മുംബൈ: ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരം കൂടി ഏഴ് കൊടുമുടികള്‍ താണ്ടി പുതുചരിത്രം രചിച്ച് മുംബൈ സ്വദേശി കാമ്യ കാര്ത്തികേയന്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായി മുംബൈ നേവി ചില്‍ഡ്രന്‍ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാമ്യ. കഴിഞ്ഞ ആഴ്ച അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിന്‍സെന്റും കീഴടക്കിയതിന് പിന്നാലെയാണ് ഈ പതിനേഴുകാരി റിക്കാര്‍ഡുകള്‍ മറികടന്നത്.
2017 ഒക്ടോബറില്‍ ആഫ്രിക്കയിലെ കിളിമഞ്ചാരോ പര്‍വതം, 2018 ജൂണില്‍ യൂറോപ്പിലെ മൗണ്ട് എല്‍ബ്രസ്, 2018 നവംബറില്‍ ഓസ്ട്രേലിയയുടെ മൗണ്ട് കോസ്സിയൂസ്കോ, 2020 ഫെബ്രുവരിയില്‍ തെക്കേ അമേരിക്കയിലെ മൗണ്ട് അക്കോണ്‍കാഗ്വ, 2020 ഫെബ്രുവരിയില്‍ വടക്കേ അമേരിക്കയിലെ ഡനാലി, 2022 മെയില്‍ മൗണ്ട് എവറസ്റ്റ് എന്നിവ കാമ്യ കീഴടക്കിയിരുന്നു. ഏഴ് വയസുള്ളപ്പോള്‍ ചന്ദ്രശില കൊടുമുടിയിലേക്കുള്ള ട്രക്കിങ്ങാണ് കാമ്യയുടെ പര്‍വതാരോഹണത്തിന്റെ തുടക്കം.
അക്കോണ്‍കാഗ്വ പര്‍വതം കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി, ഡെനാലി പര്‍വതത്തിന്റെ മുകളില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കയ്ക്കു പുറത്തുനിന്നുള്ള വ്യക്തി, എല്‍ബ്രസ് പര്‍വതത്തിനു മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി… തുടങ്ങിയവയൊക്കെ കാമ്യ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത റിക്കാര്‍ഡുകളാണ്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി, എവറസ്റ്റ് കീഴടക്കിയ ശേഷമാണ് ഏഴ് ഭൂഖണ്ഡങ്ങളിലെ ഏഴ് കൊടുമുടികള്‍ കീഴടക്കുകയെന്ന ലക്ഷ്യത്തിലേക്ക് കാമ്യ കടന്നത്. അതിന്റെ അവസാന ചുവടായിരുന്നു മൗണ്ട് വിന്‍സെന്റിലേക്കുള്ള ട്രക്കിങ്. നാവികസേനയില്‍ കമാന്‍ഡറായ അച്ഛന് എസ്. കാര്ത്തികേയനൊപ്പമായിരുന്നു 16,05,0 അടി ഉയരത്തിലുള്ള മൗണ്ട് വിന്‍സെന്റിലേക്കുള്ള കാമ്യയുടെ ട്രക്കിങ്.
ട്രക്കിങ് പൂര്‍ത്തിയായതിന് പിന്നാലെ കാമ്യയെയും അച്ഛനെയും നാവിക സേന അഭിനന്ദനങ്ങളറിയിച്ചു. നാവികസേനയ്ക്ക് ഇത് അഭിമാന നിമിഷമെന്നും പ്രസ്താവനയിറക്കി. തന്റെ വിജയം പര്‍വതാരോഹണം സ്വപ്നം കാണുന്ന എല്ലാവര്‍ക്കുമുള്ളതാണെന്ന് അന്റാര്‍ട്ടിക്കയില്‍ നിന്ന് കാമ്യ പ്രതികരിച്ചു. ഓരോ ഉയരങ്ങളും ധൈര്യം, സഹനശക്തി, പ്രപഞ്ചത്തിന്റെ സൗന്ദര്യം തുടങ്ങിയവയെ കുറിച്ചുള്ള പാഠങ്ങളാണ് പഠിപ്പിച്ചത്. സ്വപ്നങ്ങളെ പിന്തുടരുന്നവര്‍ക്ക് എന്റെ യാത്ര പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാമ്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: