മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങ് മരണമടഞ്ഞതിന് പിന്നാലെ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതെല്ലാം കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാവുകയുമാണ്. പ്രതീക്ഷിച്ചത് ഒന്നും സംഭവിച്ചത് മറ്റൊന്നും ആയതിലുള്ള മനോവ്യഥയാണ് കോണ്‍ഗ്രസിന് എന്ന് വേണം കരുതാന്‍.
മന്മോഹന്സിങ്ങ് പ്രധാനമന്ത്രിയായിരിക്കെത്തന്നെ അദ്ദേഹത്തെയും ആ പദവിയെയും അപമാനിച്ചവരാണ് കോണ്‍ഗ്രസും അതിന്റെ നേതൃപദവിയിലിരുന്ന നെഹ്റു കുടുംബവും. ബിജെപി- എന്‍ഡിഎ, സര്‍ക്കാര്‍ ഭരണത്തിലിരിക്കെതകയാണല്ലോ അദ്ദേഹം മരണമടഞ്ഞത്. ആ സമയത്ത് രാജ്യംഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മന്‍മോഹന്‍സിങ്ങിന് സര്‍വ്വ ആദരവും പൂര്‍ണ ബഹുമാനവും നല്‍കുന്നത് രാജ്യംകണ്ടു. അതു പക്ഷേ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നുറപ്പാണ്. മന്മോഹന് പ്രധാനമന്ത്രിയായിരിക്കെ, സോണിയ ഗാന്ധിയെ യുപിഎ അധ്യക്ഷയാക്കി സൂപ്പര്‍ പ്രധാനമന്ത്രിയായി പ്രതിഷ്ഠിച്ച് പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. പ്രധാന തീരുമാനങ്ങളെല്ലാം യുപിഎ അധ്യക്ഷയില്‍ നിന്നായിരുന്നെങ്കിലും വിമര്‍ശനം ഏറ്റുവാങ്ങിയത് പ്രധാനമന്ത്രിയെന്ന നിലയില്‍ മന്മോഹന് സിങ്ങായിരുന്നു.
പ്രധാനമന്ത്രിയായിരിക്കെ മന്മോഹന് സിങ്ങിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവം ഉണ്ടായതും നെഹ്റുകുടുംബത്തില്‍ നിന്ന് തന്നെയാണ്. രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെടുന്ന ഏത് എംപിയും ഉടന്‍ അയോഗ്യനാക്കപ്പെടുമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ മന്മോഹന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പരസ്യമായി കീറിയെറിഞ്ഞത് രാഹുല്‍ ഗാന്ധിയായിരുന്നു. അന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റും ലോക്സഭാംഗവും ആയിരുന്നു രാഹുല്‍. ഇതില്‍ കൂടുതല്‍ അപമാനവും വേദനയും മന്മോഹന് സിങ്ങിന് മറ്റാരില്‍ നിന്നും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഈ സംഭവത്തിനുശേഷം അദ്ദേഹം രാജിക്കത്ത് കീശയില്‍ കൊണ്ടു നടന്നു എന്നാണ് സംസാരം.
മരണശേഷവും മന്മോഹന് സിങ്ങിന് അര്‍ഹിക്കുന്ന ബഹുമാനം നല്കാന് കോണ്‍ഗ്രസ് തയ്യാറായിയുമില്ല. രാജ്യം മുഴുവന്‍ ദുഃഖിച്ചിരിക്കുമ്പോള്‍ മുന്‍പ്രധാനമന്ത്രിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം. ഡിസംബര്‍ 26ന് രാത്രി 8.06നാണ് അദ്ദേഹത്തെ ദല്‍ഹിയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുന്നത്. 9.51ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞ് എയിംസില്‍ ആദ്യം എത്തിയവരില്‍ ഒരാള്‍ ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായ ജെ.പി. നദ്ദയാണ്. പ്രിയങ്ക വാദ്രയും ആശുപത്രിയിലെത്തിയിരുന്നു. ബാക്കി കോണ്‍ഗ്രസ് നേതാക്കളെല്ലാം കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ പാര്‍ട്ടിയോഗം കഴിഞ്ഞ് ദല്‍ഹിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ഒരു മുന്‍പ്രധാനമന്ത്രി മരണപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട എല്ലാ നടപടിക്രമവും നരേന്ദ്രമോദി സര്‍ക്കാര്‍ പാലിച്ചു. മന്മോഹന് സിങ്ങിനോടുള്ള ആദരസൂചകമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലെ സര്‍ക്കാരിന്റെ പൊതുചടങ്ങുകളും ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ദുഃഖാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവന് ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ദേശീയപതാക താഴ്ത്തിക്കെട്ടി. സംസ്കാരം നടക്കുന്ന ദിവസം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കേന്ദ്രപൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ 27ന് രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മന്മോഹന് സിങ്ങിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രണ്ട് മിനിറ്റ് മൗനം ആചരിക്കുകയും അനുശോചനപ്രമേയം പാസ്സാക്കുകയും ചെയ്തു. മന്മോഹന് സിങ്ങ് രാജ്യത്തിന്റെ വികസനത്തിലും ഉയര്‍ച്ചയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതായി പ്രമേയത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാഷ്ട്രത്തിന് ഒരു പ്രമുഖരാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയും, അതുല്യനായ ഒരു നേതാവിനെയുമാണ് നഷ്ടമായതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും പേരില്‍ അനുശോചനം അറിയിക്കുന്നതായും കേന്ദ്രമന്ത്രിസഭായോഗം പാസ്സാക്കിയ പ്രമേയം വ്യക്തമാക്കി.
ദല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതിക ശരീരത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെടെ എല്ലാവരും എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്നതിനുള്ള നടപടി ക്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. സ്മാരകം നിര്‍മ്മിക്കാന്‍ പ്രത്യേകസ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മണിക്കൂറുകള്‍ക്കകം, സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ നേരിട്ട് കുടുംബത്തെയും കോണ്‍ഗ്രസ് അധ്യക്ഷനെയും അറിയിച്ചു. 2013ല്‍ മന്മോഹന് സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍രാഷ്ട്രപതിമാര്‍, മുന്‍ഉപരാഷ്ട്രപതിമാര്‍ തുടങ്ങിയവര്‍ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ പ്രത്യേകസ്ഥലം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരുന്നു. എന്നാല്‍ സ്മാരകത്തിന് ആവശ്യമുന്നയിച്ച കോണ്‍ഗ്രസ് പഴയ മന്ത്രിസഭാ തീരുമാനം ഓര്‍ത്തില്ല. ഇതോടെ വിവാദമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നാണംകെട്ടു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നിഗംബോധ് ഘട്ടില്‍ സംസ്കാരം നടന്നു. ചിതയിലെ തീ അണയും മുമ്പ് വീണ്ടും വിവാദമുണ്ടാക്കാനായി കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ സംസ്കാരചടങ്ങിന് സ്വീകരിച്ച മുഴുവന്‍ നടപടിക്രമങ്ങളും സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അതും തിരിച്ചടിച്ചു. മുന്‍കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യത്തിന്റെ ആദ്യ ഗവര്‍ണ്ണര്‍ ജനറലുമായിരുന്ന സി. രാജഗോപാലാചാരിയുടെ ചെറുമകന് സി.ആര്. കേശവന്, മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകന് എന്‍.വി. സുഭാഷ്, മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി തുടങ്ങിയവര്‍ പാര്‍ട്ടി കാണിച്ച കൊള്ളരുതായ്മകള്‍ തുറന്നുപറഞ്ഞതോടെ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലായി.
മന്മോഹന് സിങ്ങിന്റെ ചിതാഭസ്മം യമുനയില്‍ നിമഞ്ജനം ചെയ്യുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ, സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ പങ്കെടുത്തില്ല. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മന്മോഹന് സിങ്ങിനോടുള്ള സ്നേഹമോ ബഹുമാനമോ അല്ല വിവാദങ്ങള്‍ക്ക് പിന്നിലെന്നും അവരുടെ യെയ്തികളില്‍ നിന്നുതന്നെ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: