പാലക്കാട്: കേരള പോലീസിന്റെ പൊതുജന സിറ്റിസണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ തുണയില്‍ നല്കുന്ന പരാതികളില്‍ അന്വേഷണ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ആക്ഷേപം. പാലക്കാട് സ്വദേശിയാണ് ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി മുമ്പാകെ പരാതി അറിയിച്ചത്. കണ്ണൂര്‍ പരിയാരം പഞ്ചായത്ത് പരിസരങ്ങളില്‍ നടക്കുന്ന അനധികൃത മണ്ണെടുപ്പ് തടയുന്നതുമായി ബന്ധപ്പെട്ട് കേരള പോലീസിന്റെ പൊതുജന പരാതി പോര്‍ട്ടലായ തുണയില്‍ നല്കിയ പരാതിയിലാണ് യാതൊരു വിവരവുമില്ലെന്ന ആക്ഷേപം ഉയരുന്നത്.
പരിയാരം പോലീസ് സ്റ്റേഷനില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിക്കാരനെ വിളിച്ചതല്ലാതെ വിവരങ്ങള്‍ തിരക്കുകയോ പിന്നീട് പലതവണ തിരിച്ചുവിളിച്ചിട്ടും ഉദ്യോഗസ്ഥന്‍ ഫോണ്‍ എടുക്കുകയോ ചെയ്യുന്നില്ലത്രെ. ഇതേ പഞ്ചായത്തു പ്രദേശത്തെ പുഴകളില്‍ നടക്കുന്ന അനിയന്ത്രിത മണല്‍ കടത്തുമായി ബന്ധപ്പെട്ട് തുണയില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയിലെ തുടര്‍നടപടി സംബന്ധിച്ചും പരാതിക്കാരന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ നവംബറിലാണ് ഈ പരാതി തുണയില്‍ രജിസ്റ്റര്‍ ചെയ്തത്. പരാതികളില്‍ തുടരന്വേഷണവും നടപടി സംബന്ധിച്ച വിവരങ്ങളും പരാതിക്കാര്‍ അറിയുന്നില്ലെങ്കില്‍ പോലീസിന്റെ ഈ പൊതുജന പോര്‍ട്ടല്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്നും പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: