ന്യൂ ഓർലിയൻസ്: പുതുവത്സര ദിനത്തിൽ അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിന്റെ ഹൃദയഭാഗത്തുള്ള ബർബോൺ സ്ട്രീറ്റിൽ ജനക്കൂട്ടത്തിലേക്ക് പിക്ക്-അപ്പ് ട്രക്ക് ഇടിച്ചു കയറ്റി 15 പേരെ കൂട്ടക്കൊല നടത്തിയ സംഭവം തീവ്രവാദി ആക്രമണം
42 കാരനായ യുഎസ് പൗരനും ടെക്സാസിൽ താമസിച്ചിരുന്ന മുൻ സൈനികനുമായ ഷംസുദ്-ദിൻ ജബ്ബാർ ആണ് ആക്രമണത്തിന് പിന്നിലെന്ന് എഫ്ബിഐ പ്രാഥമികമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ജബ്ബാറിന്റെ വാഹനത്തിൽ ഒരു ഐസിസ് പതാക ഉണ്ടായിരുന്നു, സൈനിക വേഷം ധരിച്ചിരുന്നതായും എഫ്ബിഐ അറിയിച്ചു. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ജബ്ബാറിനുമാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ലെന്നും എഫ്ബിഐ അറിയിച്ചു.
ജബ്ബാർ മിന്നൽ വേഗത്തിൽ ഒരു ഫോർഡ് പിക്ക്-അപ്പ് വാൻ നടപ്പാതയിലേക്ക് ഇടിച്ചു കയറ്റുകയും കഴിയാവുന്നത്ര ആളുകളെ ഇടിക്കാൻ മനപൂർവം ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 15 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസിനുനേരെ അക്രമി വെടിയുതിർത്തു. തുടർന്ന് പൊലീസ് ഇയാളെ വെടിവച്ചു കൊന്നു. അപകടം നടന്ന സ്ഥലത്തും വാഹനത്തിൽ നിന്നും ഇംപ്രവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസുകൾ (IED) കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിന്റെ കൂളറിൽ പൈപ്പ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നു. റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്താനായിരുന്നു അക്രമിയുടെ ലക്ഷ്യം. റിമോട്ട് വാഹനത്തിനകത്തുനിന്നുതന്നെ കണ്ടെടുത്തു. ജബ്ബാർ ഓടിച്ചിരുന്ന പിക്ക്-അപ്പ് ട്രക്ക് ഇലക്ട്രിക് ആയിരുന്നു.
കൊല്ലപ്പെട്ടവരുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവരിൽ രണ്ട് ഇസ്രയേൽ പൗരന്മാരുണ്ടെന്ന് ഇസ്രയേൽ അറിയിച്ചു. ജോർജിയ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയുണ്ടെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
ജബ്ബാർ മുമ്പ് യുഎസ് ആർമിയിൽ ഹ്യൂമൻ റിസോഴ്‌സ്, ഐടി ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. 2015 മുതൽ 2017 വരെ ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദം നേടിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളും മോഷണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ക്രിമിനൽ കേസുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: