മുംബൈ : ഇരുന്നൂറ് കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയ കേസിൽ എട്ട് പാകിസ്ഥാൻ പൗരന്മാർക്ക് 20 വർഷത്തെ കഠിന തടവിന് കോടതി ശിക്ഷ വിധിച്ചു. എൻഡിപിഎസ് നിയമപ്രകാരമാണ് മുംബൈ കോടതി പ്രത്യേക ജഡ്ജി ശശികാന്ത് ബംഗാർ പാക്കിസ്ഥാനികൾക്ക് ശിക്ഷ വിധിച്ചത്.
2015ൽ 6.96 കോടി രൂപ വിലമതിക്കുന്ന 232 കിലോ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്ത പ്രതികളെയാണ് ശിക്ഷിച്ചത്. എൻഡിപിഎസ് നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ 20 വർഷത്തെ തടവിനും 6 ലക്ഷം രൂപ വീതം പിഴയും ഇവർക്ക് വിധിച്ചു.
അലിബക്ഷ സിന്ധി (48), മക്‌സുദ് മാസിം (54), മുഹമ്മദ് നാതോ സിന്ധി (55), മുഹമ്മദ് അഹമ്മദ് ഇനായത്ത് (37), മുഹമ്മദ് യൂസഫ് ഗഗവാനി (58), മുഹമ്മദ് യൂനുസ് സിന്ധി (44), മുഹമ്മദ് ഗുൽഹസൻ ബലോച്ച് (40) , ഗുൽഹാസൻ സിന്ധി (50) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
അന്വേഷണ ഏജൻസി പറയുന്നത് അനുസരിച്ച് പരിശോധനയിൽ ബോട്ടിൽ നിന്ന് 232 പാക്കറ്റ് ഹെറോയിൻ (ഏകദേശം 232 കിലോ) അടങ്ങിയ 11 നീല പ്ലാസ്റ്റിക് ഡ്രമ്മുകളാണ് കണ്ടെടുത്തത്. സാറ്റലൈറ്റ് ഫോണുകൾ, ജിപിഎസ് ഉപകരണങ്ങൾ, ഇലക്‌ട്രോണിക് നാവിഗേഷൻ ചാർട്ടുകൾ എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
പ്രതികൾ പാകിസ്ഥാൻ മയക്കുമരുന്ന് വിതരണക്കാരുമായി ഗൂഢാലോചന നടത്തിയെന്നും വിതരണത്തിനോ കയറ്റുമതിക്കോ വേണ്ടി ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താൻ ഉദ്ദേശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ശിക്ഷ അനുഭവിച്ചതിന് ശേഷം അവരെ അവരുടെ മാതൃരാജ്യമായ പാകിസ്ഥാനിലേക്ക് നാടുകടത്തുമെന്നും കോടതി പറഞ്ഞു.
ഈ വിധിയുടെ പകർപ്പ് വിവരങ്ങൾക്കും ആവശ്യമായ ക്രമീകരണങ്ങൾക്കുമായി പാകിസ്ഥാൻ ഹൈക്കമ്മീഷനോ എംബസിക്കോ അയയ്‌ക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: