Article

ഈ കടലോരത്ത് ഇനി എം ടിയില്ല.

Published by

 

വാസുദേവൻ കുപ്പാട്ട്

കൂടല്ലൂര്‍ എന്ന പാലക്കാടന്‍ ഗ്രാമമാണ് എം.ടി വാസുദേവന്‍ നായരുടെ ജന്മദേശമെങ്കിലും കര്‍മം കൊണ്ട് അദ്ദേഹം കോഴിക്കോട്ടുകാരനായിരുന്നു. ഏഴു പതിറ്റാണ്ടുകാലത്തെ കോഴിക്കോടൻ ജീവിതമാണ് അദ്ദേഹത്തിൻ്റേത്. കൂടല്ലൂരിലെ നാട്ടുവഴികളില്‍ നിന്ന് കുതിരവണ്ടിയോടുന്ന കോഴിക്കോട് നഗരത്തിന്റെ പകിട്ടിലേക്ക് പ്രവേശിച്ചതിന്റെ സ്മരണകള്‍ എം.ടി പലയിടത്തായി കോറിയിട്ടിട്ടുണ്ട്. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണ് എം.ടി ആദ്യമായി കോഴിക്കോട് കാണുന്നത്. അച്ഛന്‍ നാരായണന്‍നായര്‍ സിലോണിലാണ്. അവധിക്ക് വരുമ്പോള്‍ കോഴിക്കോട്ടെ ഇംപീരിയല്‍ ബാങ്കില്‍ പോകും. പണമിടപാട് ഒക്കെ അവിടെയാണ്. ഒരിക്കല്‍ അച്ഛന്‍ കോഴിക്കോട്ടേക്ക് യാത്ര തിരിക്കുമ്പോള്‍ അമ്മ പറഞ്ഞു. ‘കൂടെ ഇവനും വന്നോട്ടെ, നഗരം കണ്ടോട്ടെ’. അങ്ങനെ അച്ഛന്റെ കൂടെ തീവണ്ടി കയറി എം.ടിയും കോഴിക്കോട്ടെത്തി. വണ്ടിയിറങ്ങി നടന്ന് ബാങ്കിലെത്തി. അച്ഛന്‍ ബാങ്കിലേക്ക് കടന്നപ്പോള്‍ എം.ടി സമീപത്തൊക്കെ ചുറ്റിക്കറങ്ങി.  അന്ന് നഗരത്തില്‍ യാത്രക്ക് പ്രധാനമായും കുതിരവണ്ടികളാണ്. കുതിരവണ്ടി എന്ന അത്ഭുതം കണ്ടുനില്‍ക്കുമ്പോള്‍, ഒരു കുതിര കുണ്ടില്‍ചാടി ചെളിവെള്ളം തെറിപ്പിച്ചു. അതു മുഴുവന്‍ എം.ടിയുടെ ട്രൗസറിലും ഷര്‍ട്ടിലുമാണ് വീണത്. അതുമായി നില്‍ക്കുമ്പോഴാണ് അച്ഛന്‍ ബാങ്കില്‍നിന്ന് പുറത്തുവന്നത്. അത് സാരമില്ല പോകാം-അച്ഛന്‍ പറഞ്ഞു. അങ്ങനെ ആദ്യമായി എം.ടി കോഴിക്കോടിനെ അനുഭവിച്ചു.

കോളജില്‍ പഠിക്കുന്ന കാലത്തും എം.ടി കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ട്. ആകാശവാണിയിലേക്ക് ചെറിയ ലേഖനം അയച്ചിരുന്നു. അത് റെക്കോര്‍ഡ് ചെയ്യാനായിരുന്നു വരവ്. പിന്നീട് പലപ്പോഴും കോഴിക്കോട്ട് വന്നു. നഗരത്തിന്റെ പല മാറ്റങ്ങളും കണ്ടു. മാനാഞ്ചിറയും തൊട്ടടുത്തുള്ള കലക്ടറേറ്റും(ഹജൂര്‍ കച്ചേരി) ആയിരുന്നു അന്നത്തെ ഹൈലൈറ്റ് എന്ന് എം.ടി ഓര്‍ക്കുന്നുണ്ട്. അന്ന് ഇടവഴികളായിരുന്നു ധാരാളമായി ഉണ്ടായിരുന്നത്. പിന്നീടവ റോഡുകളായി മാറി.

എം.ടിയെ സംബന്ധിച്ചിടത്തോളം കോഴിക്കോട് സൗഹൃദത്തിന്റെ നഗരമാണ്. കാണാനും സംസാരിക്കാനും ധാരാളം സുഹൃത്തുക്കള്‍. വായനയും എഴുത്തും ചര്‍ച്ചയാവുന്ന കാലം. 1956ല്‍  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചതോടെ എം.ടി കോഴിക്കോടിന്റെ സ്വന്തമായി. അഥവാ കോഴിക്കോട് എം.ടിയുടെ സ്വന്തമായി.

കോഴിക്കോട്ടെ കടലോരമാണ് എം.ടിയെ ഏറെ ആകര്‍ഷിച്ചത്. കൂടല്ലൂരില്‍ കടലിന്റെ സാന്നിധ്യമില്ല. അച്ഛന്റെ തറവാടായ പുന്നയൂര്‍കുളത്തും കടലില്ല. പിന്നെ കടലു കാണണമെങ്കില്‍ പൊന്നാനിയില്‍ പോകണം. കോഴിക്കോട്ടെ സൗഹൃദം വളരുന്നതും പടര്‍ന്നു പന്തലിക്കുന്നതും  പലപ്പോഴും വൈകുന്നേരത്തെ ചായകുടിയോടുകൂടിയാണ്. ചായ കുടിക്കാന്‍ വീറ്റ് ഹൗസില്‍ പോകും. നല്ല കാലാവസ്ഥയാണെങ്കില്‍ ബീച്ചിലേക്കാവും നടത്തം. ബീച്ചില്‍ ഒരു ഭാഗത്ത് ബീച്ച് ഹോട്ടല്‍. ഓലപ്പുര മേഞ്ഞതും അല്ലാത്തതുമായ ചെറിയ കെട്ടിടങ്ങള്‍. സായിപ്പുമാരുടെ കമ്പനികളിലെ ഉദ്യോഗസ്ഥരാണ് അന്ന് ബീച്ച് ഹോട്ടലിലെ പറ്റുകാര്‍. സോമര്‍സെറ്റ്‌മോം ഇവിടെ താമസിച്ചതായി എം.ടി കേട്ടിട്ടുണ്ട്. പക്ഷെ ആ വാര്‍ത്തക്ക് സ്ഥിരീകരണം ഇല്ല. ഓബ്രിമേനോന്‍ ഇവിടെ താമസിച്ചപ്പോള്‍ സന്ദര്‍ശിച്ച കാര്യം എം.ടി ഓര്‍മിക്കുന്നുണ്ട്. അക്കാലത്ത് വിദേശസഞ്ചാരികളായിരുന്നു ബീച്ച് ഹോട്ടലില്‍ താമസിച്ചിരുന്നത്. പിന്നീട് നാട്ടിലെ പ്രമാണിമാരും മുതലാളിമാരും എത്തിതുടങ്ങി.

എം.ടിയും കൂട്ടരും വീറ്റ് ഹൗസിനെയാണ് ആശ്രയിച്ചിരുന്നത്. ബഷീര്‍, ഉറൂബ്, എസ്.കെ പൊറ്റെക്കാട്ട് എന്നിവര്‍ സ്ഥിരമായി ഉണ്ടാവും. ഇടക്ക് വിരുന്നുകാരനായി വി.കെ.എന്‍ എത്തും. ഗോതമ്പിന്റെ പ്രചാരണത്തിനുവേണ്ടി രണ്ടാംലോക മഹായുദ്ധകാലത്ത് ഗോതമ്പിന്റെ പ്രചാരണാര്‍ത്ഥം തുടങ്ങിയ ഹോട്ടലാണ് വീറ്റ് ഹൗസ്. നല്ല ഭക്ഷണം കിട്ടും. ബഷീര്‍ ബേപ്പൂരില്‍ നിന്ന് നഗരത്തിലെത്തി വീറ്റ്ഹൗസില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങും.  പിന്നീട് എം.ടി കോഴിക്കോട്ട്  സ്ഥിരമായതോടെ സുഹൃത്തുക്കളുടെ എണ്ണം കൂടി. പുതുക്കുടി ബാലന്‍, ആതാടി ദാമോദരന്‍, കെ.എ കൊടുങ്ങല്ലൂര്‍, കെ.ടി മുഹമ്മദ്, എന്‍.പി മുഹമ്മദ്, അരവിന്ദന്‍, വി. അബ്ദുല്ല,എന്‍.എന്‍ കക്കാട് എന്നിവര്‍ സൗഹൃദവലയത്തിലെ കണ്ണികളായി.

കോഴിക്കോട് നഗരത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും  എം.ടി നോക്കിക്കണ്ടിട്ടുണ്ട്. ഇടവഴികള്‍ പലതും റോഡുകളായി. വഴിവക്കത്തുണ്ടായിരുന്ന കെട്ടിടങ്ങള്‍ അംബരചുംബികള്‍ക്ക് വഴിമാറി. നക്ഷത്രഹോട്ടലുകള്‍ വന്നു. അതേസമയം, ചില തകര്‍ച്ചകളും കണ്ടു. കടപ്പുറത്തെ വ്യാപാര ഗോഡൗണുകള്‍ പലതും അപ്രത്യക്ഷമായി. വോള്‍ക്കാര്‍ട്ട് തുടങ്ങിയ ഇംഗ്ലീഷ്, സ്‌കോട്ടിഷ് പേരുകളില്‍ ഉണ്ടായിരുന്ന കമ്പനികള്‍ കോഴിക്കോട് വിട്ടു. അക്കാലത്ത് പീടികകളുടെ മുകളിലും മറ്റും മെഹ്്ഫിലുകള്‍ സാധാരണമായിരുന്നു. സന്ധ്യമയങ്ങിയാല്‍ അന്തരീക്ഷത്തില്‍ സംഗീതത്തിന്റെ സുഗന്ധം നിറയുന്ന അവസ്ഥ. എം.എസ് ബാബുരാജ് ആയിരുന്നു ഈ സദിരുകളില്‍ പ്രധാനി. പിന്നീട് അത്തരം മെഹ്്ഫിലുകളും കേള്‍ക്കാനില്ലാതെയായി.

ബീച്ച് ഹോട്ടല്‍ പോലെ പ്രധാനപ്പെട്ട ഒന്ന് അളകാപുരിയാണ്. ശാന്തഭവന്‍ കൃഷ്ണന്‍നായര്‍ ആണ് അത് തുടങ്ങിയത്. മലയാളത്തില്‍ അഞ്ചും ഇംഗ്ലീഷില്‍ ഒമ്പതും അക്ഷരങ്ങള്‍ ഉള്ള പേര് വേണമെന്ന് ഉടമസ്ഥന് നിര്‍ബന്ധമായിരുന്നു. പലരെയും ഇതിനായി സമീപിച്ചു. കെ.പി കേശവമേനോനാണ് അളകാപുരി എന്ന പേര് നിര്‍ദേശിച്ചത്. ഇക്കാര്യവും എം.ടിയുടെ ഓര്‍മയിലുണ്ട്.

എം.ടിയുടെ കഥകളും നോവലുകളും പ്രധാനമായും പ്രമേയം സ്വീകരിച്ചത് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ നിന്നാണ്. എന്നാല്‍ ഏതാനും കഥകള്‍ കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ എഴുതിയതായി എം.ടി പറഞ്ഞിട്ടുണ്ട്.

ജോലിയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സ്ഥിരമായപ്പോള്‍ ചാലപ്പുറത്തെ ഒരു ലോഡ്ജിലാണ് ആദ്യം താമസിച്ചത്. പിന്നീട് ആനിഹാള്‍ റോഡിലെ ഒരു വീടിന്റെ മുകള്‍നിലയിലേക്ക് മാറി. രണ്ടുമുറിയും ഒരു വരാന്തയും അടങ്ങുന്ന ഭാഗം എം.ബി ട്യൂട്ടോറിയല്‍ നടത്തുന്ന കൃഷ്ണന്‍ മൂസ്സതും എം,ടിയും ചേര്‍ന്ന് വാടകക്ക് എടുക്കുകയായിരുന്നു. കൃഷ്ണന്‍ മൂസ്സത് കുറച്ചു കഴിഞ്ഞപ്പോള്‍ വിട്ടുപോയി. പിന്നീട് എം.ടി തനിച്ചായി. മഹാകവി അക്കിത്തം ആകാശവാണിയില്‍ എത്തിയപ്പോള്‍ ഏതാനും മാസം എം.ടിയോടൊപ്പം ആനിഹാള്‍ റോഡിലെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.

സിനിമാലോകത്തും എം.ടി സജീവമായത് കോഴിക്കോട്ട് പ്രവര്‍ത്തിക്കുമ്പോഴാണ്. ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന്റെ നിര്‍മാണവേളയില്‍ പണത്തിന് ഞെരുക്കം വന്നപ്പോള്‍ സഹായിച്ചത് കോഴിക്കോട്ടെ സുഹൃത്തായ പുതുക്കുടി ബാലന്‍ ആയിരുന്നുവെന്ന് എം.ടി അനുസ്മരിച്ചിട്ടുണ്ട്. പിന്നീട്, വാരിക്കുഴി, മഞ്ഞ,്  ആരൂഢം, അനുബന്ധം, വൈശാലി, പരിണയം, ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയതും കോഴിക്കോടിന്റെ  മണ്ണില്‍ നിന്നായിരുന്നു. രണ്ടാമൂഴം എന്ന പ്രശസ്ത നോവലിന് വയലാര്‍ അവാര്‍ഡ് കിട്ടിയപ്പോഴും ജ്ഞാനപീഠ പുരസ്‌കാരം തേടിയെത്തിയപ്പോഴും പത്മഭൂഷണ്‍ ലഭിച്ചപ്പോഴും എം.ടി കോഴിക്കോട് തന്നെ ഉണ്ടായിരുന്നു. അതിന്റെ ആഹ്ലാദം ആദ്യം ആഘോഷിച്ചത് കോഴിക്കോട്ടുകാരാണ്. ഈ കടലോരത്ത് ഇനി അദ്ദേഹമില്ല. ആ അക്ഷരസുകൃതം സ്മൃതി പഥത്തിൽ…

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by