കോഴിക്കോട്: ”സംസാരിക്കുമ്പോള്‍ പിശുക്കനാകുന്ന എംടിയെയല്ല എനിക്ക് പരിചയം; ഏറെപ്പറയുന്ന എംടിയെയാണ്.” 2025 ആഗസ്തില്‍ പുറത്തിറങ്ങാനിരിക്കുന്ന, എം.ടി. വാസുദേവന്‍നായരുടെ ജീവചരിത്രഗ്രന്ഥം തയാറാക്കിയ, ഡോ.കെ. ശ്രീകുമാര്‍ പറയുന്നു. ”രണ്ട് വര്‍ഷത്തോളമായി ദിവസവും വൈകുന്നേരങ്ങളില്‍ ഞാന്‍ ഫഌറ്റില്‍ എംടിയുടെ അടുത്തിരിക്കും. അദ്ദേഹം കടന്നുവന്ന വഴികള്‍, ജീവിതാനുഭവങ്ങള്‍, എഴുത്തിന്റെ വിശാലമായ ലോകം, കഥാകൃത്ത് മുതല്‍ പത്രാധിപര്‍ വരെ സഫലമായ ജീവിതവേഷങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു. ആയിരം പേജില്‍ എംടിയെ സമഗ്രമായി മലയാളിക്ക് മനസിലാക്കാന്‍ കഴിയുന്ന ഗ്രന്ഥമായിരിക്കും പുറത്തിറങ്ങുകയെന്ന് എനിക്കുറപ്പുണ്ട്. കാരണം ജീവചരിത്ര ഗ്രന്ഥമാണെങ്കിലും എംടി ആത്മകഥയെന്നോണം എന്നോട് പറഞ്ഞ വസ്തുതകളായിരിക്കും അതിലുള്ളത്.” മൂന്ന് പതിറ്റാണ്ടോളം എംടിയോടൊപ്പം അടുപ്പമുള്ള ശ്രീകുമാര്‍ പറഞ്ഞു.
1993 മുതല്‍ 97 വരെ മാതൃഭൂമി വാരികയില്‍ എംടിയെന്ന പത്രാധിപരുടെ കീഴില്‍ ശ്രീകുമാര്‍ സഹപത്രാധിപരായിരുന്നു. മാതൃഭൂമിയില്‍ നിന്ന് 2016 ഏപ്രില്‍ 22 ന് ന്യൂസ് എഡിറ്റര്‍ തസ്തികയില്‍ നിന്ന് രാജിവെയ്ക്കേണ്ടി വന്ന ശ്രീകുമാറിനെ എംടിയാണ് തുഞ്ചന്‍ പറമ്പിലേക്ക് കൂട്ടിയത്. കെ.പി. രാമനുണ്ണി ഒഴിഞ്ഞ സാഹചര്യത്തില്‍ തുഞ്ചന്‍ പറമ്പിനെ മുന്നോട്ട് നയിക്കാന്‍ കോ- ഓര്‍ഡിനേറ്ററായി ശ്രീകുമാര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ചത് എംടിയായിരുന്നു.
ഏറെ സുരക്ഷയും സ്നേഹവുമാണ് എനിക്ക് എംടി നല്‍കിയത്. മാതൃഭൂമിയില്‍നിന്ന് രാജിവെച്ചിറങ്ങുമ്പോള്‍ മറ്റ് നിരവധി പുസ്തകങ്ങളോടൊപ്പം ദയ എന്ന പെണ്‍കുട്ടിയെന്ന പുസ്തകവും നല്‍കിക്കൊണ്ട് ഇതും കൂടി എടുത്തോളൂ താന്‍ ഒരു ബാലസാഹിത്യ കാരനാണല്ലോ എന്ന എംടിയുടെ വാക്ക് എനിക്ക് ഏറ്റവും വലിയ പുരസ്കാരമായിരുന്നു.
പ്രൊഫ. എം.എം. ബഷീറുമായി ഒരുമിച്ചിരിക്കുമ്പോഴാണ് ഇത്തരം ഒരു ഗ്രന്ഥരചനയെക്കുറിച്ച് എംടി തന്നെ സൂചിപ്പിച്ചത്. ആദ്യമൊക്കെ വളരെ മെല്ലെയായിരുന്നു എംടിയുടെ പറച്ചിലും എന്റെ എഴുത്തും. എന്നാല്‍ പിന്നീട് അദ്ദേഹംതന്നെ സ്വയം തയ്യാറായി ഗ്രന്ഥരചന പൂര്‍ത്തിയാക്കാനുള്ള പ്രേരണ നല്‍കുകയായിരുന്നു. 91- ാം പിറന്നാള്‍ ദിനത്തിലാണ് ഇത്തരമൊരു പുസ്തകത്തെകുറിച്ച് പ്രഖ്യാപനമുണ്ടാകുന്നത്. 2025 ആഗസ്തിലെ പിറന്നാള്‍ ദിനത്തിലാണ് പുസ്തകം പുറത്തിറങ്ങുക. മാതൃഭൂമി സംഘടിപ്പിക്കുന്ന ക ഫെസ്റ്റിവലില്‍ ഇതിന്റെ പ്രീ പബ്ലിക്കേഷന്‍ പ്രഖ്യാപിക്കും. അവതാരിക ഇല്ലാതെയായിരിക്കും പുസ്തകം. എം.ടി. വാസുദേവന്‍ നായര്‍ എന്നാണ് പുസ്തകത്തിന്റെ പേര് ശ്രീകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: