കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ശരത്‌ലാലിന്റെ അമ്മ ലത പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കുറേ കളി കളിച്ചുവെന്നും മാധ്യമപ്രവര്‍ത്തകരുടെചോദ്യത്തിന് മറുപടിയായി കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. കൊച്ചി സി.ബി.ഐ കോടതിയാണ് കേസിലെ 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് കേസിലെ വിധി കേട്ടത്.
മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീലുമായി സുപ്രീംകോടതി വരെ പോയി നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി വന്നത്. 2019 ഫെബ്രുവരി 17ന് രാത്രി 7.36ഓടെയാണ് കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായാണ് കൊലയാളിസംഘം നടുറോഡിലിട്ട് വെട്ടിനുറുക്കിയത്.
മാരകമായി വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങി. കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടു പ്രതികളിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ ആറു പേർ സി.പി.എമ്മിന്റെ പ്രധാന പ്രവർത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: