കോഴിക്കോട്: മലയാളഭാഷയെയും സാഹിത്യത്തെയും ലോക സാഹിത്യവുമായി കണ്ണിചേര്‍ത്ത മഹാനായ എഴുത്തുകാരനായിരുന്നു എം. ടി. വാസുദേവന്‍ നായരെന്ന് തപസ്യ കലാ സാഹിത്യ വേദി.
ലോകത്ത് വളരെ കുറച്ചുപേര്‍ മാത്രം സംസാരിക്കുന്ന ഒരു ഭാഷയില്‍ അങ്ങേയറ്റം അഭിമാനിക്കുകയും, ഉദാത്തമായ സാഹിത്യ സൃഷ്ടികള്‍ നടത്തുകയും ചെയ്തയാളായിരുന്നു എംടി. സര്‍ഗാത്മക സാഹിത്യത്തില്‍ വന്‍മരമായി വളരുകയും കഥ, നോവല്‍, സിനിമ തുടങ്ങിയ ശാഖകളില്‍ ഉദാത്തമായ സൃഷ്ടികള്‍ രചിക്കുകയും ചെയ്ത വലിയ എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
ഭാരതീയ സാഹിത്യത്തെ ഉള്‍ക്കൊള്ളുകയും ലോകസാഹിത്യത്തെ അറിയുകയും ചെയ്ത് മലയാള സാഹിത്യത്തെ വളര്‍ത്തിയെടുക്കുകയും അതില്‍ അഭിമാനിക്കുകയും, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. സാഹിത്യ പത്രാധിപര്‍ എന്ന നിലയ്‌ക്ക് ആധുനികവും സമകാലികവുമായ ഭാരതീയ സാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് എംടി വഹിച്ചത്. കൃതഹസ്തനായ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പതിറ്റാണ്ടുകളായി എം ടി ഇരുപ്പുറപ്പിച്ച കലയുടെ സിംഹാസനം ഇനി ഒഴിഞ്ഞു കിടക്കും.
തപസ്യ കലാസാഹിത്യ വേദിയുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് എംടിക്ക് ഉണ്ടായിരുന്നത്. തപസ്യ സംസ്ഥാന അധ്യക്ഷനായിരുന്ന മഹാകവി അക്കിത്തവുമായുള്ള ആത്മബന്ധം ഇതിനൊരു കാരണമാണ്. പാലക്കാട് നടന്ന തപസ്യയുടെ സംസ്ഥാന വാര്‍ഷികോത്സവത്തില്‍ എംടി പങ്കെടുക്കുകയുണ്ടായി. അക്കിത്തത്തിന്റെ പേരിലുള്ള തപസ്യയുടെ പ്രഥമ പുരസ്‌കാരം എംടിക്കാണ് നല്‍കിയത്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം എഴുത്തുകാരോട് ചെയ്ത മഹാപാതകങ്ങള്‍ ഓര്‍മിപ്പിച്ച് കേരളത്തില്‍ ആ സ്ഥിതി വരാതെ നോക്കണമെന്നാണ്എംടി അവസാനമായി പൊതു പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്.
ജ്ഞാനപീഠം ഉള്‍പ്പെടെയുള്ള കേരളീയവും ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങള്‍ കൊണ്ടുവന്ന് മലയാളത്തിന്റെ മഹത്വം വാനോളം ഉയര്‍ത്തിയ എഴുത്തുകാരനായിരുന്നു എം ടി. എന്ന് തപസ്യ സംസ്ഥാന അധ്യക്ഷ ഡോ. സുവര്‍ണ്ണ നാലാപ്പാട്ട്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ പി.ജി. ഹരിദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: