കോഴിക്കോട്: അമേരിക്കൻ താൽപര്യത്തിൽ വിശാലമായ ഡീപ് സ്‌റ്റേറ്റ് ഭാരതത്തിൽ പ്രവർത്തിക്കുന്നുവെന്നത് സത്യമാണെന്നും നിഴൽപോലെ ആയതിനാൽ ആരേയും പിടികൂടാൻ എളുപ്പമല്ലെന്നും വിദേശകാര്യ നയവിദഗ്ധ ഡോ. ശാന്താ നെടുങ്ങാടി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന വാർഷിക സമ്മേളനത്തിന് മുന്നോടിയായി ഡീപ് സ്‌റ്റേറ്റിന്റെ ഇടപെടൽ ഭാരതത്തിൽ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഒരു രാജ്യത്തിന്റെ എല്ലാ തലത്തിലും തരത്തിലുമുള്ള സുരക്ഷയെയും ബാധിക്കുന്ന പ്രവർത്തനമായ ഡീപ് സ്‌റ്റേറ്റിന്റെ പ്രവർത്തനം ഓരോ കലത്തും രീതി മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക കേന്ദ്രീകരിച്ച് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന ഈ സംവിധാനം ഇപ്പോൾ ആഗോള ശൃംഖലയായിക്കഴിഞ്ഞുവെന്ന് അവർ വിശദീകരിച്ചു.
ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത ഇക്കൂട്ടരിൽ ആരേയും പിടികൂടാൻ കഴിയില്ല. കാരണം നിഴൽ ഉണ്ടെങ്കിലും നിഴലിനെ തൊട്ടറിയാൻ കഴിയാത്തതുപോലെയാണ്; നിഴലിന് പിന്നിലായിരിക്കുമല്ലോ യഥാർത്ഥ ആൾ. 1960 കളിൽത്തന്നെ ഭാരതത്തെ ലക്ഷ്യമിട്ട് അമേരിക്ക ഈ ഡീപ് സ്‌റ്റേറ്റ് സംവിധാനം കൂടുതൽ ശക്തമാക്കി.
അതിൽ ശക്തമായ സൈനിക, ബുദ്ധികേന്ദ്ര, സാമ്പത്തിക, ഉദ്യോഗസ്ഥ ശക്തികൾ ഉണ്ടായിരുന്നു. അവർ ആര് ഭാരതം ഭരിച്ചാലും ഈ രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഭാരത്തിന്റെ യഥാർത്ഥ ശക്തി അന്നേ് തിരിച്ചറിഞ്ഞതിനാൽ ഈ രാജ്യത്തെക്കുറിച്ച് മോശം പ്രചാരണങ്ങൾ നടത്തി. യുഎസിനെതിരേ നിൽക്കുന്നവരെയെല്ലാം അമേരിക്ക കേന്ദ്രീകരിച്ച ഡീപ് സ്‌റ്റേറ്റ് ലക്ഷ്യമിട്ടിരുന്നു. പിന്നീട് ആഗോളവൽക്കരണം വന്നതോടെ ഡീപ് സ്‌റ്റേറ്റിന്റെ പ്രവർത്തനം പലരീതിയിൽ പലതരത്തിൽ വ്യാപകമായി, ഡോ.ശാന്താ നെടുങ്ങാടി പറഞ്ഞു.
1998 ഭാരതം ആണവ രാജ്യമായതോടെ അമേരിക്ക ഏറെ പേടിച്ചു. എന്നാൽ വാജ്‌പേയി സർക്കാരിനു ശേഷം തുടർന്നവന്ന യുപിഎ സർക്കാർ, രാജ്യം ആണവശക്തിയാണെങ്കിലും അമേരിക്കയ്‌ക്കും മറ്റും അനുസരിച്ച് തുടർന്നു. എന്നാൽ, നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ നയനിലപാടുകളിലൂടെ രാജ്യം വളർന്നുയർന്നു. മോദി സർക്കാരിനെ അട്ടിമറിച്ച് ആ നടപടികളുടെ തുടർച്ച ഇല്ലാതാക്കാൻ ഡീപ് സ്‌റ്റേറ്റ് ശ്രമിച്ചു. 2019 ൽ അത് നടന്നില്ല.
ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങൾ, പഞ്ചാബുകാർക്കുപോലും വേണ്ടാത്ത ഖാലിസ്ഥാൻ വാദം, കട്ടിങ് സൗത്ത് പോലുള്ള വിഷയങ്ങൾ, തെറ്റായ പ്രചാരണങ്ങൾ ഇതൊക്കെ ഡീപ് സ്‌റ്റേറ്റിന്റെ പ്രവർത്തനമാണ്. ഭാരതത്തിന്റെ നാണയമായ ‘റുപേ’ നാളെ അരേിക്കൻ ഡോളറിന് ഭീഷണിയാകുമെന്ന ആശങ്കയും ഡീപ് സ്‌റ്റേറ്റ് പ്രവർത്തനത്തിന്റെ കാരണമാണ്.
യുഎഇയും റഷ്യയും പോലും റുപേയെ അനുകൂലിക്കുന്നു. ഡോളറിനെ മുമ്പ് വെല്ലുവിളിച്ച ഒരാൾ ഗദ്ദാഫി ആയിരുന്നു. ഡീപ് സ്‌റ്റേറ്റ് ഭാരതത്തിന്റെ വിവിധ സ്രോതസ്സുകളെ മൂന്നു തരത്തിൽ ഇപ്പോൾ ലക്ഷ്യമിടുന്നു. സാമ്പത്തിക മേഖലയിൽ, സാമൂഹ്യ മേഖലയിൽ, സൗഹൃദരാജ്യങ്ങളിലൂടെ. നമ്മുടെ രാജ്യത്തെ ജനങ്ങളെത്തന്നെ തമ്മിലടിപ്പിക്കുകയാണ് അതിന്റെ ഒരു വഴി.
ആദ്യം മാലിദ്വീപിൽ, പിന്നെ ശ്രീലങ്കയിൽ, ബംഗ്ലാദേശിൽ കണ്ടത് അതാണ്. ഡീപ് സ്‌റ്റേറ്റില്ല, അത് സങ്കൽപ്പം മാത്രമാണ് എന്നു പറയുന്നത് തെറ്റാണ്. സമ്പന്നന്മാർ കൊട്ടാരങ്ങളിലിരുന്ന് അതിന്റെ കളികാണുകയാണ്, സാധാരണക്കാരാണ് അതിന്റെ പ്രശ്‌നങ്ങൾ തെരുവുകളിൽ അനുഭവിക്കുന്നത്, ഡോ.ശാന്താ നെടുങ്ങാടി പറഞ്ഞു.
ഡീപ് സ്‌റ്റേറ്റിന്റെ പ്രവർത്തനങ്ങളുടെ വ്യാപ്തിയും അതിലെ കണ്ണികളും അവർ കാലങ്ങളായി ചെയ്്തുകൊണ്ടിരിക്കുന്ന പ്രവർത്തനവും രേഖാമൂലം ജെഎൻയു റിസർച്ച് സ്‌കോളറും എഴുത്തുകാരനുമായ വിഷ്ണു അരവിന്ദ് വിവരിച്ചു. അധികാരം ഏതുവിധേനയും കിട്ടാൻ എന്തും ചെയ്യുന്നവർ ഡീപ് സ്‌റ്റേറ്റിന്റെ കളിപ്പാവയായി രാജ്യത്തിനെതിരേ പ്രവർത്തിക്കുകയാണെന്ന് വിഷ്ണു അരവിന്ദ് പറഞ്ഞു.
ഡീപ് സ്‌റ്റേറ്റ് ഇന്ന് നേരിട്ട് യുദ്ധം നടത്തുകയല്ല, ആഖ്യാനങ്ങളിലൂടെ ഭാരതത്തിൽ സംഘർഷങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രൊഫ.കെ.പി. സോമരാജൻ ചൂണ്ടിക്കാട്ടി. അഡ്വ. പി ജയഭാനു അദ്ധ്യക്ഷനായി.വിചാരകേന്ദ്രം ഉത്തരമേഖല സെക്രട്ടറി പി.ബാലഗോപാലൻ സ്വാഗതം പറഞ്ഞു.ജില്ലാ സിക്രട്ടറി എ .അനിരുദ്ധൻ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: