ന്യൂദെൽഹി:ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ പ്രമുഖ നേതാവും എൻഡിഎയുടെ കടുത്ത വിമർശകനുമായ സഞ്ജയ് റാവത്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ മുക്തകണ്ഠം പ്രശംസിച്ചത് രാഷ്‌ട്രീയ വൃത്തങ്ങളിൽ വലിയ അഭ്യുഹങ്ങൾക്ക് ഇടയാക്കി. സംസ്ഥാനത്തെ ഗഡ്ചിരോളജി ജില്ലയെ നക്സൽ വിമോചന ജില്ലയാക്കി മാറ്റാനുള്ള ഫഡ്നാവിസിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗഡ്ചിറോളി ജില്ലയിൽ കൂട്ടത്തോടെ കീഴടങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പുകഴ്‌ത്തി സഞ്ജയ് റാവത്തിന്റെ പ്രതികരണം പുറത്ത് വന്നത്. താൻ മുമ്പ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും നക്സൽ ബാധിത ജില്ലയായ ഗഡ്ചിറോളിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം നടത്തുന്ന സംരഭങ്ങളെ അഭിനന്ദിക്കണമെന്നും റാവത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഫഡ്നാവിസിനെ പ്രശംസിച്ചു കൊണ്ട് അദ്ദേഹം സാമ്നയിൽ എഡിറ്റോറിയലിലും കാര്യങ്ങൾ വിശദീകരിച്ചു. സർക്കാർ നല്ല ജോലി ചെയ്തതിനാൽ ഞങ്ങൾ അദ്ദേഹത്തെ പ്രശംസിച്ചു. നക്സലൈറ്റുകൾ കീഴടങ്ങുകയും ഭരണഘടനക്കനുസരിച്ച പാത തിരഞ്ഞെടുക്കുകയും ചെയ്തതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. സഞ്ജയ് റാവത്ത് വ്യക്തമാക്കി.
മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും അമ്മാവൻ ശരദ് പവാറും തമ്മിൽ അനുരഞ്ജനത്തിനുള്ള സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഫഡ്നാവിസിനെ റാവത്ത് പ്രശംസിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പവാർ കുടുംബത്തിന്റെ പുന:സമാഗമത്തിനായി പ്രാർത്ഥിക്കുന്നതായി അജിത് പവാറിന്റെ അമ്മ ബുധനാഴ്‌ച്ച വ്യക്തമാക്കിയത് അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നിരുന്നു. 2019 ൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ആഴ്‌ച്ചകൾക്ക് മുമ്പ് ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിനെ സന്ദർശിച്ച് ചർച്ച നടത്തിയതും ഏറെ ഊഹാപോഹങ്ങൾക്ക് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: