നാല് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചതിനുശേഷമാണ് എംടിയുടെ കഥയ്‌ക്ക് ഹരിഹരന്‍ സംവിധാന ഭാഷ്യമൊരുക്കി പി.കെ.ആര്‍.പിള്ള നിര്‍മിച്ച അമൃതംഗമയയിലേക്ക് എനിക്ക് ക്ഷണം കിട്ടുന്നത്. എന്നെ മദ്രാസിലേക്ക് വിളിച്ചെങ്കിലും ഞാന്‍ പറഞ്ഞതു പ്രകാരം അവര്‍ ആദ്യം പരിഗണിച്ചത് എന്റെ കൂടെ നാടകത്തില്‍ അഭിനയിച്ച എം.എസ്. വാര്യരെയായിരുന്നു. എന്നാല്‍ പിന്നീട് അമൃതംഗമയയിലെ ഇളയതിന്റെ വേഷം ചെയ്യാന്‍ അപ്രതീക്ഷിതമായി എന്നെ വിളിച്ചു. 30- 32 വയസ്സുള്ളപ്പോഴാണ് 64 കാരന്റെ വേഷം ചെയ്യുന്നത്.
കോഴിക്കോടു വച്ചാണ് ആ ചിത്രത്തിലെ ഏറ്റവും വൈകാരികമായ രംഗം ചിത്രീകരിച്ചത്. ഇളയതിന്റെ മകന്‍ ഉണ്ണിയെ കോളജില്‍ വച്ച് റാഗിങ്ങിലൂടെ കൊന്ന ഹരിദാസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രം ഇളയതിനോട് തെറ്റ് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുന്ന രംഗം. പഴയകഥകള്‍ കേട്ട്, മകന്റെ കൊലയാളിയാണ് മുന്നില്‍ നില്‍ക്കുന്നതെന്നറിയുമ്പോള്‍ ഇളയതിന്റെ മുഖത്തുണ്ടാവുന്ന ഭാവഭേദങ്ങളാണ് ചിത്രീകരിച്ചത്. ക്ലോസപ്പ് ഷോട്ടുകള്‍ മനോഹരമാകണമെന്ന നിര്‍ബന്ധം ഹരിഹരനുണ്ടായിരുന്നു. അത്രയും വൈകാരികമാണ് ആ രംഗം. അത് ചിത്രീകരിക്കുമ്പോള്‍ എംടിയും അവിടെയുണ്ടായിരുന്നു. എംടി സെറ്റിലുണ്ടെങ്കില്‍ അദ്ദേഹത്തിന് തൃപ്തിയാവാതെ സംവിധായകന്‍ ഒകെ പറയില്ല.
ആ വൈകാരിക ഭാവപ്രകടനം നന്നായി എന്ന് തോന്നാന്‍ മറ്റൊരു കാരണമുണ്ട്. എന്റെ റിയാക്ഷന്‍സ് കഴിഞ്ഞുവേണം മോഹന്‍ലാലിന്റേത് എടുക്കാന്‍. ക്ലോസപ്പ് ഷോട്ട് എടുക്കുമ്പോള്‍ ഞാന്‍ വേണ്ട. ലാല്‍ ചോദിച്ചു, മുമ്പേ അഭിനയിച്ചതുപോലെ ക്യാമറയുടെ സൈഡില്‍ നിന്ന് ഒന്ന് കാണിക്കുമോ എന്ന്. അത് എനിക്ക് പ്രയോജനം ചെയ്യും എന്ന് ലാല്‍ പറഞ്ഞു. ആ ചോദ്യം വലിയൊരു അംഗീകാരമാണ്. ആ രംഗമാണ് സിനിമയില്‍ പിടിച്ചു നിര്‍ത്തിയത്.
അമൃതംഗമയ പ്രദര്‍ശനത്തിനെത്തിയ ശേഷം പോസിറ്റീവായ റിസള്‍ട്ടാണ് എല്ലായിടത്തും നിന്ന് കിട്ടിയത്. എന്താണ് പ്രതികരണം എന്നറിയാന്‍ എംടിയെ വിളിച്ചു. ”വളരെ നന്നായിട്ടുണ്ടല്ലോ, ബാബുവിനെക്കുറിച്ച് എല്ലാവരും നല്ലത് പറയുന്നല്ലോ. കീപ്പ് ഇറ്റ് അപ്” എന്ന് പറഞ്ഞു. അദ്ദേഹത്തിനും അഭിനയം ഇഷ്ടപ്പെട്ടു എന്ന് ആ സംസാരത്തില്‍ നിന്ന് മനസ്സിലായി.
പിന്നീട് എംടി കഥയെഴുതി അജയന്‍ സംവിധാനം ചെയ്ത പെരുന്തച്ചനിലും അഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക