തിരുവനന്തപുരം: കൊച്ചിയില്‍ എന്‍സിസി ക്യാമ്പിന്റെ ചുമതലയിലായിരുന്ന ലഫ്റ്റനന്റ് കേണലിനെ ആക്രമിച്ച കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികളുണ്ടാകണമെന്ന് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
സൈനിക സേവനത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച തികഞ്ഞ ഗുണ്ടകളായ ഈ കുറ്റവാളികള്‍ നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയര്‍ഹിക്കുന്നു. ഈ കുറ്റവാളികള്‍ രാജ്യത്തെ നിയമങ്ങളനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യപ്പെടണം.കേരള പൊലീസിന്റെ അടിയന്തരമായ നടപടികള്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ നടപടികളും കേസും താന്‍ വ്യക്തിപരമായി നിരീക്ഷിക്കുകയും ‘താങ്കളും താങ്കളുടെ സര്‍ക്കാരും കടമ നിര്‍വഹിക്കുന്നതിന് പകരം സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിനടിപ്പെട്ട് കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രോസിക്യൂഷന്‍ നടപടികളുമായി കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കി.
ഇടതുപക്ഷവും കോണ്‍ഗ്രസും കൂടി കേരളത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച ഈ അനാശാസ്യ സംസ്‌കാരം മതിയായി. ഇനിയെങ്കിലും കര്‍ത്തവ്യം ശരിയായി നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഇതു സംബന്ധിച്ച് സമൂഹമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നമ്മുടെ സംസ്ഥാനത്ത് നിയമം നടപ്പാക്കാനും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും കഴിയുന്നില്ലെങ്കില്‍, സര്‍ക്കാര്‍ രാജിവെക്കുകയാണ് വേണ്ടത്. ഇത് ലജ്ജാകരവും അര്‍പ്പിതമായ കര്‍ത്തവ്യങ്ങളോടുള്ള നികൃഷ്ടമായ അവഗണനയുമാണ് .
ഒരു വശത്ത് മുകളില്‍ നിന്ന് താഴേക്ക് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മുതല്‍ ലോക്കല്‍ പൊലീസ് വരെയുള്ളവര്‍ ഹമാസിന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം നല്‍കുന്നു. മറുവശത്ത് പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് നിരവധി പേരെ രക്ഷിക്കുകയും യൂണിഫോമിട്ട് രാജ്യത്തെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നവര്‍ ആക്രമിക്കപ്പെടുന്നു. ഇത് തികച്ചും ലജ്ജാകരമാണ്. ഇത് അവസാനിപ്പിക്കുക തന്നെ വേണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക