സിഡ്നി: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലേക്കെത്തുമ്പോള്‍ ഭാരതം സമനിലയ്ക്കായി പൊരുതേണ്ട ദുരവസ്ഥയില്‍. ഇതുവരെ ഒരു മത്സരത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ഗബ്ബയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയാലാക്കിയതിന്റെ ക്രെഡിറ്റ് മഴയ്ക്ക് നല്‍കേണ്ടിവരും.
ഗബ്ബയിലെ സമനില മഴയുടെ ദാനമെല്ലെന്ന് പറയാന്‍ കഴിയുമായിരുന്നു, മെല്‍ബണില്‍ കഴിഞ്ഞ മത്സരം സമനിലയിലാക്കിയിരുന്നെങ്കില്‍. ഏതെങ്കിലുമൊരു സ്പെഷ്യലിസ്റ്റ് ബാറ്റര്‍ വിചാരിച്ചിരുന്നെങ്കില്‍ മെല്‍ബണിലെ അഞ്ചാം ദിവസം ഭാരതത്തിന് മത്സരം തീര്‍ച്ചയായും സമനിലയിലാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഓസീസിന് മുന്നില്‍ ടെസ്റ്റ് അടിയറവയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. നാലും അഞ്ചും ദിവസങ്ങളില്‍ മെല്‍ബണിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായ സമയത്താണ് ഭാരതത്തിന്റെ പതനം എന്നത് ശ്രദ്ധേയമാണ്. ജയസാധ്യതയില്ലെങ്കിലും സമനിലയിലാക്കാവുന്ന മത്സരം തുലച്ചുകളഞ്ഞ ഭാരത ടീം ഈ പരമ്പര പോലും അര്‍ഹിക്കുന്നില്ലെന്ന് പറയുന്നതാകും ശരി.
സിഡ്നിയില്‍ നാളെ അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ സ്ഥിതിഗതികളില്‍ മാറ്റമൊന്നും വരാനില്ല. യുവനിരയാണ് ഭാരതത്തെ ഇത്രത്തോളമെങ്കിലും എത്തിച്ചത്. നായകന് എന്ന നിലയില്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ ഏതാനും മത്സരങ്ങളായി അമ്പേ പരാജയമാണ്. അതിനേക്കാള്‍ കഷ്ടമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇതുവരെ രോഹിത്തിന്റെ ശരാശരി ആറിലും താഴെയാണ്. ക്യാപ്റ്റന്‍ മാത്രമല്ല, സീനയര്‍ താരം വിരാട് കോഹ്ലിയും വന്‍ പരാജയമായി മാറിയിരിക്കുന്നു. കെ.എല്‍. രാഹുല്‍ അല്‍പ്പസ്വല്‍പ്പം കളിക്കുന്നുണ്ടെങ്കിലും സ്ഥിരതയില്ലാതെ ഉഴറുകയാണ്. ബാറ്റിങ്ങില്‍ ടെസ്റ്റിന് അനുയോജ്യനായൊരു വന്മതില് ഇല്ലെന്നാണ് നിലവില്‍ ഭാരതം നേരിടുന്ന കടുത്ത വെല്ലുവിളി. മുന്‍പ് ഇന്നിങ്സിന് ബലമുള്ള അടിത്തറയായി രാഹുല്‍ ദ്രാവിഡ് ക്രീസില്‍ പിടിച്ചു നില്ക്കുമായിരുന്നു. ഒരുപതിറ്റാണ്ടിലേറെ കാലം ഭാരതത്തിന്റെ മത്സരങ്ങളില്‍ നിര്‍ണായകമായിരുന്നു ആ സാന്നിധ്യം. ദ്രാവിഡിന് ശേഷം ആ റോള്‍ ഏറ്റെടുത്തത് ചേതേശ്വര്‍ പൂജാര ആയിരുന്നു. പൂജാര വിരാജിക്കുമ്പോള്‍ തന്നെ അജിങ്ക്യ രഹാനെയും ഏറെക്കുറേ ഇന്നിങ്സ് ഭദ്രമാക്കുന്ന റോള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തി ആര്‍ജ്ജിച്ചു പോന്നിരുന്നു. ഇരുവരും ഫോമൗട്ടിനെ തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇന്നിങ്സിന് ബലം പകരാന്‍ പോന്ന അത്തരം ഒറു ബാറ്ററെ ഒരുക്കിയെടുക്കാന്‍ ഭാരതത്തിന് സാധിച്ചിട്ടില്ലെന്നത് വലിയ വെല്ലുവിളിയാണ്. ഇത് ഈ പരമ്പരയിലോ വരുന്ന പരമ്പരയിലോ മാത്രം നേരിടുന്ന വെല്ലുവിളിയല്ല. ഭാവിയിലേക്ക് കരുതലോടെ പരിഹരിക്കേണ്ട അടിയന്തര പ്രശ്നമാണ്.
ഓസീസിനെതിരായ പരമ്പര കഴിയും മുമ്പേ സീനിയര്‍ താരങ്ങള്‍ക്ക് നേരെ എന്നപോലെ പ്രധാന പരിശീലകന് ഗൗതം ഗംഭീറിന് നേര്‍ക്കും ചോദ്യശരങ്ങള്‍ ഉയരുന്നുണ്ട്. ഗംഭീറിന്റെ കാര്യത്തില്‍ ബിസിസിഐ കടുത്ത നീക്കത്തിന് മുതിരുന്നതായി മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പടച്ചുവിട്ടിട്ടുമുണ്ട്. അതിന്റെ വാസ്തവം പോലും നാളെ തുടങ്ങുന്ന മത്സരത്തെ ആശ്രയിച്ചിരിക്കും. സിഡ്നിയില്‍ ജയിച്ചാലും ഭാരതം ഗുരുതരമായി നേരിടുന്ന പ്രശ്നങ്ങള്‍ തുടരുകയാണ്.
ഇതിനെല്ലാറ്റിനും ഉപരിയായി ഭാരതത്തിന്റെ ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നത് ബാലികേറാ മലയായി നില്‍ക്കുന്നുണ്ട്. സിഡ്നിയില്‍ മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കിയാല്‍ പോലും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനാകില്ല. ഇതിന് ശേഷം ഓസ്ട്രേലിയക്ക് ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളുണ്ട്. അതില്‍ രണ്ടും പരാജയപ്പെട്ടില്ലെങ്കില്‍ മാത്രമേ ഭാരതത്തിന് പ്രതീക്ഷയ്്ക് വകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: