ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ നാല് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്.
തട്ടിപ്പിന്റെ സൂത്രധാരന്‍ 33-കാരനായ വൈഭവ് പിട്ടാഡിയയാണ്. ക്രെഡിന്റെ ആക്‌സിസ് ബാങ്കിലെ മെയിന്‍ അക്കൗണ്ടിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് ആക്‌സിസ് ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജര്‍ കൂടിയായ വൈഭവ് മനസിലാക്കി. തുടര്‍ന്ന് ഇതിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടാനായി ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തായ നേഹ ബെന്നിനെ വൈഭവ് ഉപയോഗിച്ചു.
ക്രെഡിന്റെ എംഡിയാണെന്ന പേരില്‍ നേഹയെക്കൊണ്ട് അപേക്ഷ അയപ്പിച്ചു. ഇതിനായി ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി. ആക്‌സിസ് ബാങ്കിന്റെ ഗുജറാത്തിലെ അങ്കലേശ്വര്‍ ശാഖയില്‍ വ്യാജമായുണ്ടാക്കിയ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് രേഖയോടൊപ്പം നേഹ അപേക്ഷ നല്‍കി. യൂസര്‍ നെയിമും പാസ് വേഡും നഷ്ടപ്പെട്ടെന്നും പുതിയത് നല്‍കണമെന്നുമായിരുന്നു അപേക്ഷ.
ഇത് അംഗീകരിച്ചതോടെ വൈഭവിന് കോര്‍പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടി. ഇതുവഴി ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍നിന്ന് ചെറിയ തുകകളായി സബ് അക്കൗണ്ടിലേക്ക് പണം മാറ്റി. ഇത്തരത്തില്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ 17 തവണകളായാണ് ഇവര്‍ ഇത്രയും തുക തട്ടിയെടുത്തത്. ശൈലേഷും ശുഭവുമാണ് വ്യാജ രേഖകളുണ്ടാക്കാന്‍ വൈഭവിനെ സഹായിച്ചത്. കൂടാതെ മോഷ്ടിച്ച പണം മാറ്റാനായി ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കി കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: