India

ക്ഷേത്രമണികൾ, ശേഷനാഗ്, താമരപ്പൂ ചിഹ്നങ്ങൾ : സംഭാൽ ജുമാമസ്ദിജ് സർവേയിൽ ക്ഷേത്ര അവശിഷ്ടങ്ങളുടെ തെളിവുകൾ കണ്ടെത്തി

Published by

ലക്നൗ ; ഉത്തർപ്രദേശിലെ സംഭാലിലുള്ള ഷാഹി ജുമാമസ്ജിദിനുള്ളിൽ നടത്തിയ സർവേയിൽ ക്ഷേത്ര അവശിഷ്ടങ്ങളുടെ തെളിവുകൾ കണ്ടെത്തിയതായി സൂചന .ഇതു സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ അഡ്വക്കേറ്റ് കമ്മിഷൻ കോടതിയിൽ സമർപ്പിച്ചു.

സംഭാലിലെ ജുമാമസ്ജിദിനുള്ളിൽ നടത്തിയ സർവേയെക്കുറിച്ചുള്ള റിപ്പോർട്ട് സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി ആദിത്യ സിങ്ങിന്റെ ബെഞ്ചിന് മുമ്പാകെയാണ് ഹാജരാക്കിയത് . അഭിഭാഷക കമ്മീഷണർ രമേഷ് രാഘവാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ ഷാഹി ജുമാ മസ്ജിദിൽ ക്ഷേത്രം ഉണ്ടായിരുന്നതിന് ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1000-ലധികം ഫോട്ടോഗ്രാഫുകളും സർവേ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് .

മസ്ജിദിന് സമീപം രണ്ട് ആൽമരങ്ങളുണ്ട്. പൊതുവെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമേ ആൽമരങ്ങളെ ആരാധിക്കാറുള്ളൂ. മാത്രവുമല്ല, പകുതി അകത്തും പകുതി പുറത്തും ഉള്ള ഒരു കിണർ പള്ളിയിലുണ്ട്. പുറത്ത് ഉണ്ടായിരുന്ന കിണറിന്റെ ഭാഗം അടച്ചു പൂട്ടി . ഷാഹി ജുമാ മസ്ജിദിന്റെ പ്രധാന ഗേറ്റിന്റെ രണ്ട് തൂണുകൾക്ക് മുകളിൽ താമരപ്പൂവിന്റെ മാതൃകയിലുള്ള കൊത്തുപണികളാണ് ഉള്ളത്.

അതുപോലെ, പള്ളിയുടെ പ്രധാന കെട്ടിടത്തിന്റെ പുറംഭാഗത്ത് ക്ഷേത്രമണികളുടെ അടയാളങ്ങൾ പതിച്ചിട്ടുണ്ട്. പള്ളിയുടെ പ്രധാന താഴികക്കുടത്തിനുള്ളിൽ ക്ഷേത്ര മണികൾ കണ്ടെത്തിയതായും സൂചനയുണ്ട്.മസ്ജിദിന്റെ അകത്തെ തൂണുകളിൽ ഇന്ത്യൻ സംസ്‌കാരത്തിലെ പ്രധാന പ്രതീകമായി കണക്കാക്കപ്പെടുന്ന ശേഷനാഗ് പോലുള്ള രൂപങ്ങൾ ഉണ്ടെന്നും സർവേ കണ്ടെത്തി.

ജുമാ മസ്ജിദിനുള്ളിൽ അമ്പതിലധികം പുഷ്പ രൂപങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.ആ ചരിത്ര കാലഘട്ടത്തിലെ ക്ഷേത്രങ്ങളുടേയും ഹൈന്ദവ സ്ഥലങ്ങളുടേയും പ്രതീകമായ ചിഹ്നങ്ങൾ പള്ളിയിൽ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വാതിലുകളിലും ജനലുകളിലും അതിമനോഹരമായി അലങ്കരിച്ച ചുവരുകളിലും ഉള്ള യഥാർത്ഥ വാസ്തുവിദ്യ പലതും പ്ലാസ്റ്ററും പെയിൻ്റും പ്രയോഗിച്ച് മറച്ചുവെച്ചിരിക്കുന്നു.

മസ്ജിദ് നിലനിന്നിരുന്ന സ്ഥലം മുമ്പ് ഹരിഹർ ക്ഷേത്രമായിരുന്നുവെന്നും അത് തകർത്താണ് പുതിയ കെട്ടിടം പണിതതെന്നും ചൂണ്ടിക്കാണിച്ച് ഹർജി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കോടതിയിൽ വാദം കേട്ടതിന് ശേഷമാണ് സർവ്വേയ്‌ക്ക് ഉത്തരവിട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by