മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചിത്രകേരളം മാസികയില്‍ 1948 ല്‍ പ്രസിദ്ധീകരിച്ച ‘വിഷുവാഘോഷ’മാണ് മാടത്തു തെക്കേപ്പാട്ട് വാസുദേവന്‍നായര്‍ എന്ന എംടിയുടെ ആദ്യ അച്ചടിമഷിപുരണ്ട കഥ. അതിനും മുന്‍പേ ലേഖനം എഴുതിത്തുടങ്ങി. ഗുരുവായൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളക്ഷേമം ദൈ്വവാരികയില്‍ ‘പ്രാചീനഭാരത്തിലെ വൈര വ്യവസായം’ എന്ന ലേഖനം വന്നു. 1952ല്‍ പാലക്കാട് വിക്ടോറിയ കോളജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ ചേര്‍ന്ന് എംടിയുടെ കഥാസമാഹാരം പുറത്തിറക്കി. ‘രക്തംപുരണ്ട മണല്‍തരികള്‍’ ആദ്യ കഥാസമാഹാരമായി. 1954ല്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥവന്നതോടെയാണ് എംടി കഥാലോകത്ത് ശ്രദ്ധേയനായത്. പിന്നീട് കഥകളുടെ പൂക്കാലമായിരുന്നു. കേശവദേവും പൊറ്റെക്കാടും ബഷീറും തകഴിയും നിറഞ്ഞു നിന്ന കാലത്തു തന്നെ എം.ടി. വാസുദേവന്‍ നായര്‍ എന്ന ചെറുപ്പക്കാരന്‍ കഥാലോകത്ത് തന്റെതായ ഇരിപ്പിടം ഉറപ്പിച്ചു. ‘മുറപ്പെണ്ണ്’ എന്ന ചലച്ചിത്രത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. തുടര്‍ന്ന് ദേശീയ, അന്തര്‍ദേശിയ പ്രശസ്തമായ നിരവധി സിനിമകള്‍.
കോളജ് പഠനശേഷം എംടി പാരലല്‍ കോളജ് അദ്ധ്യാപകനാ
യി. പാരല്‍കോളജിന്റെ ഉടമസ്ഥര്‍ പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളി’ എന്ന മാസികയില്‍ എംടിയുടെ ആദ്യനോവല്‍ ‘പാതിരാവും പകല്‍വെളിച്ചവും’ പരമ്പരയായി പ്രസിദ്ധീകരിച്ചു. എംടിയുടെ എഴുത്തിലെമ്പാടും ജനിച്ച ഗ്രാമം കൂടല്ലൂരും ആ ഭൂപ്രകൃതിയും അവിടുത്തെ ജീവിതങ്ങളുമാണ് ഉണ്ടായിരുന്നത്. നിളാനദിയും നരിവാളന്‍കുന്നും താന്നിക്കുന്നും അതിന്റെ ചെരുവിലെ കണ്ണാന്തളിപ്പൂക്കളുമെല്ലാം എല്ലാ രചനകള്‍ക്കും ഊര്‍ജമായി. അമേരിക്കയുടെ പശ്ചാത്തലത്തില്‍ ചെറുകഥയെഴുതിയപ്പോഴും നിളാനദിയിലെ ഒരു കൈക്കുമ്പിള്‍ വെള്ളം എംടി അതിലേക്കു ചേര്‍ത്തുവച്ചു. ലോകസാഹിത്യത്തില്‍ വളരെയേറെ അറിവുണ്ടായപ്പോഴും ലോകത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കുമ്പോഴും തന്റെ ഗ്രാമത്തിന്റെ നൈര്‍മല്യം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായി.
പൊന്നാനിതാലൂക്കിലെ കൂടല്ലൂരില്‍ 1933 ജൂലായ് 15നാണ് എംടിയുടെ ജനനം. മാടത്തു തെക്കേപ്പാട്ട് അമ്മാളുവമ്മയുടെയും പുന്നയൂര്‍ക്കുളത്ത് തെണ്ടിയത്തുവീട്ടില്‍ നാരായണന്‍ നായരുടെയും നാലാമത്തെ മകന്‍. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം. പിന്നീട് പാലക്കാട് എംബി ട്യൂട്ടോറിയലില്‍ അദ്ധ്യാപകനായി. ഗ്രാമസേകനായി ജോലികിട്ടിയെങ്കിലും അതില്‍ തുടരാനായില്ല. തുടര്‍ന്ന് മാതൃഭൂമിയില്‍ സബ്എഡിറ്ററായി. മാതൃഭൂമി വാരികയുടെ മുഖ്യപത്രാധിപരുമായി. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് എംടിയ്‌ക്കുള്ളത്. ദേശീയ സംസ്ഥാന ബഹുമതികളാല്‍ അദ്ദേഹം ഒന്നിലധികം തവണ ആദരിക്കപ്പെട്ടു.
എംടി രണ്ടുതവണ വിവാഹിതനായി. എഴുത്തുകാരിയായ പ്രമീളാ നായരാണ് ആദ്യഭാര്യ. ഇരുവര്‍ക്കും സിതാര എന്ന മകളുണ്ട്. ആ വിവാഹം വേര്‍പിരിഞ്ഞ ശേഷം കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു. ഇരുവരുടെയും മകളാണ് നര്‍ത്തകിയും സംവിധായികയുമായ അശ്വതി.
കൃതികള്‍: രക്തം പുരണ്ട മണല്‍തരികള്‍, വെയിലും നിലാവും, വേദനയുടെ പൂക്കള്‍, നിന്റെ ഓര്‍മ്മയ്‌ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേട്ടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, കളിവീട്, പതനം, വാരിക്കുഴി, തെരഞ്ഞെടുത്ത കഥകള്‍, ഡാര്‍ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷെര്‍ലക്.
നോവലുകള്‍: നാലുകെട്ട്, പാതിരാവും പകല്‍വെളിച്ചവും, അറബിപൊന്ന് (എന്‍.പി. മുഹമ്മദുമായി ചേര്‍ന്ന്), അസുരവിത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി.
ഉപന്യാസങ്ങള്‍: കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം, രമണീയം ഒരുകാലം.
ബാലസാഹിത്യം: മാണിക്കക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി, മാണിക്കക്കല്ലും കുട്ടിക്കഥകളും ചിത്രങ്ങളും
യാത്രാവിവരണം: മനുഷ്യര്‍ നിഴലുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, വന്‍കടലിലെ തുഴവള്ളക്കാര്‍, എംടിയുടെ യാത്രകള്‍.
നാടകം: ഗോപുരനടയില്‍
സിനിമകള്‍
മുറപ്പെണ്ണ് (1965), പകല്‍ക്കിനാവ് (1966), ഇരുട്ടിന്റെ ആത്മാവ് (1967), നഗരമേ നന്ദി (1967), അസുരവിത്ത് (1968), ഓളവും തീരവും (1970), കുട്ട്യേട്ടത്തി (1970), നിഴലാട്ടം (1970), മാപ്പുസാക്ഷി (1971), വിത്തുകള്‍ (1971), നിര്‍മാല്യം (1973), കന്യാകുമാരി (1974), പാതിരാവും പകല്‍വെളിച്ചവും (1974), ബന്ധനം (1978), ഏകാകിനി (1978), ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979), മണ്ണിന്റെ മാറില്‍ (1979), നീലത്താമര (1979), വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ (1980), ഓപ്പോള്‍ (1980), വളര്‍ത്തു മൃഗങ്ങള്‍ (1981), തൃഷ്ണ (1981), വാരിക്കുഴി (1982), അക്ഷരങ്ങള്‍ (1983), ആരൂഢം(1983), മഞ്ഞ് (1983), ആള്‍ക്കൂട്ടത്തില്‍ തനിയെ (1984), അടിയൊഴുക്കുകള്‍ (1984), ഉയരങ്ങളിള്‍ (1984), രംഗം (1985), അനുബന്ധം (1985), ഇടനിലങ്ങള്‍ (1985), വെള്ളം (1985), അഭയംതേടി (1986), കാടിന്റെ മക്കള്‍ (1986), കൊച്ചുതെമ്മാടി (1986), നഖക്ഷതങ്ങള്‍ (1986), പഞ്ചാഗ്നി (1986), അമൃതംഗമയ (1987), ഋതുഭേതം (1987), അതിര്‍ത്തികള്‍ (1988), ആരണ്യകം (1988), വൈശാലി (1988), ഒരുവടക്കന്‍ വീരഗാഥ (1989), ഉത്തരം (1989), മിഥ്യ (1990), താഴ്‌വാരം (1990), പെരുന്തച്ചന്‍ (1991), കടവ് (1991), വേനല്‍ക്കിനാവുകള്‍ (1991), സദയം (1993), പരിണയം (1994), സുകൃതം (1994), ദയ (1998), എന്ന് സ്വന്തം ജാനകിക്കുട്ടി (1998), ഒരു ചെറുപുഞ്ചിരി (2000), തീര്‍ത്ഥാടനം (2001), നീലത്താമര (2009), കേരളവര്‍മ്മ പഴശ്ശിരാജ (2009), ഏഴാമത്തെ വരവ് (2013)
സംവിധാനം ചെയ്ത ചിത്രങ്ങള്‍
ഒരു ചെറുപുഞ്ചിരി, തകഴി (ഡോക്കുമെന്ററി), കടവ്, മഞ്ഞ്, വാരിക്കുഴി, ബന്ധനം, മോഹിനിയാട്ടം (ഡോക്കുമെന്ററി), നിര്‍മാല്യം
പുരസ്‌കാരങ്ങള്‍, ആദരവുകള്‍
നിര്‍മാല്യം, കടവ്, ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം, കേരളവര്‍മ്മ പഴശ്ശിരാജ തുടങ്ങിയ ചലചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം. ഓളവും തീരവും, ബന്ധനം, ഓപ്പോള്‍, ആരൂഢം, വളര്‍ത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, അമൃതംഗമയ, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, ദയ, ഏകാകിനി, പെരുന്തച്ചന്‍, സുകൃതം, ഒരു ചെറുപുഞ്ചിരി, തീര്‍ത്ഥാടനം എന്നിവയ്‌ക്ക് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കടവ്’ സിങ്കപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നടന്ന ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‌കാരം നേടി. നല്ല ടെലിവിഷന്‍ പരമ്പരയ്‌ക്കുള്ള 1996ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നാലുകെട്ടിന് ലഭിച്ചു.
1995ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. മഹാഭാരതത്തിലെ ഭീമന്റെ ജീവിതത്തെ ആധാരമാക്കി രചിച്ച ‘രണ്ടാമൂഴം’ നോവലിന് വയലാര്‍ പുരസ്‌കാരവും മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡും ലഭിച്ചു. നാലുകെട്ട്, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീകൃതികള്‍ക്ക് കേരള സാഹിത്യഅക്കാദമി അവാര്‍ഡും കാലം നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും വാനപ്രസ്ഥത്തിന് ഓടക്കുഴല്‍ പുരസ്‌കാരവും ലഭിച്ചു. 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2011ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി. 2013ല്‍ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചു.
കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍, തുഞ്ചന്‍ സ്മാരകസമിതി അധ്യക്ഷന്‍, കേന്ദ്രസാഹിത്യ അക്കാദമി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍, നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സെന്‍സര്‍ബോര്‍ഡ് എന്നിവയിലും അംഗമായിരുന്നു. 1998ല്‍ ഇന്ത്യന്‍ പനോരമ ചെയര്‍മാനായിരുന്നു.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയും 1996ല്‍ ഓണററി ഡി ലിറ്റ് ബിരുദം നല്‍കി. 2008ല്‍ കൊല്‍ക്കത്ത നേതാജി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഡി ലിറ്റ് നല്‍കി ആദരിച്ചു.
ജീവിതരേഖ
പൊന്നാനി താലൂക്കില്‍ കൂടല്ലൂര്‍ മാടത്ത് തെക്കേപ്പാട്ട് വീട്ടില്‍ 1933 ജൂലൈ 15ന് ജനനം. അച്ഛന്‍. ടി.നാരായണന്‍ നായര്‍. അമ്മ അമ്മാളു അമ്മ. നാല് ആണ്‍മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു എം.ടി. മലമക്കാവ് എലമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് 1953 ല്‍ കെമിസ്ട്രിയില്‍ ബിരുദം. അദ്ധ്യാപകന്‍, പത്രാധിപര്‍, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ആദ്യ കഥ വിഷു ആഘോഷം 1948 ല്‍ പ്രസിദ്ധീകരിച്ചു. 1954 ല്‍ ലോകമലയാള കഥാമത്സരത്തില്‍ സമ്മാനം നേടി. 1957 ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്റായി. 1968 ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപരായി.
നിര്‍മാല്യം,കടവ്, ഒരുവടക്കന്‍ വീരഗാഥ, സദയം, പരിണാമം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും ഓളവും തീരവും, ബന്ധനം, ഓപ്പോള്‍, ആരൂഢം, വളര്‍ത്തുമൃഗങ്ങള്‍, അമൃതംഗമയ, തീര്‍ത്ഥാടനം, മൃഗയ, അനുബന്ധം, തൃഷ്ണ, പെരുന്തച്ചന്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, സുകൃതം, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.
സ്‌കൂള്‍ തലം മുതല്‍ക്കേ സാഹിത്യരചനയില്‍ താല്‍പര്യം പുലര്‍ത്തി. 1958 ല്‍ പ്രസിദ്ധീകരിച്ച നാലുകെട്ടാണ് ആദ്യം പുസ്തകരൂപത്തില്‍ പുറത്തുവന്നത്. നാലുകെട്ടുകളുടെ കഥാകാരന്‍ എന്നും എംടി അറിയപ്പെട്ടിരുന്നു. 1959 ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നാലുകെട്ടിനായിരുന്നു.
പരിചിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളായിരുന്നു രചനകളുടെ പശ്ചാത്തലം. 1984 ലാണ് ഏറെ പ്രസിദ്ധമായ രണ്ടാമൂഴം പ്രസിദ്ധീകരിക്കുന്നത്. സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു എംടിയുടെ സിനിമാ ജീവിതവും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിക്കൊണ്ടാണ് ചലച്ചിത്രലോകത്തേക്കുള്ള പ്രവേശം. നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2005 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1995 ല്‍ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്( കാലം), രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കൂടാതെ ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. സാഹിത്യത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: