പാലക്കാട്: വല്ലപ്പുഴയില്‍ അഞ്ചു ദിവസം മുമ്പ് കാണാതായ 15 കാരിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്. കുട്ടിയെ കണ്ടെത്താന്‍ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന നടത്തുകയാണ്.
ഡിസംബര്‍ 30 ന് രാവിലെ വീട്ടില്‍ നിന്നും ട്യൂഷന്‍ സെന്ററിലേക്കിറങ്ങിയതായിരുന്നു ചൂരക്കോട് അബ്ദുല്‍ കരീമിന്റെ മകള്‍ ഷഹന ഷെറിന്‍. ഒന്‍പതു മണിയോടെ ട്യൂഷന്‍ ക്ലാസ് വിട്ട ശേഷം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോട് ബന്ധുവീട്ടില്‍ പുസ്തകമെടുക്കാനെന്ന് പറഞ്ഞ് ഷഹന പോയി. കൂട്ടുകാരികള്‍ക്ക് മുന്നില്‍ നിന്നു തന്നെ വസ്ത്രം മാറി. സമയമായിട്ടും സ്‌കൂളിലെത്താതായതോടെ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചു.
രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പൊലീസിന് ലഭിച്ചെങ്കിലും പരിശോധനയില്‍ കുട്ടിയെ കണ്ടെത്താനായില്ല. മുഖം മറച്ചുളള വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്നതിനാല്‍ ഷഹന തന്നെയാണോയെന്ന് പൊലീസിന് ഉറപ്പിക്കാനായിട്ടില്ല.
അന്ന് തന്നെ പരശുറാം എക്‌സ്പ്രസില്‍ കുട്ടി കയറിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷന്‍ മുതല്‍ തിരുവനന്തപുരം വരെ അന്വേഷണം നടത്തി. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. എന്നാന്‍ തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും വസ്ത്രം മാറി മുഖം മറച്ചാണ് കുട്ടി പോയതെന്നതും അന്വേഷണത്തിന് വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: