തിരുവനന്തപുരം: 63-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും കലാധ്യാപകര്‍ പുറത്ത്. വര്‍ഷങ്ങളായി ഉദ്ഘാടന വേദിയില്‍ കലാധ്യാപകര്‍ അവതരിപ്പിച്ചിരുന്ന സ്വാഗതഗാനം ഒഴിവാക്കി. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത് ദൃശ്യവിസ്മയ കമ്മിറ്റിയെ മറികടന്ന്. ദൃശ്യവിസ്മയ കമ്മിറ്റി ഒരുക്കിയ ദൃശ്യവിരുന്നിന് അനുമതി നല്‍കിയില്ല. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലെന്ന് ആരോപണം.
വര്‍ഷങ്ങളായി സംഗീത അദ്ധ്യാപകരാണ് കലോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ സ്വാഗതഗാനം ആലപിക്കുന്നത്. ഇത്തവണ അതു വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതോടെ സംഗീത അദ്ധ്യാപകര്‍ കലോത്സവ വേദിക്ക് പുറത്തായി. സമാനരീതിയിലാണ് ദൃശ്യവിസ്മയ കമ്മിറ്റിയെയും ഒഴിവാക്കിയത്. ദൃശ്യവിസ്മയ കമ്മറ്റിയാണ് കലോത്സവത്തിന് സ്വാഗതഗാനവും ദൃശ്യവിസ്മയവും ഒരുക്കേണ്ടത്. കലാധ്യാപകരുടെ സംഘടനയായ പ്രൈവറ്റ് സ്‌കൂള്‍ സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് എന്ന സംഘടനക്ക് ചുമതലയും നല്‍കി. ദൃശ്യവിസ്മയത്തിനുള്ള പദ്ധതിയും തയ്യാറാക്കി. തിരുവന്തപുരം ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു മണിക്കൂര്‍ ദൃശ്യ വിസ്‌സമയമാണ് ഒരുക്കിയത്. ഇത് വിദ്യാഭ്യാസ ഉപഡയറക്‌റെ അറിയിച്ചു. എന്നാല്‍ ദൃശ്യവിസ്മയം ഒഴിവാക്കിയെന്നായിരുന്നു മറുപടി ലഭിച്ചത്.
തുടര്‍ന്ന് ദൃശ്യവിസ്മയ കമ്മിറ്റി പരാതി ഉന്നയിച്ചപ്പോള്‍ ദൃശ്യവിസ്മയത്തിന് കമ്മിറ്റിയുടെ സേവനം ആവശ്യമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. വീണ്ടും പരാതികള്‍ ഉന്നയിച്ചപ്പോള്‍ അരമണിക്കൂര്‍ പരിപാടിക്ക് അനുമതി നല്‍കി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ യുപി വിഭാഗം സംഘനൃത്തവും മറ്റൊരു സ്‌കൂളില്‍ നിന്നുള്ള ഇരുള നൃത്തവും മാജിക്ക് ഷോയും സജ്ജീകരിച്ചു. ഈ വിവരം സ്‌കൂളുകളില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ മാജിക്ക്‌ഷോക്ക് മാത്രം അനുമതി നല്‍കി. അതുമായി മുന്നോട്ടുപോയി. ഒടുവില്‍ മാജിക് ഷോക്കും അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ ദൃശ്യവിസ്മയം ഇല്ലാതെയാകും കലോത്സവത്തിന് തിരശ്ശീല ഉയരുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാറാണ് ദൃശ്യവിസ്മയ കമ്മിറ്റിയുടെ ചെയര്‍മാന്‍. അദ്ദേഹമാകട്ടെ പനിയെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടുമില്ല.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ദൃശ്യവിസ്മയം വേണ്ടെന്നും സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം മാത്രം മതിയെന്നും തീരുമാനിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: