നാഗ്പൂര്‍: കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സേവാ മനോഭാവത്തോടെ പെരുമാറാന്‍ വിദ്യാര്‍ത്ഥികളില്‍ അദ്ധ്യാപകര്‍ ജാഗ്രത സൃഷ്ടിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
ആധുനിക സാങ്കേതിക യുഗത്തില്‍ വിദ്യാര്‍ത്ഥികള്‍ ഗൂഗിളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഓരോ വിഷയത്തെ കുറിച്ചും എളുപ്പത്തില്‍ വിവരങ്ങള്‍ തേടുകയാണ്. എന്നാല്‍ അദ്ധ്യാപകനില്ലാതെ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം അപൂര്‍ണമാണ്, അദ്ധ്യാപകരാണ് അവരുടെ ജീവിതത്തിന് ശരിയായ ദിശ നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ ജീവിതം രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ വലിയ പങ്കാണ് വഹിക്കുന്നത്, സര്‍സംഘചാലക് പറഞ്ഞു. സോമല്‍വാര്‍ വിദ്യാലയത്തിന്റെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം ഒരാളുടെ വയറു നിറയ്ക്കാനുള്ള ഉപാധി മാത്രമല്ല, മനുഷ്യനായി മാറാനുള്ള മാധ്യമമാണ്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം മനുഷ്യനിര്‍മ്മാണമാണ്. മാനുഷിക ഗുണങ്ങളെ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അദ്ധ്യാപകര്‍ക്ക് ശാശ്വതമായ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വെല്ലുവിളികളെ നേരിട്ടാണ് മനുഷ്യന്റെ യാത്ര. ഒരു ശതമാനം വെല്ലുവിളികള്‍ എല്ലായ്പ്പോഴും ഉണ്ടാകും. അതേസമയം 99 ശതമാനം വെല്ലുവിളികളും സമയത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ളതാണ്. സ്വാതന്ത്ര്യ സമര കാലത്ത് ലോകമാന്യ തിലകന് കേസരിയില്‍ ഒരു ലേഖനം എഴുതിയിരുന്നു, അതിന്റെ തലക്കെട്ട്-ഗ്രന്ഥങ്ങളാണ് ഞങ്ങളുടെ ഗുരു എന്നാണ്. എന്നാല്‍ ഇന്ന് പുസ്തകങ്ങളുടെ പങ്ക് ഏതാണ്ട് അവസാനിക്കുകയാണ്. ഗൂഗിള്‍ ബാബയില്‍ നിന്ന് ആളുകള്‍ക്ക് എല്ലാ വിവരങ്ങളും ലഭിച്ചു തുടങ്ങിയിരിക്കുന്നു. ബുദ്ധിയും കൃത്രിമമായി മാറിയിരിക്കുന്നു, അത്തരമൊരു സാഹചര്യത്തില്‍ അദ്ധ്യാപകര്‍ ആവശ്യമാണോ എന്ന ചോദ്യം ഉയരുന്നു. ലോകത്ത് എല്ലാം മാറാം, എന്നാല്‍ ഒരു അദ്ധ്യാപകന്റെ ആവശ്യം എല്ലായ്പ്പോഴും വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ നിലനില്ക്കും. വായിച്ചും കേട്ടും കണ്ടും വിവരങ്ങള്‍ ലഭിക്കും. എന്നാല്‍ വിവരങ്ങള്‍ എല്ലാം അല്ല. അറിവിന് വിവേകത്തിന്റെയും വിനയത്തിന്റെയും കൂട്ടായ്മ ആവശ്യമാണ്. അനുഭവത്തില്‍ നിന്നാണ് ജ്ഞാനം ലഭിക്കുന്നത്. അദ്ധ്യാപകന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് വിദ്യാര്‍ത്ഥിക്ക് ഈ അനുഭവം നല്‍കുന്നത്. വാസ്തവത്തില്‍, അദ്ധ്യപകന് പഠിപ്പിക്കുന്നത് വിഷയമല്ല, വിദ്യാര്‍ത്ഥിയെയാണ്.
നമ്മുടെ ധര്‍മ്മവും സംസ്കാരവും ചരിത്രവും ഉപയോഗശൂന്യമെന്നാണ് ബ്രിട്ടീഷുകാര്‍ പറഞ്ഞത്. നമ്മള് അവരുടെ കെണിയില്‍ വീണു. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ നയം വിതച്ച വിനാശത്തിനിടയിലും നമുക്ക് സ്വാമി വിവേകാനന്ദന്, യോഗി അരബിന്ദോ, തിലക തുടങ്ങിയ വീരന്മാരെ ലഭിച്ചു. അദ്ധ്യാപകരുടെ തദ്ദേശീയ വികാരങ്ങളാണ് ഇതിന് കാരണമെന്ന് സര്‍സംഘചാലക് പറഞ്ഞു.
സോമല്‍വാര്‍ വിദ്യാലയത്തിന്റെ വൈസ് പ്രസിഡന്റ് രാംദാസ് സോമല്വാറും സെക്രട്ടറി പ്രകാശ് സോമല്വാറും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: