ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉളള രാഷ്ട്രീയപാര്‍ട്ടിയില്‍ വിശ്വസിക്കുന്ന അമേരിക്കന്‍ പൗരന്മാര് അവരുടെ നാട്ടിലെ വന്വ്യവസായികളെക്കുറിച്ച് മോശം പറയുന്നത് കേട്ടിട്ടുണ്ടോ? ജപ്പാന്‍കാര്‍ അവരുടെ നാട്ടിലെ കമ്പനികളെ കുറിച്ച് അഭിമാനത്തോടെയല്ലാതെ സംസാരിച്ചു കേട്ടിട്ടുണ്ടോ? എന്നാല്‍ ഭാരതത്തിലെ സ്ഥിതി അതല്ല.
ഇവിടെ ഒരു വിഭാഗം ആളുകള്‍, രാജ്യത്തിന് വിദേശനാണ്യമടക്കം നേടിത്തരുന്ന ഇന്ത്യന്‍ കമ്പനികളെ മോശക്കാരായും ഭാരതത്തിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നല്കുന്ന വ്യവസായികളെ അഴിമതിക്കാരായും ചിത്രീകരിക്കുന്നു. ഇതിന്റെ കാരണം ചിന്തിക്കേണ്ടതല്ലേ? അതല്ല അത്തരം കമ്പനികള്‍ക്കോ വ്യവസായികള്‍ക്കോ എതിരായി വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടുകയും നിയമനടപടികള്‍ സ്വീകരിക്കുകയുമല്ലേ ചെയ്യേണ്ടത്? അതിന് പകരം ചില ടൂള്‍കിറ്റുകളുടെ മറ പിടിച്ച് സമൂഹത്തില്‍ അവിശ്വാസം ജനിപ്പിക്കുന്ന രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടായിരിക്കാം?
ആദ്യമായി, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സാമ്പത്തിക രംഗത്ത് ഭാരതം കൈവരിച്ച വളര്‍ച്ച ശ്രദ്ധിക്കുക.
ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ തോത് ലോകത്തെ ഏതൊരു രാജ്യത്തേക്കാളും കൂടുതലാണ്. അതിന് കാരണമായി വിലയിരുത്തുന്ന ഘടകങ്ങള്‍ ജിഎസ്ടി, ഡിജിറ്റൈസേഷന്/ ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പുകള്‍, പുനരുത്പാദന ഊര്‍ജ്ജം എന്നിവയിലേക്ക് ശ്രദ്ധ പതിപ്പിച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഭാരതത്തിന്റെ 2014-24 കാലഘട്ടത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ കാരണമായി പറയുന്ന മറ്റു ചില ഘടകങ്ങള്‍ സാമ്പത്തിക അച്ചടക്കം, വിഭവങ്ങളുടെ ഫലപ്രദമായ വിതരണം, സാമ്പത്തിക കമ്മി കുറയ്ക്കല്‍, പണപ്പെരുപ്പ നിയന്ത്രണം, സുസ്ഥിരതയുളള സാമ്പത്തിക വികസനം മുതലായ സര്‍ക്കാര്‍ നയങ്ങളുമാണ്.
ഇതിന്റെ ഫലമായി ഭാരതത്തിന്, വ്യവസായം നടത്തുന്നതിന്റെ അനുകൂലസ്ഥിതിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആഗോളതലത്തില്‍ 134-ാം സ്ഥാനത്തു നിന്ന് 63-ാം സ്ഥാനത്തേക്കുണ്ടായ പുരോഗതി ശ്രദ്ധേയമാണ്.
സ്വാതന്ത്ര്യം നേടി, പതിറ്റാണ്ടുകള്‍ വിവിധ സര്‍ക്കാരുകള്‍ ഭരിച്ചിട്ടും 2013-14 ല്‍ 29.17 ശതമാനം ആയിരുന്നു ദാരിദ്ര്യത്തിന്റെ തോത്. 2022-23 ആയപ്പോഴേക്കും ജനോപകാരപ്രദമായ അനേകം പദ്ധതികളിലൂടെ 11.28 ശതമാനത്തിലേക്ക് ദാരിദ്ര്യം കുറയ്ക്കാന്‍ (അതായത് ഏകദേശം 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടി) സാധിച്ചു. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി വളരെയധികം ശ്രദ്ധ നല്കുന്നു എന്നതിന് തെളിവാണിത്.
നിലവിലെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ പ്രകാരം ഭാരതം സമീപ ഭാവിയില്‍ തന്നെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. 2027 ഓടെ ജപ്പാനേയും ജര്‍മനിയേയും മറികടന്ന് ഭാരതം ഈ നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.
ഭാരതം സാമ്പത്തികമായി വികസിക്കുന്നു എന്ന് പറയുമ്പോഴും വ്യക്തിക്ക് നേരിട്ട് അതിന്റെ ഗുണഫലം ലഭിക്കുന്നുണ്ടോ എന്ന സംശയവും സ്വാഭാവികം. ഒരു രാജ്യത്ത് എല്ലാവര്ക്കും തൊഴില്‍ നല്കാന് സര്‍ക്കാരിനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തൊഴില്‍ ചെയ്യാന്‍ ആഗ്രഹമുളളവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാരിന്റെ ദൗത്യം. അതിന്, വ്യവസായങ്ങള്‍ തുടങ്ങുന്നതിന് സഹായകമായ ‘മേക്ക് ഇന്‍ ഇന്ത്യ’, പുതിയ വ്യവസായ പദ്ധതികള്‍ തുടങ്ങുന്നതിന് പണം ലഭ്യമാക്കുന്നതിനുളള ‘മുദ്ര ലോണ്‍’, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനും വളര്‍ത്തുന്നതിനും സഹായകമായ എംഎസ്എംഇ തുടങ്ങി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്്. വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പരിശീലന പരിപാടികളുമുണ്ട്. മാത്രമല്ല, ചെറുകിട ഉത്്പാദകരുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വാങ്ങുന്നതിനുളള പദ്ധതിയും ഈ ഉത്പന്നങ്ങള്‍ രാജ്യത്തും വിദേശത്തുമുളള ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള വിവിധ പദ്ധതികളും നിലവിലുണ്ട്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് സംരംഭകര്‍ അഥവാ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്.
സംരംഭകരുടെ ഉത്പന്നങ്ങള്‍ സ്വദേശത്തും വിദേശത്തുമുളള ഉപഭോക്താക്കള്‍ക്ക് ഫലപ്രദമായും പെട്ടെന്നും ചെലവ് കുറച്ചും എത്തിക്കുന്നതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ദേശീയപാതകളുടെ വികസനങ്ങളും അതിവേഗത്തില്‍ നടക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വ്യവസായ വികസനത്തിനായി രൂപം കൊടുത്ത വിവിധ പദ്ധതികള്‍ ഉപയോഗപ്പെടുത്തി, രാജ്യത്തെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തൊഴിലും വിദേശ നാണ്യവും നല്കി വളരുന്ന വ്യവസായികളെ കുറ്റം പറഞ്ഞു വരുന്നവരുടെ ഉദ്ദേശ്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു.
ഭാരതത്തില്‍ വ്യവസായങ്ങള്‍ വളരുകയും രാജ്യത്തിനാവശ്യമായ ഉത്്പന്നങ്ങള്‍ (ഭക്ഷ്യ വസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും മുതല്‍ സൈന്യത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വരെ) ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയും, കൂടാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുകയും ചെയ്താല്‍ അത് ആര്‍ക്കാണ് ബുദ്ധിമുട്ടുണ്ടാക്കുക?. അപ്പോള്‍, ഭാരതം വളരരുതെന്നും ഗുണമേന്മയുളള ഉത്പന്നങ്ങള്‍ ഇവിടെ നിര്മിക്കപ്പെടരുതെന്നും രാജ്യത്തിന് വെളിയിലുളളവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുളള വിപണിയായി മാത്രം ഭാരതം നിലനില്ക്കണമെന്നും നിക്ഷിപ്ത താല്പര്യമുളളവര്, രാജ്യത്തെ കമ്പനികള്‍ക്കും വ്യവസായികള്‍ക്കുമെതിരേ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുമെന്നത് നമുക്ക് ഊഹിക്കാവുന്നതേയുളളൂ. കൂടുതല്‍ ജനോപകാരപ്രദവും രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് സഹായകവുമായ കാര്യങ്ങള്‍ക്കായി പ്രയത്നിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ, ഭാരതം വികസിക്കരുതെന്ന് ആഗ്രഹിക്കുന്നവരുടെ ‘ടൂള്‍ കിറ്റുമായി’ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭരണം അട്ടിമറിക്കാന്‍ പ്രയത്നിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങള്‍ ജനം മനസ്സിലാക്കേണ്ടതുണ്ട്.
(ആരോഗ്യഭാരതി തൃശൂര്‍ ജില്ലാ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: