പലസ്തീന് വിഷയത്തില്‍ ഇസ്രായേലിനെതിരെ പ്രയോഗിച്ച തന്ത്രങ്ങളാണ് കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിനെതിരെ സൊറോസും മുസ്ലിം ബ്രദര്‍ഹുഡും, ജമാ അത്തും മറ്റ് ഇസ്ലാമിക ഭീകരവാദ സംഘടനകളും പ്രയോഗിക്കുന്നത്. ഇതിനെ ബോയിക്കോട്ട് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ്-സാങ്ഷന്‍ അഥവാ ‘ബിഡിസ് പ്രസ്ഥാനം ‘എന്നാണ് വിളിക്കുന്നത്. ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും, നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും, സാമ്പത്തിക രാഷ്‌ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും വേണ്ടി അമേരിക്ക കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്രായേല്‍ വിരുദ്ധ സൊറോസ്- ഇസ്ലാമിക നീക്കമാണിത്. ‘അമേരിക്കന്‍ മുസ്ലീംസ് ഫോര്‍ പാലസ്തീന്‍, സെന്റര്‍ ഫോര്‍ ഇസ്റ്റാം ആന്‍ഡ് ഗ്ലോബല്‍ അഫയേഴ്‌സ്, ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്, ‘ഫ്രണ്ട്സ് ഓഫ് സബീല്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകളാണ് ഇതിന് നേതൃത്വം നല്‍കിയത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, അഭയാര്‍ത്ഥി ശൃംഖലകള്‍, വനിതാ സംഘടനകള്‍ തുടങ്ങിയ 120ഓളം മുസ്ലിം സംഘടനകളാണ് ഇസ്രയേലിനെതിരെ 2005ല്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഖത്തറില്‍ ജനിച്ച് ഈജിപ്റ്റില്‍ വളര്‍ന്ന പാലസ്തീന്‍ പ്രവര്‍ത്തകന്‍ ഒമര്‍ ബര്‍ഗ്നൗലിയാണ് ഇതിന്റെ സ്ഥാപകന്‍.
2009 ല്‍ ‘ദി റസല്‍ ട്രിബൂണല്‍ ഓണ്‍ പാലസ്തീന്‍ എന്നൊരു അന്തര്‍ദേശീയ ട്രിബൂണലിനു ബ്രസല്‍സില്‍ വെച്ച് ഇവര്‍ രൂപം നല്‍കി. മനുഷ്യാവകാശങ്ങളുടെ പേരില്‍ ഇസ്രായേലിനെതിരെ നിരന്തരം വാദങ്ങള്‍ നിരത്തി ആഗോള തലത്തില്‍ ഇസ്രായേലിന് എതിരായ മനോഭാവം സൃഷ്ടിക്കാന്‍ ആഖ്യാനം ചമയ്‌ക്കുകയായിരുന്നു ലക്ഷ്യം. ലോകത്തിലെ വിവിധ നഗരങ്ങളില്‍ ഇത് പ്രകാരം വാദങ്ങള്‍ നടന്നു. ഇവിടെയെല്ലാം ഇസ്രായേലിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളുമുണ്ടായി.
2005ലാണ് അമേരിക്കന്‍ മുസ്ലീംസ് ഫോര്‍ പാലസ്തീന്‍ എന്ന സംഘടന സ്ഥാപിക്കുന്നത്. സ്റ്റുഡന്റസ് ഫോര്‍ ജസ്റ്റിസ് ഇന്‍ പലസ്തീന്‍ എന്ന സംഘടന 1992ലും ഫ്രണ്ട്സ് ഓഫ് സബീല്‍ ഓഫ് നോര്‍ത്ത് അമേരിക്ക അഥവാ എഫ്ഒഎസ്എന്‍എ 1998ലും സ്ഥാപിക്കപ്പെട്ടു. മുസ്ലീം ബ്രദര്‍ഹുഡിന്റെ ഭീകരവാദ ഗ്രൂപ്പായ അല്‍-ഹക്സിന്റെ സഹസ്ഥാപകനാണ് എഫ്ഒഎസ്എന്‍എയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോനാഥന്‍ കുത്തബ്.
അല്‍-ഹക്സി’ന്റെ ജനറല്‍ ഡയറക്ടര്‍ ഷോണ്‍ റത്തേബ് അബ്ദുല്ല ജബറിന്‍ ‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍’ അഥവാ ‘പിഎഫ്എല്‍പി’ യെന്ന ഭീകര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണ്. മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ പേരില്‍ പിഎഫ്എല്‍പിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരവാദം പരിശീലിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന്് ജബാറിന്‍ 1985ല്‍ അറസ്റ്റിലാവുകയും പിഎഫ്എല്‍പിയുമായുള്ള ബന്ധം കാരണം ഇസ്രായേലിലേക്കും ജോര്‍ദാനിലേക്കും യാത്ര ചെയ്യുന്നത് വിലക്കപ്പെടുുകയും ചെയ്തു. ഇസ്രായേലിനെതിരായ ബിഡിഎസ് നീക്കത്തിനു ജോര്‍ജ് സൊറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ 2009-ല്‍ അല്‍-ഹക്സിന് 200,000 യുഎസ് ഡോളര്‍ നല്‍കി. 2016-20 കാലത്തും 2 മില്യണ്‍ യു എസ് ഡോളര്‍ നല്‍കി. ബിഡിഎസ് നീക്കത്തിന്റെ ഭാഗമായ മറ്റൊരു സംഘടനയാണ് സമി അല്‍-അറിയന്‍ രൂപം നല്‍കിയ ‘സെന്റര്‍ ഫോര്‍ ഇസ്ലാമിക് ആന്‍ഡ് ഗ്ലോബല്‍ അഫേഴ്സ്’ അഥവാ സിഐജിഎ. ഭീകരവാദ സംഘടനയായ ‘പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിന് ‘ സഹായം ചെയ്തുവെന്ന കുറ്റത്തിന് അമേരിക്കയില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ തുര്‍ക്കിയിലേക്ക് നാടുകടത്തി. തുടര്‍ന്ന് ഇസ്താബുള്ളിലാണ് 2017ല്‍ സിഐജിഎ സ്ഥാപിതമാവുന്നത്. ഈ സംഘടകളുടെയെല്ലാം സംയുക്ത നീക്കമാണ് കശ്മീര്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ ഭാരതത്തിനെതിരെ നടക്കുന്നത്. അതില്‍ ജോര്‍ജ് സൊറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടെഷനും പണം നല്‍കുന്നുണ്ട്. ഇതിനായി മുസ്ലിം ബ്രദര്‍ഹുഡ്, ഖത്തര്‍, തുര്‍ക്കി, പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ശൃംഖല 2021ല്‍ തന്നെ ബോസ്നിയ കേന്ദ്രീകരിച്ചു ഭാരതത്തിനെതിരെയുള്ള ബിഡിഎസ് പ്രവര്‍ത്തനമാരംഭിച്ചു.
ഇതിന്റെ തുടര്‍ച്ചയായി ‘റസല്‍ ട്രിബുണല്‍ ഓണ്‍ പലസ്തീന് സമാനമായി ‘റസല്‍ ട്രിബൂണല്‍ ഫോര്‍ കശ്മീര്‍’ സ്ഥാപിക്കപ്പെട്ടു. ഇതിന്റെ ആദ്യ കൂടിക്കാഴ്ച 2021 ഡിസംബര്‍ 17-19 തീയതികളില്‍ ബോസ്നിയയിലെ സരജേവോയിലും ഹെര്‍സഗോവിനയിലും നടന്നു. ‘വേള്‍ഡ് കശ്മീര്‍ അവയര്‍നസ് ഫോറം’, ‘പെര്‍മനന്റ് പീപ്പിള്‍സ് ട്രിബ്യൂണല്‍ ഓഫ് ബൊലോഗ്ന ഇറ്റലി’, ‘നഹ് ല (സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) ജബീറ ബാല്‍ക്കന്‍സ്’ എന്നിവയ്‌ക്കൊപ്പം കാശ്മീര്‍ സിവിറ്റാസ് ട്രിബ്യൂണല്‍ ആണ് ഇത് സംഘടിപ്പിച്ചത്. ലണ്ടന്‍, ബെയ്ജിങ്, റോം, ഇസ്താംബുള്‍, ടൊറന്റോ എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ ശാഖകളുള്ളതും ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ഭാരത വിരുദ്ധ ഇസ്ലാമിക സംഘടനയാണ് ‘കശ്മീര്‍ സിവിറ്റാസ്’ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ‘ഫര്‍ഹാന്‍ മുജാഹിദ് ചക്’ ആണ് ഇതിന്റ ചെയര്‍മാന്‍. മുസ്ലിം ബ്രദര്‍ഹുഡ് നല്‍കുന്ന 2005ലെ ഐ. ഐ.ഐ.ടി ഗവേഷണ അവാര്‍ഡ് ജേതാവ് കൂടിയായ ഇദ്ദേഹം ഇസ്ലാമാബാദ് കേന്ദ്രമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമാണ്. ഭാരതതിനെതിരെയുള്ള ബി.ഡി.എസ് നീക്കം ആരംഭിച്ചതിനു മൂന്ന് മാസത്തിനു ശേഷം അതിന്റെ പ്രവര്‍ത്തന തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന 32 പേജുകളുള്ള ഒരു ‘ടൂള്‍ കിറ്റ്’ 2022 മാര്‍ച്ച് 22 ന് ‘കശ്മീര്‍ സിവിറ്റാസ്’ തയ്യാറാക്കി. ഭാരത കായിക- സാംസ്‌കാരിക, അക്കാദമിക് സ്ഥാപനങ്ങളും ഭാരതത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്ന എല്ലാ ദേശീയ , അന്തര്‍ദേശീയ കമ്പനികളും ബഹിഷ്‌കരിക്കുക, ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി ഭാരതത്തില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കാന്‍ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തുക, ഭാരതത്തിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനും ഭാരത ബിസിനസുകളുമായുള്ള വ്യാപാരം നിരോധിക്കാനും ആഗോളതലത്തില്‍ ഭാരതവുമായുള്ള സൈനിക ബന്ധങ്ങളും കരാറുകളും വിച്ഛേദിക്കുവാനും ആത്യന്തികമായി അത് അവസാനിപ്പിക്കാനും ഗവണ്‍മെന്റുകളെ സമ്മര്‍ദ്ദത്തിലാക്കുക, അന്താരാഷ്‌ട്ര ഫോറങ്ങളില്‍ ഭാരതത്തിന്റെ അംഗത്വം അസാധുവാക്കാന്‍ പ്രചാരണം നടത്തുക കുടങ്ങിയവയാണ് അവര്‍ കണ്ടെത്തിയ ടൂള്‍ കിറ്റ് തന്ത്രങ്ങള്‍. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ 2019 ഓഗസ്റ്റ് 7ന് ‘അമേരിക്കന്‍ മുസ്ലിം ഫോര്‍ പാലസ്തീന്‍(എ.എം.പി) പ്രസ്താവനയിറക്കിയിരുന്നു. ഇതിന്റെ സ്ഥാപകനായ ഹദീ ബസിയാനെ ‘റസല്‍ ട്രിബൂണല്‍ ഓഫ് കാശ്മീരി’ന്റെ ജഡ്ജിയായി മുന്‍പ് നിയമിച്ചിരുന്നു. എഎംപിക്ക് കശ്മീര്‍ വിഷയത്തിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് പാക് സംഘടനകളായ ‘സ്റ്റാന്‍ഡ് വിത്ത് കാശ്മീരും’ അമേരിക്കയിലെ ജമാ അത്ത് ഇസ്ലാമിയുടെ സൗണ്ട് വിഷന്‍ എന്ന സംഘടനയുമാണ്.
ഒരു മാസത്തിനുശേഷം 2019 സെപ്റ്റംബര്‍ 21-ന് ‘സ്റ്റാന്‍ഡ് വിത്ത് കാശ്മീര്‍’, ‘അലയന്‍സ് ഓഫ് സൗത്ത് ഏഷ്യന്‍സ് ടേക്കിംഗ് ആക്ഷന്‍’, ‘ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് ബേ ഏരിയ’ എന്നിവയ്‌ക്കൊപ്പം ചേര്‍ന്നു കൊണ്ടു സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെറി കെട്ടിടത്തില്‍ ‘ഫ്രീ കശ്മീര്‍’ അഥവാ ‘സ്വതന്ത്ര കശ്മീര്‍’ പരിപാടി സംഘടിപ്പിക്കപ്പെട്ടു. ഈ പരിപാടികളിലെല്ലാം ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ സഹസ്ഥാപകന്‍ രാജു രാജഗോപാല്‍ മറ്റ് സംഘടനകളോടോപ്പം പങ്കെടുത്തു. ഒട്ടേറെ പാലസ്തീന്‍ സംഘടനകളുടെയും അമേരിക്ക കേന്ദ്രമായ നിരവധി പാക് ജമാ അത്ത് സംഘടനകളുടെയും ഭാരതത്തിലേയ്‌ക്കുള്ള പാലമായാണ് ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ അമേരിക്കയിലെ എയില്‍, കൊളൊമ്പിയ, ഹവാര്‍ഡ് തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ ആരംഭിച്ച ‘സ്റ്റുഡന്റസ് എഗൈന്‍സ്റ്റ് ഹിന്ദുത്വ ഐഡിയോളജി’ യെന്ന സംഘടനായുമായും ഇവര്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 2023 ജനുവരി 16 മുതല്‍ 20 വരെ ദാവോസില്‍ നടന്ന ‘ലോക സാമ്പത്തിക ഫോറ’ത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് ഒരു കത്ത് ‘ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കമ്മ്യൂണിറ്റി’, ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ‘ജസ്റ്റിസ് ഫോര്‍ ആള്‍’, ‘ഇന്ത്യ സിവില്‍ വാച്ച്’, ‘ദി ഹ്യുമനിസം പ്രൊജക്റ്റ്’ തുടങ്ങിയ സംഘടനകള്‍ നല്‍കി. ഉത്തര്‍പ്രദേശിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഈ മീറ്റിങ്ങില്‍ പങ്കെടുത്ത ജോര്‍ജ് സോറോസ് ‘ഭാരതത്തില്‍ ജനാധിപത്യ പുനരുജ്ജീവനം പ്രതീക്ഷിക്കുന്നതായി’ അഭിപ്രായപ്പെട്ടു.
ചുരുക്കത്തില്‍ 2005 മുതല്‍ ഇസ്രായേല്‍ നേരിടുന്ന സംഘടിത ഇസ്ലാമിക നീക്കത്തിന് സമാനമാണ് കാശ്മീരിന്റെ പേരില്‍ ഭാരതത്തിനെതിരെ തുടക്കം കുറിച്ചിരിക്കുന്നത്. അത് പഞ്ചാബിലും തമിഴ്നാട്ടിലും ബംഗാളിലും വടക്ക് കിഴക്കും കാശ്മീരിലുമുള്‍പ്പടെ, ദളിത് -ന്യൂനപക്ഷ പീഡനം തുടങ്ങി വിവിധ രൂപത്തില്‍ ആഭ്യന്തര-വിദേശ ശത്രുക്കളുടെ സഹായത്തോടെ തലപൊക്കും. അതിന് സൊറോസിന്റെ ധനസഹായവും രാജ്യത്തിനകത്തും പുറത്തുമുള്ള ഇസ്ലാമിക ശക്തികളുടേയും അവരെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ് പോലെയുള്ള സംഘടനകളുടെയും രാഷ്‌ട്രീയ പിന്തുണയും ലഭിക്കും.
(അവസാനിച്ചു)
(ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക