ഇടുക്കി: കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് സൊസൈറ്റിയുടെ മുന്നില്‍ ആത്മഹത്യചെയ്ത നിക്ഷേപകന്‍ സാബുവിനെ അധിക്ഷേപിച്ച് എം.എം.മണി. സാബുവിന്റെ ആത്മഹത്യ സിപിഎമ്മിന്റെ തലയില്‍ വെയ്‌ക്കേണ്ടെന്നും ബി.ജെ.പി.യും കോണ്‍ഗ്രസും ഞങ്ങളെ മെക്കിട്ട് കേറാന്‍ വരേണ്ടന്നും എം.എം മണി പറഞ്ഞു. സാബുവിന്റെ മരണത്തിൽ വിആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ലെന്നും മണി പറഞ്ഞു.
കട്ടപ്പനയില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എം മണി. ‘വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ട. സാബുവിന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ബാങ്ക് ഭരണസമിതിയുടെ പ്വര്‍ത്തനത്തില്‍ നിന്നോ പ്രസിഡന്റ് വി.ആര്‍.സജിയുടെയോ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. സിപിഎമ്മിനോ എല്‍ഡിഎഫിനോ സാബുവിന്റെ ആത്മഹത്യയില്‍ പങ്കില്ല. ബി.ജെ.പി.യും കോണ്‍ഗ്രസും ഞങ്ങളെ മെക്കിട്ട് കേറാന്‍ വരേണ്ട.
അങ്ങനെയാന്നും വീഴുന്ന പ്രസ്ഥാനമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി. മാനം ഇടിഞ്ഞുവീണാലും തടയാൻ നോക്കുന്നതാണ് ഞങ്ങളുടെ മനോഭാവം. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോയെന്നും ചികിത്സിച്ചിരുന്നോയെന്നും ഡോക്ടറെ കാണിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതാണ്. എന്നാൽ, ഞങ്ങളുടെ തലയിൽ കെട്ടിവെക്കാൻ നിന്നാൽ ഏതു മാന്യനായാലും ഒന്നും ചെയ്യാനാകില്ലെന്നും അത്തരം വിരട്ടലൊന്നും വേണ്ടെന്നും എംഎം മണി പറഞ്ഞു.
ഇനിയും ആ കുടുംബത്തിന് സഹായങ്ങള്‍ ചെയ്യാന്‍ ബാങ്കും സിപിഎമ്മും സന്നദ്ധമാണ്. അതുകൊണ്ട് ഈ പാപം ഞങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കണ്ട – എം.എം മണി പറഞ്ഞു. ഡിസംബര്‍ 20-നായിരുന്നു കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്‌ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സാബുവിന്റെ കുറിപ്പും കണ്ടെടുത്തിരുന്നു.
സാബുവിനെ സിപിഎം ജില്ലാ കമ്മിറ്റി അംഗവും സൊസൈറ്റി പ്രസിഡന്‍റുമായ വിആര്‍ സജി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചിരുന്നു. സജി ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. എന്നാൽ, സജിക്കെതിരെ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. കേസിൽ സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചിരുന്നു. സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈൽ ഫോണും മൊഴികളും പരിശോധിക്കാനാണ് പോലീസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: