ന്യൂദെൽഹി:ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുന:സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്ന് ഒരു വർഷം മുമ്പ് സുപ്രീം കോടതി നിർദ്ദേശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങൾ അധികാരത്തിലേറി രണ്ട് മാസം കഴിഞ്ഞു. ഞങ്ങൾ നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഞങ്ങൾ ഉറച്ചു നിൽക്കുകയാണ്. യൂണിയൻ ടെറിട്ടറി എന്നത് ജമ്മു കാശ്മീരിനെ സംബന്ധിച്ചടത്തോളം ഒരു താത്ക്കാലിക സംവിധാനമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിലെ ജനങ്ങൾ നല്ല നിലയിൽ പങ്കെടുത്തു. എത്രയും വേഗം സംസ്ഥാന പദവി പുന:സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അതിന് കൂടുതൽ സമയമെടുക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം വ്യക്തമാക്കി.
ഒരു ദശാബ്ദത്തിന് ശേഷം 2024ലാണ് ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. 90 ൽ 42 സീറ്റുകളും നേടി നാഷണൽ കോൺഫ്രൻസ് അധികാരത്തിലെത്തി. 29 സീറ്റുകൾ നേടി ബിജെപി പ്രധാന പ്രതിപക്ഷമായി മാറി. കോൺഗ്രസിന് ആറ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: