അമ്പലപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മത്സ്യഗ്രാമങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ 100 മത്സ്യഗ്രാമങ്ങളാണ് തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ ആറു മത്സ്യഗ്രാമങ്ങളിലാണ് പദ്ധതി. തോട്ടപ്പള്ളി, അഴീക്കല്‍ (ആലപ്പുഴ) പള്ളം (തിരുവനന്തപുരം), ഇരവിപുരം (കൊല്ലം), ഞാറയ്‌ക്കല്‍, എടവനക്കാട് (എറണാകുളം) എന്നീ മത്സ്യഗ്രാമങ്ങളെയാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്തിരിക്കുന്നത്. നൂറു ശതമാനം കേന്ദ്ര സഹായത്തോടെയാണ് പദ്ധതി. ഓരോ മത്സ്യഗ്രാമത്തിലെയും തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന വരുമാന ദായക പദ്ധതികളും മത്സ്യഗ്രാമത്തിലെ പൊതുവായ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുമാണ് നടപ്പാക്കുക. രണ്ടു കോടി രൂപയാണ് ഇതിനായി ഓരോ മത്സ്യഗ്രാമത്തിനും അനുവദിക്കുന്നത്. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
ഇവിടങ്ങളില്‍ 1.17 കോടി രൂപ ചെലവില്‍ മള്‍ട്ടി പര്‍പസ് കേന്ദ്രങ്ങള്‍ നിര്‍മിക്കും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിവരങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ സെന്ററില്‍ നിന്നു ലഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അവരെ താമസിപ്പിക്കുന്ന താത്കാലിക കേന്ദ്രങ്ങളാക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മത്സ്യപ്രവര്‍ത്തകര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ പരിശീലനവും ഇവിടെ നിന്നു നല്കും. മത്സ്യമുണക്കാന്‍ ഒന്‍പത് ആധുനിക പോര്‍ട്ടബിള്‍ ഡ്രയറുകള്‍ സ്ഥാപിക്കും. ജീവന്‍രക്ഷാ ഉപകരണമായ ലൈഫ് ജാക്കറ്റ് 50 പേര്‍ക്കു നല്കും. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ്.
എച്ച്. സലാം എംഎല്‍എ, ഫിഷറീസ് അഡി. ഡയറക്ടര്‍ സ്മിത ആര്‍. നായര്‍, ജോ. ഡയറക്ടര്‍മാരായ എച്ച്. സലിം, എ.പി. സതീഷ്‌കുമാര്‍, ഫിഷറീസ് ഡെ. ഡയറക്ടര്‍ ബെന്നി വില്യംസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് വി. ബാബുരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: