ശിവഗിരി: ഗുരുദേവന് പകര്‍ന്നു നല്കിയ അഷ്ടലക്ഷ്യങ്ങളിലെ കൃഷിയും കൈത്തൊഴിലും ടൂറിസവും സുസ്ഥിര ജീവിത വിജയത്തിനുള്ള മൂന്ന് തൂണുകളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന കൃഷി, കൈത്തൊഴില്‍, വ്യവസായം, ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ മൂന്ന് മേഖലകളും പരസ്പരം യോജിക്കപ്പെട്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ നിലവിലെ കൈവശക്കാര്‍ മാത്രമാണ് നമ്മള്. ഉടമകളല്ല. പ്രകൃതി സംരക്ഷണത്തിന് സംസ്കാരസമ്പന്നമായ പൈതൃകം സംരക്ഷിച്ച് വരുംതലമുറകളിലേക്ക് കൈമാറണം. കര്‍ഷകര്‍ പ്രകൃതി സംരക്ഷകരാണ്. കേരളത്തിന്റെ പ്രകൃതിഭംഗിയും ചരിത്രസ്മാരകങ്ങളും കാലാവസ്ഥയുമെല്ലാം ചേര്‍ന്ന് ടൂറിസം ഹബ്ബായി നേരത്തെ മാറിയിട്ടുണ്ട്. കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ചും സ്വയം പര്യാപ്തതയെക്കുറിച്ചും മാത്രമല്ല, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ശ്രീനാരായണ ഗുരു പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയുടെ വികസനത്തിന് 3500 കോടിയുടെ 40 പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതില്‍ കേരളത്തിന്റെ ടൂറിസം വികസനത്തിനുള്ള പദ്ധതികളായ അഷ്ടമുടി ബയോഡൈവേഴ്സിറ്റി, സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ, ഇക്കോ റിക്രിയേഷണല്‍ ഹബ് കൊല്ലം എന്നിവ ഉള്‍പ്പെടുന്നു. ഇതിലൂടെ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: