ജി. സുകുമാരന്‍ നായര്‍
ജനറല്‍ സെക്രട്ടറി, നായര്‍ സര്‍വീസ് സൊസൈറ്റി
”അഭിവന്ദ്യ സമുദായാചാര്യന്‍ ശ്രീ മന്നത്തുപത്മനാഭന് 1970 ഫെബ്രുവരി 25-ന് ബുധനാഴ്ച രാവിലെ 11.45-ന് ഇഹലോകവാസം വെടിഞ്ഞ വിവരം അതീവ വ്യസന പൂര്‍വം ബഹുജനങ്ങളെ അറിയിച്ചുകൊള്ളുന്നു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിവിധ പ്രവര്‍ത്തകര്‍, അംഗങ്ങള്‍, കരയോഗ പ്രവര്‍ത്തകര്‍, യൂണിയന് പ്രവര്‍ത്തകര്‍, സമുദായാചാര്യന്റെ സഹപ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിങ്ങനെ ആയിരക്കണക്കായ എല്ലാ മഹത്തുക്കളേയും ഈ വ്യസനവാര്‍ത്ത കത്തുകളും കമ്പികളും മൂലം ഉടനടി അറിയിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഈ അറിയിപ്പ് പ്രസിദ്ധീകരിക്കുന്നത്.
പുണ്യശ്ലോകനായ ശ്രീ മന്നത്തുപത്മനാഭന്റെ ഭൗതികശരീരം 27-ന് വെള്ളിയാഴ്ച നാലുമണിക്ക് എന്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേഴ്സ് മൈതാനത്ത് സംസ്കരിക്കുന്നതാണ്. മൃതശരീരത്തില്‍ കോടിവസ്ത്രങ്ങള്‍ ഇടുന്ന ആചാരത്തിനു പകരമായി ചിതയില്‍ ചന്ദനമുട്ടികള്‍ അര്‍പ്പിക്കുന്നതായിരിക്കും കൂടുതല്‍ അഭിലഷണീയമായിട്ടുള്ളതെന്നും അറിയിച്ചുകൊള്ളട്ടെ.
ഇത് മന്നത്തുപത്മനാഭന്റെ നിര്യാണത്തോടനുബന്ധിച്ച് പത്രമാധ്യമങ്ങളിലൂടെ വന്ന ചരമവാര്‍ത്തയാണ്.
ഈ ചരമ അറിയിപ്പ് പുറത്തുവന്നതോടുകൂടി നാടാകെ ദുഃഖംകൊണ്ട് സ്തംഭനാവസ്ഥയിലായി. രാഷ്ട്രപതി വി.വി. ഗിരി, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ആഭ്യന്തരമന്ത്രി യശ്വന്ത്റാവു ചവാന്, കോണ്‍ഗ്രസ് പ്രസിഡന്റ് നിജലിംഗപ്പ തുടങ്ങിയവര്‍ അനുശോചനസന്ദേശം എത്തിച്ചു. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനും രാഷ്ട്രീയ പുരോഗതിക്കും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള മന്നത്തു പത്മനാഭന്റെ നിര്യാണവാര്‍ത്ത തന്നെ ദുഃഖത്തിലാഴ്ത്തിയെന്ന് രാഷ്ട്രപതി വി.വി. ഗിരി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഒരു സാമൂഹിക പരിഷ്കര്‍ത്താവ് എന്ന നിലയില്‍ മന്നത്തുപത്മനാഭന്, തന്റെ ദൈര്‍ഘ്യമേറിയ ജീവിതം അനീതിക്കും വിവേചനത്തിനും എതിരെ പോരാടുന്നതിനും വിദ്യാഭ്യാസ പുരോഗതിയും സമത്വവും കൈവരുത്തുന്നതിനും വേണ്ടി ചെലവഴിച്ചു എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രസ്താവിച്ചു. കേരളത്തിലെ സാമൂഹികവും സാമ്പത്തികവുമായ അനീതികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത മന്നത്തു പത്മനാഭന്റെ നാമധേയം ഭാവിതലമുറ വിസ്മരിക്കില്ല എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചവാന് പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ മഹാശക്തിയായിരുന്നു മന്നത്തു പത്മനാഭന്. അദ്ദേഹത്തോട് പല കാര്യങ്ങളിലും യോജിക്കാന്‍ സാധിക്കാത്തവര്‍പോലും ഈ സത്യം നിഷേധിക്കുകയില്ല. ഇന്നാട്ടിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തില്‍ അവിസ്മരണീയമായ അദ്ധ്യായം എഴുതിച്ചേര്‍ത്ത മഹാനാണ് അദ്ദേഹം എന്ന് മുഖ്യമന്ത്രി സി. അച്യുതമേനോന് അനുസ്മരിച്ചു. കൂടാതെ, കേരളത്തിലെ മത-സാമുദായിക പ്രമുഖരും സാമൂഹിക-രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും ആ മഹാനുഭാവനെ ഒരുനോക്കു കാണാനെത്തി. ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനസഹസ്രങ്ങള്‍ പെരുന്നയിലേക്ക് ഒരു മഹാപ്രവാഹമെന്നപോലെ ഒഴുകിവന്നുകൊണ്ടേയിരുന്നു. പിറ്റേന്ന് വൈകിട്ട് നടന്ന ശവസംസ്കാരച്ചടങ്ങിനു വേണ്ടി എന്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേസ് മൈതാനത്ത് പ്രത്യേകം കെട്ടിയുയര്‍ത്തിയ വേദിയില്‍ ചന്ദനമുട്ടികള്‍, രാമച്ചം, സാമ്പ്രാണി, കര്‍പ്പൂരം, കുന്തിരിക്കം, നെയ്യ് എന്നിവ ഉപയോഗിച്ചാണ് ചിത ഒരുക്കിയിരുന്നത്. സാമൂഹ്യാചാരങ്ങളില്‍ ചിലതെല്ലാം ഉല്ലംഘിച്ച ക്രമ പരിപാടികളാണ് സംസ്കാരച്ചടങ്ങിന് ഉണ്ടായിരുന്നത്. മന്നം ജീവിച്ചിരുന്ന കാലത്ത് അഭിപ്രായപ്പെട്ടിരുന്ന ചടങ്ങുകളാണ് അവിടെ സ്വീകരിച്ചത്.
കേരളത്തിലെ ഒരു ജനനേതാവിനും ലഭിച്ചിട്ടില്ലാത്ത- ഭാരതത്തിലെതന്നെ ചുരുക്കം ചില മഹാന്മാര്ക്കു മാത്രം അപൂര്‍വം ലഭിച്ചിട്ടുള്ള – ആദരാഞ്ജലികളാണ് മന്നത്തിന് ലഭിച്ചത്.
ആ ചിത കത്തിയെരിഞ്ഞ സ്ഥലത്താണ് ഇന്ന് മന്നം സമാധി മണ്ഡപവും സമുച്ചയവും സ്ഥിതിചെയ്യുന്നത്. അതിനെ നായര്‍ സര്‍വീസ് സൊസൈറ്റി ക്ഷേത്രതുല്യം പരിപാലിക്കുന്നു. അദ്ദേഹത്തെ ആരാധിക്കാനും പുഷ്പം അര്‍പ്പിക്കുവാനും നിത്യേന ജനങ്ങള്‍ അവിടെ എത്താറുണ്ട്. എന്‍എസ്എസ്സിന്റെ ഏതു സംരംഭത്തിനും തുടക്കം കുറിക്കുന്നത് അവിടെനിന്നാണ്. അദൃശ്യനായി ഇന്നും അദ്ദേഹം നമുക്ക് അനുഗ്രഹം ചൊരിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: