കൊച്ചി: മണിച്ചിത്രത്താഴ് എന്ന സിനിമയിലെ സംഗീതവുമായി ബന്ധപ്പെട്ട് രസകരമായ അനുഭവമാണ് ഈയിടെ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലില്‍ പങ്ക് വെച്ചത്. സംവിധായകന്‍ എം.ജി.രാധാകൃഷ്ണന്‍ ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും രാത്രിക്ക് രാത്രി മുങ്ങിയ കഥയാണ് ഇത്.
പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു മീട്ടി….ഈ ഗാനം എഴുതിയത് ബിച്ചുതിരുമലയാണ്. മറക്കാനാവില്ല ഈ ഗാനത്തിലെ വരികള്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഡോ. സണ്ണി എന്ന മനശ്ശാസ്ത്രജ്ഞന്‍ ഉന്മാദിനിയായ ശോഭനയ്‌ക്കും ഭ്രാന്തില്ലെങ്കിലും ഭ്രാന്തുണ്ടെന്ന് ഡോ. സണ്ണി തന്നെ പറഞ്ഞുപരത്തിയ നടി വിനയപ്രസാദിനും ഇടയില്‍ ശ്വാസം മുട്ടുകയാണ്. ആ മനയിലെ എല്ലാ കഥാപാത്രങ്ങളും പല രീതിയിലുള്ള വിഷമസന്ധിയില്‍പെട്ടുഴലുകയാണ്. ഈ സിറ്റുവേഷനെ കാണിക്കാനാണ് പഴന്തമിഴ് പാട്ടിഴയും എന്ന ഗാനം ഉപയോഗിച്ചിരിക്കുന്നത്.
അടിമുടി ദുരൂഹതയും മന്ത്രവാദവും അന്ധവിശ്വാസങ്ങളും നിറഞ്ഞ കഥയാണ് മണിച്ചിത്രത്താഴിന്‍റേത്. വേദങ്ങളിലും പുരാണങ്ങളിലും നല്ല അറിവുള്ള ആളാണ് തിരക്കഥ രചിച്ചിരിക്കുന്ന മധു മുട്ടം. അദ്ദേഹത്തിന് ചില അന്ദവിശ്വാസങ്ങളുണ്ട്. ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഭയമാണ്. ബസില്‍ സൈഡ് സീറ്റില്‍ യാത്ര ചെയ്യില്ല. കാറില്‍ യാത്ര ചെയ്യുമ്പോള്‍ മുന്‍സീറ്റില്‍ ഇരിക്കില്ല. പക്ഷെ അദ്ദേഹം തിരക്കഥ എഴുതുമ്പോള്‍ വിശദമായാണ് എഴുതുക. ഫാസില്‍ അതിലെ കാതലായ ഭാഗം മാത്രമേ എടുത്തു ഷൂട്ട് ചെയ്യാറുള്ളൂ.
ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ആലപ്പുഴയിലെ ഹോട്ടലില്‍ ബിച്ചുതിരുമല ഈ ഗാനം എഴുതിയത്. എംജി രാധാകൃഷ്ണനാണ് സംഗീതം. ബിച്ചുതിരുമല-എംജി രാധാകൃഷ്ണന്‍ കൂട്ടുകെട്ട് അന്ന് പ്രശസ്തമാണ്. ഇവര്‍ ആലപ്പുഴ ലോഡ്ജിലെ പല പല മുറികളില്‍ മാറിമാറിയിരുന്ന് സംഗീതസംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ചുവരികയായിരുന്നു.
ഒരു ദിവസം പാട്ട്കേള്‍ക്കാന്‍ ഫാസിലും ഫാസിലിനൊപ്പം ആലപ്പി അഷ്റഫും പോയി. വരികളില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിതനുസരിച്ച് ബിച്ചു അത് മാറ്റിക്കൊടുത്തു.
ബിച്ചുവിന്റെ പഴന്തമിഴ് പാട്ടിഴയും എന്ന ഗാനം ചെയ്യാന്‍ എം.ജി. രാധാകൃഷ്ണന്‍ തെരഞ്ഞെടുത്തത് ആഹിരി(ആഹരി എന്നും വിളിക്കും) എന്ന രാഗമാണ്. വിഷാദമാണ് ഈ രാഗത്തിന്റെ സവിശേഷത. ഒരു പ്രണയവിരഹവും ഈ രാഗത്തില്‍ സ്ഫുടം ചെയ്തെടുക്കുന്നുണ്ട് എം.ജി. രാധാകൃഷ്ണന്‍. അതിനും കെങ്കേമമാണ് അഹരി രാഗം. പല തരം പ്രണയവിരഹങ്ങള്‍ മണിച്ചിത്രത്താഴിലുണ്ട്. തന്റെ കാമുകനെ കണ്ടെത്താന്‍ കഴിയാത്ത ശോഭനയുടെ ദുഖം, ഡോ. സണ്ണിയ്‌ക്ക് പുറത്തുപറയാന്‍ കഴിയാത്തതെങ്കിലും ഉള്ളില്‍ വിനയപ്രദാസിനോട് തോന്നുന്ന പ്രണയംത്തിന്റെ വിരഹം, പിന്നെ രുദ്രയുടെയും സുധീഷിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയവിരഹം….
പക്ഷെ ആഹരി രാഗത്തില്‍ പാട്ട് ചെയ്താലും ആ രാഗത്തില്‍ പാടിയാലും അന്നം കിട്ടില്ല, അവര്‍ ദരിദ്രരാകും എന്നൊരു ചൊല്ലുണ്ട്. ഇത് എം.ജി. രാധാകൃഷ്ണന്റെ ഉള്ളില്‍ ഭയമുണര്‍ത്തിയത്രെ. അദ്ദേഹം ഈ പാട്ട് ചെയ്ത ഉടന്‍ രായ്‌ക്കുരാമാനം ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും മുങ്ങിയെന്ന് ആലപ്പി അഷ്റഫ് പറയുന്നു. (സംഗീതജ്ഞരില്‍ മറ്റൊരു വിഭാഗം ആഹരി രാഗത്തെ പുകഴ്‌ത്തി പറയാറുമുണ്ട്. ഉച്ചയ്‌ക്ക് ആഹരി രാഗം പാടിയാല്‍ ഊണ് താനേ വന്നുകൊള്ളും എന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. )
പ്രതികരിക്കാൻ ഇവിടെ എഴുതുക