ലഖ്നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷയ്‌ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വിന്യസിക്കുന്നു. മഹാകുംഭമേളയിലെ സംഗമ സ്‌നാനങ്ങള്‍ നടക്കുമ്പോള്‍ ഭക്തരെ സംരക്ഷിക്കുന്നതിനായി 100 മീറ്റര്‍ വരെ ആഴത്തില്‍ മുങ്ങാന്‍ കഴിവുള്ള അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണുകളാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ഈ ഡ്രോണുകള്‍ വെള്ളത്തിനടിയില്‍ 24 മണിക്കൂറും നിരീക്ഷണം നടത്തും. കുംഭമേളയുടെ ഓരോ ഘട്ടത്തിലും ഇവ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കും.
കുറഞ്ഞ വെളിച്ചത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡ്രോണുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവയ്‌ക്ക് ഉപരിതലത്തിന് താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും കഴിയും. ഈ ഡ്രോണുകള്‍ ആഴത്തില്‍ നിന്ന് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് (ഐസിസിസി) തത്സമയ റിപ്പോര്‍ട്ടുകള്‍ നല്കും. സംശയാസ്പദമായ എന്തെങ്കിലും സാഹചര്യം വെള്ളത്തിനടിയില്‍ ഉണ്ടായാല്‍ വേഗത്തിലുള്ള നടപടി സാധ്യമാക്കാന്‍ ഡ്രോണുകള്‍ സഹായിക്കും.
ഡ്രോണുകള്‍ക്ക് പുറമേ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയില്‍ നിന്നുള്ളവരെയും പരിപാടിയിലുടനീളം വിന്യസിക്കും. ഈ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും, 700ലധികം ബോട്ടുകളില്‍ നദിയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക