Kerala

12000 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഭരതനാട്യം 29ന് കൊച്ചിയില്‍

Published by

കൊച്ചി: ദൃശ്യ-ശ്രാവ്യ-കലാ രംഗത്ത് പുതിയ സംസ്‌കാരം സൃഷ്ടിച്ച മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

29ന് വൈകിട്ട് 6ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നര്‍ത്തകര്‍ ചുവടുവയ്‌ക്കുക. പരിപാടി വൈകിട്ട് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
ഇതിന് മുമ്പ് തമിഴ്‌നാട്ടില്‍ 10,500 നര്‍ത്തകിമാര്‍ പങ്കെടുത്ത ഭരതനാട്യത്തിനാണ് ഗിന്നസ് റിക്കാര്‍ഡുള്ളത്. ഇത് മറികടക്കാനാണ് സംഘാടകരുടെ ശ്രമം.

പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ദീപാങ്കുരന്‍ സംഗീതം നല്കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ചലച്ചിത്ര താരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ നര്‍ത്തകര്‍ ചുവടുവയ്‌ക്കുക. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള നര്‍ത്തകരും പങ്കെടുക്കും. ഏഴ് വയസിന് മുകളില്‍ പ്രായമുള്ള നൃത്തത്തെ സ്നേഹിക്കുന്നവര്‍ ലിംഗഭേദമന്യേ മൃദംഗനാദം ഭരതനാട്യത്തില്‍ പങ്കെടുക്കും.

എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ദീപാങ്കുരന്‍, അനൂപ് ശങ്കര്‍, സിജോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. തൃശ്ശൂര്‍ ഹയാത്ത് ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ കല്ല്യാണ്‍ സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍, സിനിമാ താരം ലക്ഷ്മി ഗോപാലസ്വാമിക്ക് നല്കി നര്‍ത്തകരുടെ വസ്ത്രം പുറത്തിറക്കി.

വാര്‍ത്താസമ്മേളനത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി, മൃദംഗവിഷന്‍ ചീഫ് പാട്രണ്‍ സിജോയ് വര്‍ഗീസ്, നിഘോഷ് കുമാര്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് 3 മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വേദിയിലേക്ക് പ്രവേശനം അനുവദിക്കും. 149 രൂപ വിലയുള്ള ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക