ന്യൂദെൽഹി:ബംഗാളിനെ അസ്ഥിരപ്പെടുത്താൻ ബംഗ്ലാദേശിൽ നിന്നുള്ള ഭീകരരെ ബിഎസ്എഫ് ബംഗാളിലേക്ക് കയറ്റിവിടുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ബംഗാളിലെ സമാധാനം തകർക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബിഎസ്എഫിനെ അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി മമത രംഗത്തെത്തിയത്. ബംഗ്ലാദേശ് അതിർത്തി കാക്കുന്ന ബിഎസ്എഫ് ഭീകരരെ ബംഗാളിലേക്ക് നുഴഞ്ഞുകയറാൻ അനുവദിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് മമത ആരോപിച്ചു. അതിർത്തി ഞങ്ങളുടെ കയ്യിലല്ല, നുഴഞ്ഞുകയറ്റം നടക്കുന്നതായി ആരെങ്കിലും ആരോപിച്ചാൽ അത് ബിഎസ്എഫിന്റെ ഉത്തരവാദിത്വമാണെന്ന് ഞാൻ പറയും. ഇതിന് ടിഎംസിയെ ആരും കുറ്റപ്പെടുത്തരുത്. നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് എവിടെയാണ് സഹായിയുന്നതെന്ന് അന്വേഷിക്കണമെന്ന് ബിഎസ്എഫ് ഡയറക്ടർ ജനറൽ രാജീവ് കുമാറിനോട് മമത ബാനർജി ആവശ്യപ്പെട്ടു.
എന്നാൽ മമതയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതാവ് അനിർബൻ ഗാംഗുലി രംഗത്തെത്തി. മയക്ക് മരുന്ന്, മനുഷ്യ – കാലി കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട റാക്കറ്റിനും അതിന് നേതൃത്വം നൽകുന്ന രാജാക്കന്മാർക്കുമെതിരെ ബിഎസ്എഫ് ശക്തമായി ഇറങ്ങിയെന്നതാണ് മമതയെ ചൊടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അവർ ബിഎസ്എഫുമായി സഹകരിക്കണമെന്നാണ് അവർക്ക് നൽകുവാനുള്ള ഉപദേശം. അനിർബൻ ഗാംഗുലി വ്യക്തമാക്കി. ബിഎസ്എഫിനെ അധിക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരേയൊരു നേതാവാണ് മമത ബാനർജിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: