഈ ദിനാചരണം ലക്ഷ്യമിടുന്നു. സ്വന്തം കാഴ്ച നഷ്ടപ്പെട്ടിട്ടും പ്രതിസന്ധിയില്‍ തളരാതെ ലൂയിസ് താനുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ നന്മലാക്കാക്കി മിത്രതാപൂര്വ്വം പ്രയത്നിച്ചപ്പോള്‍ അതിനു വേണ്ടി സ്വയമര്പ്പിച്ചപ്പോള് സംഭവിച്ച ഗുണപരമായ മാറ്റങ്ങളാണിത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജന്മദിനം നമ്മെ മിത്രതയുടെ പ്രാധാന്യമോര്മ്മിപ്പിക്കുന്നു. നാമോരോരുത്തരും ദിവ്യാംഗ സോദരര്‍ക്ക് മിത്രമായി അവര്‍ക്കൊപ്പം ചേര്‍ന്ന് നിന്നാല്‍ തീര്‍ച്ചയായും അരികുവത്കരിക്കപ്പെടാതെ രാഷ്ട്രജീവിതത്തിന്റെ മുഖ്യധാരയിലേക്കവരെ നയിക്കാനാകുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ജനുവരി 4 പൊതുസമൂഹത്തിന് നല്‍കുന്നത്. ഭാരതത്തിലെ ദിവ്യാംഗസമാജത്തിന്റെ ക്ഷേമമുറപ്പാക്കി രാഷ്ട്ര നിര്‍മ്മാണത്തില്‍ അവരെയും ഭാഗഭാക്കാക്കാന്‍ വേണ്ടിയാണ് 2008 ല്‍ സക്ഷമ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ കാഴ്ചരഹിതനായ ഒരു സമാജസേവകന്റെ മിത്രതയാണ് സക്ഷമയുടെ പിറവിക്കും കാരണമായത്. ദിവ്യാംഗക്ഷേമത്തിന് വേണ്ടി ദേശവ്യാപകമായി വിവിധ ശാക്തീകരണ പരിപാടികള്‍ നടത്തിവരുന്ന സക്ഷമയുടെ നേതൃത്വത്തില്‍ ബ്രയ്ലി ദിനമായ ഇന്നുമുതല്‍ ഒരു മാസം നീണ്ടു നില്ക്കുന്ന ദിവ്യാംഗമിത്രം പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
വ്യക്തിയിലും, സമാജത്തിലും, സംഘടനകളിലും, സ്ഥാപനങ്ങളിലും സര്‍ക്കാരിലും, നിയമസംവിധാനങ്ങളിലുമെല്ലാം ദിവ്യാംഗ സമാജത്തോട് മിത്രതാപൂര്ണമായ മനോഭാവമുണ്ടായാലേ പ്രയാസങ്ങളില്‍ പെട്ടുഴറുന്ന ഈ സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനാകൂ. ഈ ലക്ഷ്യത്തോടെ ദിവ്യാംഗസമാജം നേരിടുന്ന വിഷമതകളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ച് സക്ഷമയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ സേവനപദ്ധതികളില്‍ ഓരോരുത്തരുടേയും തനമനധനപൂര്‍വകമായ പങ്കാളിത്തം ക്ഷണിക്കുന്നു. ദിവ്യംഗമിത്രം പദ്ധതിയിലംഗമായി വെല്ലുവിളികളെ നേരിടുന്നവര്‍ക്ക് ആത്മവിശ്വാസവും കരുത്തും പ്രദാനം ചെയ്യണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
(സക്ഷമ സംസ്ഥാന ജോ. സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: