ന്യൂദൽഹി: കൊൽക്കത്തയിലെ ‘കെയർ ആൻഡ് ക്യൂർ ഫോർ യു’ എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ കാൻസർ, പ്രമേഹ വിരുദ്ധ മരുന്നുകൾ, വ്യാജമെന്ന് സംശയിക്കുന്ന മരുന്നുകൾ എന്നിവ പിടിച്ചെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും (സിഡിഎസ്‌സിഒ) പശ്ചിമ ബംഗാളിലെ ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കോടിക്കണക്കിന് രൂപയുടെ അനധികൃത മരുന്ന് ഉത്പന്നങ്ങൾ പിടികൂടിയത്.
പിടികൂടിയ മരുന്നുകളുടെ മൊത്തം വിപണി മൂല്യം ഏകദേശം 6.60 കോടി രൂപയോളം വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൊത്തക്കച്ചവട സ്ഥാപനത്തിന്റെ ഉടമയെന്ന് തിരിച്ചറിഞ്ഞ ഒരു സ്ത്രീയെ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അയർലൻഡ്, തുർക്കി, യുഎസ്എ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകൾ എന്ന് ലേബൽ ചെയ്തിരിക്കുന്ന ഇവയ്‌ക്ക് ഇന്ത്യയിലേക്കുള്ള നിയമാനുസൃതമായ ഇറക്കുമതി തെളിയിക്കുന്ന രേഖകളില്ലാതെയാണ് കണ്ടെത്തിയത്. അത്തരം രേഖകളുടെ അഭാവത്തിൽ ഈ മരുന്നുകൾ വ്യാജമാണെന്ന് കരുതപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു.
അന്വേഷണ സംഘം നിരവധി പാക്കിംഗ് സാമഗ്രികളും കണ്ടെത്തി. ഇത് പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ശരിയായ അന്വേഷണം ഉറപ്പാക്കാൻ മരുന്നുകളുടെ സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
അറസ്റ്റിലായ ഉടമയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും കൂടുതൽ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: