വാഷിങ്ടണ്‍: ബംഗ്ലാദേശിലെ ഹിന്ദുവേട്ടയില്‍ ശക്തമായ നടപടി വേണമെന്ന് അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മേധാവി മുഹമ്മദ് യൂനസിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ഉന്നയിച്ചത്. മതം നോക്കാതെ എല്ലാ ബംഗ്ലാദേശി പൗരന്മാരുടെയും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യക്കെതിരെ ഭാരത വംശജനായ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ശ്രീ താനേദര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. യുഎസ് ഇക്കാര്യത്തില്‍ മൗനം പാലിക്കരുതെന്നും മുഹമ്മദ് യൂനസിനോട് വിഷയം ശക്തമായി ഉന്നയിക്കണമെന്നും വൈറ്റ് ഹൗസിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സള്ളിവനും യൂനസും തമ്മിലുള്ള സംഭാഷണം. അമേരിക്കയ്‌ക്ക് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പോരാടിയ ചരിത്രമുണ്ട്. ഈ വിഷയത്തില്‍ വ്യത്യസ്ത സമീപനം പാടില്ലെന്നും താനേദാര്‍ ചൂണ്ടിക്കാട്ടി
പ്രസിഡന്റ് ജോ ബൈഡന്‍ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ഇടക്കാല സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വൈറ്റ്ഹൗസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: