ന്യൂദെൽഹി: ഭാര്യ പർദ്ദ ധരിക്കാത്തത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. പർദ്ദ ഉപേക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ തീരുമാനം എങ്ങനെയാണ് ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാനാവുകയെന്ന് ജസ്റ്റിസ് സൗമിത്ര ദയാൽ സിംഗ്, ജസ്റ്റിസ ഡൊണാദി രമേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു. എന്നാൽ 23 വർഷത്തിലേറെയായി വേർപിരിഞ്ഞ് താമസിക്കുന്നുവെന്ന കാരണത്താൽ കോടതി വിവാഹമോചനം അനുവദിച്ചു.
പരമ്പരാഗത ആചാരങ്ങൾ പാലിക്കാൻ ഭാര്യ വിസമ്മതിച്ചതും അവൾ സ്വതന്ത്രമായി ജീവിക്കുന്നതും പർദ്ദ ധരിക്കാത്തതും വിവാഹമോചനത്തിനുള്ള കാരണമായി നിശ്ചയിക്കാനാവില്ലെന്ന സുപ്രധാന നിരീക്ഷണമാണ് അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയത്. ഭർത്താവ് എഞ്ചിനീയറും ഭാര്യ സർക്കാർ സ്കൂളിലെ അദ്ധ്യാപികയുമായിരിക്കെ ഈ ആധുനിക കാലത്ത് ഭാര്യയുടെ നടപടി ഭർത്താവിനോടുള്ള ക്രൂരതയായി കാണാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 1990 ൽ വിവാഹിതരായ ദമ്പതികൾ 1996 വരെ മാത്രമാണ് ഒരുമിച്ച് താമസിച്ചത്. എന്നാൽ വിവാഹമോചനത്തിന് ഭാര്യ സമ്മതിക്കാത്തതിനെ തുടർന്ന് ഇത് നീണ്ടുനിന്ന വ്യവഹാരത്തിലേക്ക് നയിച്ചു. ഭാര്യയുടെ സ്വതന്ത്രമായ തീരുമാനങ്ങളും പ്രവൃത്തികളും തന്നോടുള്ള മാനസികമായ ക്രൂരതയാണെന്ന ഭർത്താവിന്റെ വാദം ഹൈക്കോടതി തള്ളി. എന്നാൽ നീണ്ട 23 വർഷത്തെ വേർപിരിയലും അനുരഞ്ജനത്തിന് ഭാര്യ തയ്യാറാകാത്തതും വിവാഹമോചനം അനുവദിക്കാനുള്ള കാരണമാണെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: