Kerala

ഉമ തോമസിന് മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

നിലവില്‍ ആശുപത്രിയിലെ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഉമ തോമസ്

Published by

കൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ 15 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്. വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിച്ചു. ഇതിന് പുറമെ നട്ടെല്ലിലും പരിക്കുണ്ട്.

തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയ ആവശ്യമില്ല. പ്രാഥമികമായി എടുത്ത സി.ടി സ്‌കാനില്‍ എല്ലുകള്‍ക്ക് ഗുരുതരമായ ഒടിവുകള്‍ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകള്‍ക്ക് തുന്നലുകളുള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള ഉമ തോമസിന്റെ പുരോഗതി 24 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

നിലവില്‍ ആശുപത്രിയിലെ വിദഗ്‌ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഉമ തോമസ് . റിനൈ മെഡിസിറ്റിയുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു.ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുളള എം എല്‍ എ അപകടനില തരണം ചെയ്തു എന്ന് പറയാന്‍ കഴിയില്ലെങ്കിലും അതീവ ഗുരുതരാവസ്ഥയിലല്ലെന്നാണ് റിപ്പോര്‍ട്ട്.

കോട്ടയം, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ നിന്നുളള വിദഗ്‌ദ്ധ സംഘം റെനെ ആശുപത്രിയിലെത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by