മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റ് ആതിഥേയര്‍ ആധിപത്യത്തോടെ കൈയ്യടക്കുമെന്ന് തോന്നിച്ച അവസരത്തില്‍ മത്സരത്തെ സുന്ദരമാക്കി തീര്‍ത്തതിന് 21കാരന്‍ നിതീഷ് കുമാറിന് നന്ദി. ഭാരതം നേരിട്ട ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും നിതീഷ് കുമാര്‍ റെഡ്ഡി തന്റെ കന്നി സെഞ്ച്വറിയിലൂടെ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ നാലാം ടെസ്റ്റ് നാലാം ദിവസത്തിലേക്ക് പിരിയുമ്പോള്‍ കളി ആവേശ പാരമ്യത്തില്‍. ഓസീസിനെതിരെ ഭാരതം ഒരു വിക്കറ്റുമായി 116 റണ്‍സില്‍ പിന്നില്‍ ബാറ്റിങ് തുടരുകയാണ്. ക്രീസില്‍ 176 പന്തില്‍ 105 റണ്‍സെടുത്ത നിതീഷും രണ്ട് റണ്‍സുമായി മുഹമ്മദ് സിറാജും.
സ്‌കോര്‍: ഓസ്‌ട്രേലിയ-474, ഭാരതം-358(ഒമ്പത് വിക്കറ്റ്, 116 ഓവര്‍)
ഇന്നലത്തെ വൈകുന്നേരത്തില്‍ മെല്‍ബണിലെ എംസിജി സ്‌റ്റേഡിയത്തിലെ കാഴ്‌ച്ച ഏറെ വൈകാരികവും ആവേശം നിറഞ്ഞതുമായിരുന്നു. ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും ഒമ്പതാമന്‍ വാഷിങ്ടണ്‍ സൂന്ദറിനെ കൂട്ടുപിടിച്ച് നിതീഷ് കുമാര്‍ നടത്തിയത് ഒരു അത്യുഗ്രന്‍ രക്ഷാപ്രവര്‍ത്തനം. ഭാരത സ്‌കോര്‍ 221 റണ്‍സെടുത്തുനില്‍ക്കെയാണ് ഏഴാമനായി രവീന്ദ്ര ജേഡേജയുടെ(17) മടക്കം. മൂന്ന് വിക്കറ്റ് കൈയ്യിലിരിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 54 റണ്‍സ് കൂടി വേണമെന്നതായി ഭാരതത്തിന്റെ സ്ഥിതി. മൂന്നാം ദിവസമായ ഇന്നലെ ഭാരതത്തിന്റെ പ്രതീക്ഷയായിരുന്ന ഋഷഭ് പന്ത്(28) രാവിലെ തന്നെ പുറത്തായതോടെ ക്രീസിലെത്തിയ നിതീഷ് തന്നാലാവും വിധം പൊരുതിക്കൊണ്ടിരിക്കെയാണ് ജഡേജയുടെ പുറത്താകല്‍.
ഒമ്പതാമനായി ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ ഓസീസ് കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നിതീഷിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഒന്നാന്തരം പിന്തുണക്കാരനായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയത് 138 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ട്. ഓസീസിന്റെ കരുത്തന്‍ പന്തുകള്‍ക്കെതിരെ 162 പന്തുകള്‍ പൊരുതി നിന്ന സുന്ദര്‍ 50 റണ്‍സ് നേടി. നഥാന്‍ ലിയോണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കി പുറത്തായി. മറുവശത്ത് കന്നി സെഞ്ച്വറിക്ക് തൊട്ടരികെയെത്തിയ നിതീഷിന് സ്‌ട്രൈക്ക് കിട്ടാന്‍ ഭാരത ആരാധകര്‍ എംസിജിയില ഗാലറിയില്‍ ഭാരത പതാകയേന്തി ആവേശത്തോടെ ആര്‍ത്തുവിളിച്ചു. ഏവരെയും ഞെട്ടിച്ച് നേരിട്ട മൂന്നാം പന്തില്‍ ജസ്പ്രീത് ബുംറ പൂജ്യത്തിന് മടങ്ങി. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ നിന്ന ഉസ്മാന്‍ ഖവാജയ്‌ക്ക് പിടി നല്‍കുകയായിരുന്നു.
നിതീഷിന്റെ കന്നി സെഞ്ച്വറി യാഥാര്‍ഥ്യമാകുമോയെന്ന ആശങ്ക ഭാരത നിരയില്‍ 11-ാമനായെത്തിയ മുഹമ്മദ് സിറാജിന്റെ പോരാട്ടവീര്യത്തില്‍ നിക്ഷിപ്തമായി. ഗാലറിയില്‍ നിതീഷിന്റെ അച്ഛന്‍ മുട്യാല റെഡ്ഡിയുടെ കണ്ണീരും പ്രാര്‍ത്ഥനയുംകൊണ്ടുള്ള കാത്തിരിപ്പ്. സിറാജ് പൊരുതിനിന്നു. ഒടുവില്‍ അര്‍ഹിച്ച സെഞ്ച്വറി നിതീഷ് ബൗണ്ടറിയിലൂടെ സ്വന്തമാക്കി.
ഫോളോ ഓണ്‍ വഴങ്ങിയിരുന്നെങ്കില്‍ മത്സര ഗതി തീര്‍ച്ചയായും ഓസീസിന് അനുകൂലമാകുമായിരുന്നു. ഇനി ഇന്ന് രാവിലെ അതിവേഗം ഭാരത ഇന്നിങ്‌സ് എറിഞ്ഞിട്ട് വൈകുന്നേരത്തിന് മുമ്പ് 300 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഭാരതത്തെ ബാറ്റ് ചെയ്യിപ്പിക്കലായിരിക്കും ആതിഥേയരുടെ അജണ്ട. മാത്രമല്ല, ഇന്നു തന്നെ രണ്ട് വിക്കറ്റെങ്കിലും വീഴ്‌ത്തി അവസാന ദിവസം ഭാരതത്തെ മറ്റൊരു പ്രതിസന്ധിയിലേക്ക് തള്ളിവടാനും കമ്മിന്‍സും കൂട്ടരും ലക്ഷ്യമിടും. ഇതിനെതിരെ ഭാരത ക്യാമ്പിന്റെ പോംവഴി എന്തായിരിക്കുമെന്നായിരിക്കും ഇന്ന് മെല്‍ബണ്‍ സാക്ഷിയാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: