കൊച്ചി: ഗുണമേന്മ വിദ്യാഭ്യാസം, സ്മാര്‍ട്ട് ക്ലാസ് റൂമും എന്നിങ്ങനെ വിദ്യാഭ്യാസ രംഗത്ത് വമ്പന്‍ മുന്നേറ്റമെന്ന് സര്‍ക്കാര്‍ വിളിച്ചോതുമ്പോള്‍ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ അധ്യാപകരില്ല. പിഎസ്സി പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ശമ്പളം നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ നിയമനം നടത്താനാകില്ലെന്ന് സര്‍ക്കാര്‍.
ഹൈസ്‌കൂളില്‍ മാത്രം 617 ഇംഗ്ലീഷ് അധ്യാപക ഒഴിവുകളാണുള്ളത്. കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് മറ്റ് ഭാഷാ അധ്യാപകര്‍. വിദ്യാഭ്യാസ നയം ഭേദഗതി ചെയ്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇംഗ്ലീഷ് ഒരു ഭാഷ അല്ലെന്നും അത് ആര്‍ക്ക് വേണമെങ്കിലും പഠിപ്പിക്കാം എന്നുമാണ് സര്‍ക്കാര്‍ നയം. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് ആ ഭാഷയില്‍ പ്രാവീണ്യം ഉള്ളയാളെ നിമിക്കുന്നതിന് ഉത്തരവ് നല്കി. നടപ്പിലാക്കാമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കി. അതിനുശേഷം മൂന്ന് തസ്തിക നിര്‍ണയം കഴിഞ്ഞിട്ടും വിധി നടപ്പിലാക്കാതെ കോടതിയെ സര്‍ക്കാര്‍ കബളിപ്പിക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെ നാല് ആഴ്ചയ്‌ക്കുള്ളില്‍ കേരളത്തിലെ എല്ലാ ഹൈസ്‌കൂളുകളിലും ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കണം എന്ന് കര്‍ശന ഉത്തരവിട്ടു. ഈ ഉത്തരവും നടപ്പിലാക്കാന്‍ തയാറായില്ല. ഉത്തരവ് നിലനില്‍ക്കെ ഈ വര്‍ഷവും ഇംഗ്ലീഷ് വിഷയം പഠിപ്പിക്കാന്‍ താല്‍ക്കാലിക അധ്യാപകര്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെ പിടിഎ രംഗത്തെത്തി.
ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്തവരാണ് പഠിപ്പിക്കാന്‍ എത്തുന്നതെന്ന് ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെട്ട് മലയാളവും ഹിന്ദിയും പഠിപ്പിക്കുന്നത് പോലെ ഇംഗ്ലീഷിനും സ്ഥിരാധ്യാപകരെ നിയമിക്കണം എന്ന് കര്‍ശന ഉത്തരവിട്ടു.
ഈ ഉത്തരവിനും ഒരു വിലയും നല്കാതെ താത്ക്കാലികക്കാര്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നിലവിലിരിക്കെ താത്ക്കാലിക ഒഴിവുകള്‍ സൃഷ്ടിക്കാന്‍ പാടില്ല എന്ന ചട്ടത്തിന് വിരുദ്ധവുമാണിത്.
പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് ഇംഗ്ലീഷ് വിഭാഗത്തില്‍ ഒന്നാം റാങ്ക് കാരനെപ്പോലും നിയമിക്കാത്ത നിരവധി ജില്ലകള്‍ ഉണ്ട്. ഇതിനിടെ ഇംഗ്ലീഷ് ഭാഷ അധ്യാപക ഒഴിവിലേക്ക് പിഎസ്‌സി വീണ്ടും അപേക്ഷയും ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: