തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ കൂടിയാേലാചനകളില്ലാതെ 101 കോടി രൂപ നഷ്ടപ്പെടുത്തി. വന്‍ അഴിമതിക്കു വഴി തുറന്ന ഇടപാടുകള്‍ ഇന്നലെ പുറത്തുവന്നു.
നഷ്ടത്തിലേക്കു കൂപ്പുകുത്തിയ അനില്‍ അംബാനിയുടെ, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ (ആര്‍സിഎഫ്എല്‍) കോടികള്‍ നിക്ഷേപിച്ച കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് (കെഎഫ്സി) നഷ്ടമുണ്ടായത്. കെഎഫ്സി നിക്ഷേപിച്ച 60.80 കോടി പലിശ ഉള്‍പ്പെടെയുള്ള 109 കോടിക്കു തിരികെക്കിട്ടിയത് 7.09 കോടി.
നിക്ഷേപ വിവരം വര്‍ഷങ്ങളോളം മറച്ചുവയ്ക്കുകയും ചെയ്തു. 250 കോടിയുടെ ബോണ്ട് ഇറക്കാന്‍ യോഗ്യത നേടാനായിരുന്നു നിക്ഷേപമെന്നാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ബിസിനസില്‍ ലാഭവും നഷ്ടവുമുണ്ടാകുമെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ന്യായീകരണം.
2018 ഏപ്രില്‍ 19ലെ കെഎഫ്സി അസസ് ലയബലിറ്റി മാനേജ്മെന്റ് കമ്മിറ്റി തീരുമാന പ്രകാരം 26നാണ് 60.80 കോടി ആര്‍സിഎഫ്എലില്‍ നിക്ഷേപിച്ചത്. അനിലിന്റെ കമ്പനികള്‍ നഷ്ടത്തിലായതിനാല്‍ കമ്പനിയുടെ പേര് 2018-19ലും 2019-20ലും കെഎഫ്സി വാര്‍ഷിക റിപ്പോര്‍ട്ടില്‍ മറച്ചുവച്ചു.
2019ല്‍ ആര്‍സിഎഫ്എല്‍ ലിക്വിഡേറ്റ് ചെയ്തു. ലിക്വിഡേഷന് ഭാഗമായി 7.09 കോടി കിട്ടിയെന്നു പറയാനാണ് 2020-21ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനിയുടെ പേരു വെളിപ്പെടുത്തിയത്.
നിക്ഷേപത്തില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. വന്‍ തുക കമ്മിഷന് വാങ്ങി, ഭരണ നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിക്ഷേപിച്ചതെന്നാണ് ഒന്ന്. കെഎഫ്സി ഡയറക്ടര്‍ ബോര്‍ഡ് പോലും അറിയാതെയാണ് നിക്ഷേപിച്ചത്.
ഇതു സംബന്ധിച്ച് പതിനൊന്നാം നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു ധനവകുപ്പു മറുപടി നല്‍കിയില്ലെന്നും രേഖകള്‍ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: