ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് വിരമിക്കുന്ന കാലത്ത് വ്യസനിക്കുന്നവരെ സമാധാനിപ്പിക്കാന്‍ പലരും പറയുന്ന പ്രയോഗങ്ങളിലൊന്നാണ് വയസ്സൊക്കെ വെറും അക്കങ്ങള്‍ മാത്രമല്ലേ, മനസ്സാണ് പ്രധാനമെന്ന്. പുതുവര്‍ഷപ്പിറവിക്കു മുമ്പ്, വര്‍ഷാന്ത്യത്തില്‍ പലരും എടുക്കുന്ന പ്രതിജ്ഞകള്‍ പോലെയാണ് ഇതും. രണ്ടും ചില പൊള്ളവര്‍ത്തമാനങ്ങള്‍.
വാസ്തവത്തില്‍ വര്‍ഷവും വയസ്സും വ്യക്തിക്കും സമൂഹത്തിനും ചരിത്രപരമായി പ്രധാനം തന്നെയാണ്. വ്യക്തിയുടെ മാനസിക- ശാരീരിക ഘടകങ്ങളെ ബാധിക്കുന്നതാണ് പ്രായം. വൃദ്ധരാകുക എന്നാണ് പ്രായത്തിന്റെ പ്രയോഗം. ജരയും നരയും മാത്രമല്ല ഓര്‍മ്മക്കേടും വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളാണ്. കായിക- മാനസിക- ബൗദ്ധികശേഷിയുടെ ശോഷണം സംഭവിക്കുന്നതുകൊണ്ടാണല്ലോ വിരമിക്കലും അതിന് പ്രായവും നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ മാനദണ്ഡങ്ങള്‍ അതതുകാലത്ത് മാറേണ്ടതുണ്ടോ എന്നത് മറ്റൊരു വിഷയമാണ്. സര്‍ക്കാരിനെ സംബന്ധിച്ച് അത് ഒരു സാങ്കേതിക വിഷയം മാത്രമല്ല, രാഷ്ട്രീയ വിഷയം കൂടിയാണ്.
വര്‍ഷാന്ത്യവും പുതുവര്‍ഷവും ഒരു കലണ്ടര്ത്താള് മറിയുന്നതോ പഴയ കലണ്ടര്‍ തൂങ്ങുന്ന ആണിയില്‍ പുതിയ ആറുപേജ് തൂക്കുന്നതോ മാത്രമല്ല. അത് ആളിനും ആള്‍ക്കൂട്ടത്തിനും ഒരുപോലെ പ്രധാനപ്പെട്ട വിഷയമാണ്; ശരിയായി ജീവിതത്തിന്റെ കണക്കെടുക്കുന്നവര്‍ക്ക്. 365 ദിവസവും ഉറങ്ങാന്‍ ലഹരി വേണമെന്ന ശീലം ചിലര്‍ക്ക് വ്യാപകമായിരിക്കെ ‘ന്യൂ ഇയര്‍ ആഘോഷം’ പോലും ഇന്നത്തെ കാലത്ത് പുതുമയില്ലാത്തതാകുന്നുവെന്നത് സാമൂഹ്യക്രമത്തിലെ ഏറെ മോശമായ മാറ്റമാണ്. ഓണം ആഘോഷിക്കാന്‍, ഓണസദ്യ ഉണ്ണാന്‍ കൊതിയോടെ ഒരു കൊല്ലം കാത്തിരുന്ന തലമുറ ഇന്നില്ല. നിത്യവും ഓണസ്സദ്യ ലഭിക്കുന്ന വിപണിയുടെ ആധിപത്യകാലത്ത് അത്തരത്തിലുള്ള കാല്പനിക സ്വപ്നങ്ങളും സ്വര്‍ഗ്ഗങ്ങളും തമാശകളായി മാത്രമേ പലരും കാണുന്നുള്ളൂ.
പക്ഷേ, വര്‍ഷത്തിന്റെ മാറ്റത്തിന് ചരിത്രത്തില്‍ പ്രാധാന്യമേറെയുണ്ട്. ഉദാഹരണത്തിന് 2025 എത്തുന്നു; രണ്ടു ദിനരാത്രങ്ങള്‍ കഴിഞ്ഞാല്‍ മതി. തുടര്‍ന്നുള്ള 22 വര്‍ഷം കഴിയുമ്പോള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയ്ക്ക് നൂറുവര്‍ഷമാവുകയാണ്. 2024 ഡിസംബര്‍ 26 കടന്നുപോയി. ഭാരതത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നിട്ട് നൂറുവര്ഷമായിക്കഴിഞ്ഞിരുന്നു അന്ന്- മൂന്നു ദിവസം മുമ്പ്. രാഷ്ട്രീയ സ്വയംസേവക സംഘം,
ആര്‍എസ്എസ് രൂപീകൃതമായിട്ട്, നൂറുവര്‍ഷമാവുകയാണ്. ഏറെ ചരിത്രപ്രാധാന്യമുള്ള ചില കാര്യങ്ങള്‍ പറഞ്ഞുവെന്നുമാത്രം.
എന്നാല്‍, ഏറെ ശ്രദ്ധേയമായ കാര്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ നൂറാം വാര്‍ഷികദിനം ആഘോഷിക്കാത്തതെന്താണ് എന്നതാണ്. ഇന്ത്യന്‍ പാര്‍ട്ടിയാണ് പേരുകൊണ്ട് നോക്കുമ്പോള്‍. കേരളത്തില്‍ അവര്‍ ഭരണത്തിലുണ്ട്. പക്ഷേ നൂറു തികഞ്ഞത് അറിഞ്ഞിട്ടില്ലെന്ന മട്ടിലായിരുന്നു. സിപിഐയാണ് നൂറുവര്‍ഷം മുമ്പുണ്ടായത്. അതില്‍നിന്നു പിളര്‍ന്നുവന്ന സിപിഎമ്മാണ് കേരളത്തിലും വലിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ്. അപ്പോഴും ആ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത് (1964 ലെ പിളര്‍പ്പ് അവിടെ നില്ക്കട്ടെ) ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്രൂപ്പായ സിപിഎം ആഘോഷിക്കേണ്ടതേല്ല. അങ്ങനെയല്ല,1964 നവംബര്‍ 7 ന് സപിഐ (എം) ഉണ്ടായതുമുതലേ പാര്‍ട്ടി ചരിത്രമുള്ളുവെന്ന് പറയുകയാണെങ്കില്‍ 1946 ഒക്ടോബറില്‍ സംഭവിച്ച, പുന്നപ്രയിലേയും വയലാറിലേയും പാര്‍ട്ടി നയിച്ചുവെന്ന് അവകാശപ്പെടുന്ന സമരങ്ങളുടെ വാര്‍ഷികം ആഘോഷിക്കുന്നത് എന്ത് യുക്തിയിലാണ്. ഒരുപക്ഷേ മറ്റു പല കാരണങ്ങളാലായിരിക്കാം നൂറാം വാര്‍ഷികം ആഘോഷിക്കുന്ന കാര്യം ആലോചിക്കുകപോലും ചെയ്യാതിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം, ആശയം, പദ്ധതി, പ്രവര്‍ത്തനരീതിയൊക്കെ മാറിയതിനാല്‍ നൂറുവര്‍ഷത്തെ തുടര്‍ച്ച അവകാശപ്പെടാനാവാത്തതും കാരണങ്ങളാകാം. അത് ചെറിയ കാരണമല്ലല്ലോ. അല്ലെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധം ഇല്ലാതിരിക്കുകയെന്നതാണല്ലോ ഇടക്കാലത്തെന്നോ നമ്മില്‍ ചിലര്‍ ഫാഷനായി സ്വീകരിച്ചത്.
വിഷയം ധാര്‍മികതയുടേതാണ്. ധര്‍മത്തെ തിരിച്ചറിയുകയും ധര്‍മാധിഷ്ഠിതമായി കര്‍മ്മം മാറ്റുകയും ചെയ്യുക എന്നു പറയുമ്പോള്‍ അത് ‘വേദാന്തം പറച്ചി’ലാണെന്ന് ധരിക്കാനിട കൊടുക്കരുത്. വേദാന്തമെന്നല്ല, ഉപദേശമെന്നല്ല, ഒന്നും കേള്‍ക്കാന്‍ താല്പര്യമില്ലാതായിക്കൊണ്ടിരിക്കുകയാണ് ‘വോക്കിസം’ മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്ന സമൂഹത്തിലെ പുതിയ പ്രവണത.
ധര്‍മ്മം അതത് സമയത്തെ തോന്നിപ്പിക്കലാണല്ലോ. ധര്‍മ്മ ബോധമുണ്ടായിരിക്കുക, അതനുഷ്ഠിക്കുക എന്നതാണ് കര്‍ത്തവ്യം. കുടുംബം, സമൂഹം, രാജ്യം, പ്രപഞ്ചം, കടമ എന്നിങ്ങനെ വിവിധ മേഖലയിലെ പ്രവര്‍ത്തനമാണ് അതിന്റെ മാര്‍ഗ്ഗം. സംഘടനകളും പ്രസ്ഥാനങ്ങളും ഈ വിഷയങ്ങളില്‍ ബോധവത്കരണത്തിന് സന്നദ്ധരാകുകയാണ് ഓരോരുത്തരിലും ധര്‍മ്മം വളരാനുള്ള വഴിയും.
വ്യക്തി സമൂഹത്തിലും സമൂഹം വ്യക്തിയിലും സംക്രമിപ്പിക്കുന്ന സംസ്കാരം കൊണ്ടാണ് അതതുകാലത്ത് സംസ്കാരത്തിന് ഭേദം സംഭവിക്കുന്നത്. വ്യക്തികള്‍ ചേര്‍ന്ന് കുടുംബവും കുടുംബങ്ങള്‍ ചേര്‍ന്ന് സമൂഹവും സമൂഹം സ്വദേശബോധത്തിലൂന്നി രാജ്യവും രാഷ്ട്രവും രാഷ്ട്രങ്ങള്‍ വിവിധ പരിസ്ഥിതികളിലൂടെ പ്രപഞ്ചങ്ങളും സൃഷ്ടിക്കുന്നു. ഇതിനെല്ലാം ആധാരം വ്യക്തിയുടെ പൗരബോധം അഥവാ ഉത്തരവാദിത്വ ബോധവുമാകുന്നു. എന്നാല്‍ ധര്‍മ്മത്തിന്റെ, മൂല്യത്തിന്റെ അടിത്തറയിലേ ഇതെല്ലാം കെട്ടിപ്പൊക്കാനാവൂ.
അപ്പോള്‍ ധര്‍മ്മം അറിയണം. ശ്രീ മഹാഭാഗവതത്തിന്റെ തുടക്കത്തില്‍ പറയുന്നു: ‘ഊര്‍ദ്ധ്വബാഹുര്‍ വിരൗമേഷ/ന കശ്ചിത് ശൃണോതിമേ/ധര്മ്മാദ് അര്‍ത്ഥശ്ച കാമശ്ച/സ കിമര്‍ത്ഥം ന സേവ്യതേ’ എന്ന്. രണ്ടുകൈയുയര്ത്തി ഞാന്‍ വിളിച്ചു പറയുന്നു, ധര്‍മ്മമില്ലാത്ത അര്‍ത്ഥകാമങ്ങള്‍ കൊണ്ട് ഫലമില്ലെന്ന്, പക്ഷേ ആരും ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ല, എന്ന്.
കര്‍മ്മമാണ് ധര്‍മ്മം. ധര്‍മ്മം ആത്യന്തികമായി സത്യമാണ്. സത്യം എന്നാല്‍ സത്തായതിനെ അറിയുന്നതാണ്. അറിയുക എന്നാല്‍ ജ്ഞാനം നേടുകയാണ്. ധര്‍മ്മിയേയും ധര്‍മ്മത്തേയും തിരിച്ചറിയണം. ധര്‍മ്മിയുടെ ഗുണമായ ധര്മ്മങ്ങളെയേ നാം കാണുന്നുള്ളു. ധര്‍മ്മി പരമാത്മാവാണ്, അദൃശ്യമാണ്. ആത്മോപദേശ ശതകത്തില്‍ ശ്രീനാരായണ ഗുരു പറയുന്നു:” അറിവത് ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ/യരുളിയ ധര്മ്മമദൃശ്യമാകയാലേ/ ധര മുതലായവയൊന്നുമില്ല, താങ്ങു/ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം ” എന്ന്. ഭൂമിപോലെ പഞ്ചഭൂതാത്മകമായതിന്റെയെല്ലാം ദൃശ്യാനുഭവം ധര്‍മ്മങ്ങളാണ്, ആ അറിവിനപ്പുറം ‘ധര്‍മ്മി’യുണ്ടെന്ന അറിവുണ്ടായി ജ്ഞാനം നേടണമെന്ന് സാരം. ആ സത്തിനെ തിരയണം. അത് അത്ര എളുപ്പമല്ല. പക്ഷേ, സാധ്യമാണ്. വര്ഷക്കണക്കിലേക്ക് തിരികെ വരാം.
126 വര്‍ഷം മുമ്പ്, 1898 ല്‍, സ്വാമി വിവേകാനന്ദന് ശിഷ്യരുമായുള്ള സംവാദത്തില്‍ പറഞ്ഞു: ‘ആദ്യമായിട്ടു വേണ്ടത് ത്യാഗസമ്പന്നരായ കുറെ വ്യക്തികളാണ്- സ്വന്തം സുഖഭോഗങ്ങളെക്കുറിച്ചു ചിന്ത വെടിഞ്ഞ്, പരാര്‍ത്ഥം ജീവിതമര്‍പ്പിക്കാന്‍ സന്നദ്ധരായവര്‍…നിന്റെ നാട്ടിലെ സാമാന്യജനം ഉറങ്ങിക്കിടക്കുന്ന ഭീമസേനനാണ്.”
ധര്‍മ്മം പ്രചരിപ്പിക്കേണ്ടതാണ് വ്യക്തിയുടെ അടിസ്ഥാന കര്‍മ്മ ലക്ഷ്യമെന്ന് സ്വാമി പറഞ്ഞു: ”നീ കാണുന്നില്ലേ ? പൂര്‍വ്വദിക്കില്‍ അരുണോദയമായിക്കഴിഞ്ഞു; സൂര്യോദയത്തിനിനി താമസമില്ല. നിങ്ങളൊക്കെ അരയും മുറുക്കി മുമ്പോട്ടിറങ്ങിന്, ‘എന്റെ വീട്, എന്റെ ഭാര്യ’ എന്നും പറഞ്ഞിരുന്നിട്ടെന്തു കാര്യം? ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടതും ദേശംതോറും ഗ്രാമംതോറും നടന്ന്, മടിയും പിടിച്ചിരുന്നാല്‍ ഒന്നും നടക്കില്ലെന്നു ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണ്. വിദ്യാഭ്യാസമില്ലാതെയും, സദാചാരമില്ലാതെയുമുള്ള ഇന്നത്തെ പതനത്തിനു കാരണം മനസ്സിലാക്കിക്കൊടുത്തു പറയുവിന്‍: ‘സഹോദരരേ, ഏവരും ഉണരുവിന്‍, ഉയരുവിന്‍, എത്ര നേരം ഇങ്ങനെ ഉറങ്ങിക്കിടക്കും ?’ കൂട്ടത്തില്‍, മതത്തിന്റെ മഹനീയതത്ത്വങ്ങളും സരളഭാഷയില്‍ പറഞ്ഞുകൊടുക്കുക. ഇത്രയും നാള് ഇവിടുത്തെ ബ്രാഹ്മണര്‍ മതമെല്ലാം കൈയടക്കിവെച്ചു. കാലപ്രവാഹത്തില്‍ അവയ്ക്കിനി തടഞ്ഞുനില്ക്കാനാവാത്തതുകൊണ്ട് ആ ധര്‍മ്മം രാജ്യത്തുള്ള എല്ലാവര്ക്കും എത്തത്തക്ക രീതിയില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ബ്രാഹ്മണര്‍ക്കെന്നപോലെ തങ്ങള്‍ക്കുമുണ്ട് മതകാര്യങ്ങളില്‍ സമാനാധികാരമെന്ന് സകലരേയും പറഞ്ഞു മനസ്സിലാക്കുക. ചണ്ഡാലപര്യന്തം എല്ലാവരേയും ഈ അഗ്നിമന്ത്രത്തില് ദീക്ഷിതരാക്കുക. ഒപ്പം, ലളിതവാക്കുകളില്‍, അവരുടെ ലൗകികജീവിതത്തി നാവശ്യമായ വ്യവസായം, വാണിജ്യം, കൃഷി മുതലായ വിഷയങ്ങളെക്കുറിച്ചു വേണ്ട കാര്യങ്ങളും ഉപദേശിക്കുക. ഇതു വയ്യെങ്കില്‍ നിന്റെ വിദ്യാഭ്യാസം ലജ്ജാവഹം; നിന്റെ വേദ വേദാന്താദ്ധ്യയനത്തിന് എന്തു ഫലം!’
126 വര്‍ഷം മുമ്പ് സ്വാമി വിവേകാനന്ദന് പറഞ്ഞതു തന്നെ ഇന്നുള്ളവര്‍ക്കും പറയേണ്ടി വരുന്നുവെന്നതാണ് നമ്മുടെ വിധിഗതി! എന്നാല്‍ അതുമാത്രമേയുള്ളുവഴി എന്നതാണ് ദിശയുടെ കൃത്യത. പക്ഷേ, പുതുവര്‍ഷം വെറും കലണ്ടര്‍ മറിക്കലും ലഹരിനുര രുചിക്കലും മാത്രമാണെന്ന ധര്മ്മരാഹിത്യത്തിന് പ്രചാരവൈഭവം വരുന്നിടത്താണ് ദുര്‍ഗ്ഗതി. സകലതരം ”വോക്കിസ”ത്തിനുമപ്പുറം അവയെല്ലാം ”അകാര്യം കാര്യസങ്കാശം, അപഥ്യം പഥ്യ സന്നിഭം” എന്ന് കടുത്ത ഭൗതിക വാദിയായ, അയോധ്യയിലെ രാജാവിന്റെ ഉപദേശകനായിരുന്ന ജാബാലിയോട് വാല്മീകി ശ്രീരാമനെക്കൊണ്ട് പറയിക്കുന്ന ഈ വാക്യമുണ്ടല്ലോ, അതില്‍ പറയുന്ന അരുതായ്മകളെ മഹാകാര്യമെന്ന് തോന്നിപ്പിക്കുന്ന, അപഥ്യമായതിന്റെ ഏറ്റവും അനുയോജ്യമെന്ന് ധരിപ്പിക്കുന്നവര്‍ അവരാണ് മൂല്യങ്ങള്‍ നിരാകരിക്കുന്ന, ധര്‍മ്മവും ധാര്‍മ്മികതയും ഇല്ലെന്ന് വാദിക്കുന്ന അപകടകാരികള്‍ എന്ന് തിരിച്ചറിയണം. അങ്ങനെ വ്യക്തി ഉത്തരവാദിത്വ ബോധമുള്ക്കൊണ്ടാല് എല്ലാത്തിനും അടിത്തറയായി!
പുതുവര്‍ഷത്തില്‍ പ്രമേയം അവതരിപ്പിക്കുന്നവരും പ്രതിജ്ഞ ചെയ്യുന്നവരും ഈ വഴിക്കാണ് ചിന്തിക്കേണ്ടത്…
പിന്കുറിപ്പ്:
അന്തരിച്ചവര്‍ക്ക് സംസാരിക്കാനാവില്ലല്ലോ. പക്ഷേ, അവരുടെ മൗനങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദങ്ങള്‍ക്ക് എന്തൊരു ‘ഒച്ച’യാണ്… ‘വെട്ടത്തിന് എന്തൊരു വെട്ടം’ എന്നപോലെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: